ആ കുഞ്ഞിളം പൈതങ്ങൾ നിങ്ങളോട് പൊറുക്കുമോ?
text_fieldsദുബൈ: റമദാൻ മാസമാണ്, അപരാധികൾക്ക് പോലും നന്മയുണ്ടാവണമെന്ന് ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യേണ്ട കാലം. പക്ഷേ പറഞ്ഞുപോകുന്നു. നിങ്ങളുടെയോ എെൻറയോ പേരിലല്ല, ഇൗ ഭൂമിയുടെ കൗതുകങ്ങൾ കാണാൻ അമ്മവയറിനുള്ളിൽ ഒരുക്കങ്ങൾ തുടങ്ങി കാത്തിരിക്കുന്ന ഒരുപറ്റം ജീവെൻറ തുടിപ്പുകളുെട പേരിൽ. അവസരമുണ്ടായിട്ടും അവർക്ക് നിഷേധിക്കപ്പെട്ട അമ്മനാട്ടിലെ സുഗന്ധ വായുവിെൻറ പേരിൽ. ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിെൻറ ആദ്യ യാത്രയിൽ തന്നെ അവരിൽ പലരും ഇന്ത്യയിൽ എത്തുമായിരുന്നു. നമ്മൾ ഹൃദയം കൊണ്ട് ചിന്തിച്ചിരുന്നുവെങ്കിൽ. ലോക്ഡൗൺ തീരാൻ കാത്തുനിൽക്കാതെ പ്രത്യേക വിമാനങ്ങൾ നാട്ടിലേക്ക് പറത്തണമെന്ന് നമ്മൾ അലമുറയിട്ടു പറഞ്ഞത് ആ കുരുന്നുകൾക്കും ആധി തിന്നുന്ന അവരുടെ അമ്മമാർക്കും വേണ്ടിയായിരുന്നു. എന്നിട്ടും വിമാനം യാഥാർഥ്യമായപ്പോൾ അവരിൽ പലരേയും ഇവിടെ നിർത്തി അനർഹരായ പലരും കയറിപ്പോയി. ഗർഭിണികളെ ആരെയും കൊണ്ടുപോയില്ല എന്നല്ല, കൊണ്ടുപോയി. ഇരു വിമാനങ്ങളിലുമായി ഇതിനകം അമ്പതിനടുത്ത് പേർ നാട്ടിലെത്തി. പക്ഷേ ഇനിയുമേറെ പേർക്ക് നാട്ടിലെത്താമായിരുന്നു.
ഗർഭം 34 ആഴ്ച പൂർത്തിയായ യുവതികൾക്ക് പോലും യാത്രക്കുള്ള അവകാശം നിഷേധിക്കപ്പെട്ടിടത്താണ് ഹൃദയപൂർവമല്ല ഇൗ നടപടിക്രമങ്ങൾ കൈകാര്യം ചെയ്തത് എന്ന് പറയേണ്ടി വരുന്നത്. ഒരാളുടെ മാത്രം അനുഭവം പറയാം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത യുവതി പ്രസവം നാട്ടിലാക്കണമെന്ന് ആദ്യമേ കരുതിയിരുന്നതാണ്. പക്ഷേ അവിചാരിതമായി ലോക്ഡൗൺ വന്നു. മേയ് മാസം 11 കഴിഞ്ഞാൽ യാത്ര പാടില്ല എന്ന് ഡോക്ടർ നിർദേശവും നൽകി. വീട്ടിൽ ഭർത്താവല്ലാതെ ആരുമില്ല, നാട്ടിൽ നിന്ന് ആരെയും കൊണ്ടുവരാനും കഴിയാത്ത അവസ്ഥ. അമ്മമാരുടെയും കുരുന്നുകളുടെയും പ്രാർഥന കേട്ടിട്ടാവണം ആ ദിവസത്തിന് തൊട്ടുമുമ്പായി വിമാനങ്ങൾ പറന്നുതുടങ്ങി. നാട്ടിലേക്ക് പോകാൻ രജിസ്റ്റർ ചെയ്ത് കാത്തിരുന്നെങ്കിലും വിളി എത്തിയില്ല. ഒടുവിൽ ഭർത്താവിന് നയതന്ത്ര കാര്യാലയത്തിൽനിന്ന് വിളിവന്നു. നിങ്ങൾ നാട്ടിലേക്ക് പോകാൻ തയാറാണോ? അതേ, പക്ഷേ എെൻറ ഭാര്യക്കാണ് യാത്ര അത്യാവശ്യമായി വേണ്ടത്.
ഭാര്യയല്ല, നിങ്ങൾ പോകാൻ തയാറാണോ? പോകേണ്ടത് ഭാര്യക്കാണ്. അപ്പോൾ നിങ്ങൾക്ക് പോകേണ്ടതില്ല അല്ലേ... ഫോൺ കട്ട് ആവുന്നു. രേഖകൾ എല്ലാം സമർപ്പിച്ച് നാട്ടിലേക്ക് പറക്കാൻ വിളി വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു നിറഗർഭിണിയുടെ അവസ്ഥയാണിത്. ഇൗ അവസ്ഥയിൽ ആ സ്ത്രീകളെയും അവരുടെ ഉള്ളിൽ വളരുന്ന കുരുന്നു ജീവനെയും മനഃസംഘർഷമുണ്ടാക്കി ശ്വാസം മുട്ടിച്ച് എന്ത് നേട്ടമാണ് നമ്മളുണ്ടാക്കാൻ പോകുന്നത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.