ലിവ ഈത്തപ്പഴ ഫെസ്റ്റിവലിന് അൽ ദഫ്റയിൽ തുടക്കം
text_fieldsഅബൂദബി: മൂന്നാമത് ലിവ ഈത്തപ്പഴ ഫെസ്റ്റിവല്‍, ലേല പതിപ്പിന് അല്‍ ധഫ്റയിലെ സായിദ് സിറ്റിയില്‍ തുടക്കമായി. അല്‍ ധഫ്റ റീജനിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല് നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബൂദബി പൈതൃക അതോറിറ്റിയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 11ന് ആരംഭിച്ച മേള ഒക്ടോബര്‍ 20ന് സമാപിക്കും.
ഈ വര്‍ഷത്തെ മേളയിലെ അതിഥി രാജ്യം ഇറാഖാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം കാര്‍ഷിക വൈദഗ്ധ്യം കൈമാറ്റം ചെയ്യുകയെന്നതും മേളയുടെ ലക്ഷ്യമാണ്. ഈത്തപ്പഴ ഉൽപാദനത്തെ പിന്തുണക്കുക, മികച്ച ഇനങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യസുരക്ഷാ തന്ത്രങ്ങള്‍ സംഭാവന ചെയ്യുക, ഉൽപന്നങ്ങളുടെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന് ഈത്തപ്പന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നിവയും മേളയുടെ ലക്ഷ്യങ്ങളാണ്. ഈത്തപ്പന കൃഷി രംഗത്തെ ഗവേഷണത്തിനും വിവര കൈമാറ്റത്തിനുമുള്ള വേദിയായും മേളയെ മാറ്റുന്നുണ്ട്.
20 മത്സരങ്ങളിലായി ജേതാക്കളാവുന്നവര്‍ക്ക് 167 സമ്മാനങ്ങള്‍ മേളയില്‍ വിതരണംചെയ്യും. ഒമ്പത് ഈത്തപ്പഴ മത്സരങ്ങള്‍, രണ്ട് പാചകമത്സരങ്ങള്‍, അഞ്ച് തേന്‍ മത്സരങ്ങള്‍, രണ്ട് വീതം ഫോട്ടോഗ്രഫി, ചിത്രകലാ മത്സരങ്ങളും ഇതിലുള്‍പ്പെടുന്നു. മേളയുടെ ഭാഗമായി കാര്‍ഷിക ഉപകരണങ്ങളുടെ വിൽപന, തേന്‍ ഗ്രാമവും കരകൗശല ശാലയും ചിത്രകലാ പ്രദര്‍ശനവും, ചിത്രകലാ ശിൽപശാലയുമൊക്കെ ഒരുക്കിയിട്ടുണ്ട്.
അബൂദബി ഫോക് ലോര്‍ ഗ്രൂപ്പിന്റെ പ്രകടനങ്ങളും സന്ദര്‍ശകര്‍ക്ക് വിരുന്നൊരുക്കും. ഈത്തപ്പഴ ലേലമാണ് മേളയിലെ പ്രധാന പരിപാടി. ഉയര്‍ന്ന ഗുണമേന്മയുള്ള ഈത്തപ്പഴങ്ങള്‍ ലേലം ചെയ്തു വാങ്ങാന്‍ മേള സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.