റാക് വിപണിയില്‍ നാടന്‍ നറുമണം
text_fieldsറാസല്‍ഖൈമയിലെ കൃഷിനിലങ്ങളില്‍ വിളവെടുപ്പ് ആരംഭിച്ചതോടെ പച്ചക്കറി വിപണികളില്‍ നാടന്‍ ഉല്പന്നങ്ങള് എത്തിത്തുടങ്ങി. യു.എ.ഇയില്‍ ഫുജൈറ, റാസല്‍ഖൈമ, അല്‍ ഐന്‍, മസാഫി, ദിബ്ബ തുടങ്ങിയിടങ്ങളിലാണ് കാര്‍ഷിക വിളകള്‍ കൂടുതലായി ഉല്പാദിപ്പിക്കപ്പെടുന്നത്. കൂസ, ചോളം, വഴുതനങ്ങ, കീഴാര്‍, വിവിധ ഇലകള്‍, മള്‍ബറി, തക്കാളി, സവാള, ഉരുളക്കിഴങ്ങ്, പീച്ചിങ്ങ, വെണ്ടക്ക, ചുരങ്ങ തുടങ്ങിയ കാര്‍ഷിക വിളകളും പക്ഷി-മൃഗങ്ങള്‍ക്കുള്ള ജത്ത്, ഹശീശ്, ദുര, സീബല്‍, അലഫ്, ശേദി എന്നീ പുല്ലുകളുമാണ് റാസല്‍ഖൈമയിലെ പ്രധാന ഇനങ്ങള്‍.
സെപ്റ്റംബറില്‍ വിത്തിറക്കിയതിന്റെ ആദ്യ ഘട്ട വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഫെബ്രുവരി വരെ വിളവെടുപ്പ് തുടരും. തക്കാളി, കൂസ തുടങ്ങിയവയുടെ രണ്ടാംഘട്ട വിളവെടുപ്പ് ജൂണ്‍ വരെ നീളും. റാസല്‍ഖൈമ പാലത്തിന് താഴെ സ്ഥിതി ചെയ്യുന്ന പച്ചക്കറി ചന്തയിലാണ് നാടന്‍ കാര്‍ഷികവിളകളില്‍ നല്ല പങ്കും വില്‍പ്പനക്കെത്തുന്നത്. അല്‍ നഖീല്‍, അല്‍ മ്യാരീദ്, കറാന് തുടങ്ങിയവ കേന്ദ്രീകരിച്ചും റാസല്‍ഖൈമയില്‍ പച്ചക്കറി ചന്തകളുണ്ട്. തദ്ദേശീയ കര്‍ഷകരുടെ പ്രോല്‍സാഹനാര്‍ഥം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ് ഓള്‍ഡ് റാക് പാലത്തിന് താഴെയുള്ള പച്ചക്കറി ചന്ത. ഒമാന്‍ കാര്‍ഷിക വിളകളും ഇവിടെ വില്‍പ്പനക്കുണ്ട്. ഇവിടെ എത്തുന്ന ഉപഭോക്താക്കളിലേറെയും തദ്ദേശീയരും കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ളവരുമാണ്.
രാസവളങ്ങള്‍ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി രീതിക്ക് പുറമെ തദ്ദേശീയരും മലയാളികളുള്‍പ്പെടെയുള്ള വിദേശികളും ജൈവ വളങ്ങള്‍ ഉപയോഗിച്ച് താമസ സ്ഥലങ്ങളില്‍ ചെറിയ തോതിലുള്ള കൃഷി നടത്തുന്നുണ്ട്. കുഴല്‍ കിണറുകളിലെ ജലത്തെയാണ് തോട്ടങ്ങള്‍ ആശ്രയിക്കുന്നത്. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സൂല്‍ത്താന്‍ ആല് നഹ്യാന്, റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന് ശൈഖ് സഖര്‍ ബിന്‍ സഖര്‍ ആല് ഖാസിമി തുടങ്ങിയവര്‍ക്ക് കൃഷിയിലുണ്ടായ അതീവ താല്പര്യം യു.എ.ഇയുടെ കാര്‍ഷിക ഭൂപടത്തെ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.