കാലി-കാര്‍ഷിക മേഖലയില്‍ അബൂദബിയുടെ കുതിപ്പ്
text_fieldsഅബൂദബി: 2020ല്‍ അബൂദബി എമിറേറ്റ്‌സ് കന്നുകാലി, കാര്‍ഷിക ഉൽപാദന മേഖലയില്‍ 13.7 ബില്യന്‍ ദിര്‍ഹമിന്‍റെ വളര്‍ച്ച നേടിയതായി അധികൃതര്‍. 2019നെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ചയാണ് 2020ല്‍ കരസ്ഥമാക്കിയത്. അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റിയാണ് (എ.ഡി.എ.എഫ്.എസ്.എ) ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2020ലെ മികച്ച വളര്‍ച്ചയിലൂടെ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് കാര്‍ഷികമേഖലയില്‍നിന്ന് ലഭിച്ച സംഭാവന 1.1 ശതമാനം ആയിരുന്നു. അതിനു മുമ്പുള്ള വര്‍ഷം ഇത് 0.8 ശതമാനമായിരുന്നു.
അബൂദബി സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ററുമായി സഹകരിച്ച് എ.ഡി.എ.എഫ്.എസ്.എ. നടത്തിയ വിവര ശേഖരണത്തില്‍ 2020ലെ ആകെ കാര്‍ഷിക ഉല്‍പാദനം 7,07,774 ടണ്‍ ആണെന്നു കണ്ടെത്തി. ഇതില്‍ 59.6 ശതമാനവും (4,21,524 ടണ്‍) വിള ഉല്‍പാദനമായിരുന്നു. 2017നെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനയാണ് 2020ല്‍ വിള ഉല്‍പാദനത്തിലുണ്ടായത്. കന്നുകാലി ഉല്‍പാദനത്തില്‍ 27 ശതമാനം വര്‍ധനയാണുണ്ടായത്. 2,86,250 ടണ്‍ ആയിരുന്നു കന്നുകാലി ഉല്‍പാദനം.
എമിറേറ്റിലെ കമേഴ്‌സ്യല്‍ ഫാമുകള്‍ 1,68,273 ടണ്‍ പശുവിന്‍ പാലും 50,718 ടണ്‍ പൗള്‍ട്രി മാംസവും 42,916 ടണ്‍ മുട്ടയും 25,662 ടണ്‍ ചുവന്ന മാംസവും ഇക്കാലയളവില്‍ ഉല്‍പാദിപ്പിച്ചു. കാര്‍ഷിക ഉല്‍പാദനത്തില്‍ 2,58,335 ടണ്‍ (61 ശതമാനം) ഈത്തപ്പഴമാണ്. പച്ചക്കറിയും പഴവര്‍ഗങ്ങളും 1,63,189 ടണ്‍ ആണ് ഉല്‍പാദിപ്പിച്ചത്. പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ച് വിപണിയിലെ മത്സരം മെച്ചപ്പെടുത്തുകയാണ് എ.ഡി.എ.എഫ്.എസ്.എയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.