വൻ പുസ്തക ശേഖരവുമായി ‘ലോഗോസ് ഹോപ്പ്’ കപ്പല്‍ റാസല്‍ഖൈമയില്‍
text_fieldsറാസല്‍ഖൈമ: ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് പുസ്തകമേള റാസല്‍ഖൈമയില്‍ തുടങ്ങി. അല്‍ നഖീല്‍ പവര്‍ ഹൗസിന് സമീപം ഖോര്‍ തുറമുഖത്താണ് ആഗോള പുസ്തക ശേഖരവുമായി കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. 5000ത്തിലേറെ പുസ്തകങ്ങളാണ് ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തകശാലയില്‍ ഒരുക്കിയിട്ടുള്ളത്. ഇംഗ്ലീഷ്, അറബിക് ഭാഷകളില്‍ ലോകോത്തര എഴുത്തുകാരുടെ നോവലുകള്‍, ചരിത്രം, സംസ്കാരം, മതം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി ബൃഹദ് വിജ്ഞാന ശേഖരം ഉള്‍ക്കൊള്ളിച്ചാണ് പുസ്തക പ്രദര്‍ശനം. ഇത് രണ്ടാം തവണയാണ് പുസ്തകങ്ങളുടെ മഹാസമുദ്ര പ്രദര്‍ശനത്തിന് റാസല്‍ഖൈമ വേദിയാകുന്നത്.
2011ല്‍ ദുബൈയിലും 2013ല്‍ റാസല്‍ഖൈമയിലും അബുദാബിയിലും ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തക പ്രദര്‍ശനം നടന്നിരുന്നു. ഇക്കുറി ഇറാഖിലെ ബസ്റയില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. ആവേശം നല്‍കുന്ന പ്രതികരണമാണ് റാസല്‍ഖൈമയില്‍ നിന്ന് ലഭിക്കുന്നതെന്ന് ലോഗോസ് ഹോപ്പ് പ്രോജക്ട് മാനേജര്‍ കോണ്‍സ്റ്റന്‍സ ഫിഗുറോവ പറഞ്ഞു. ആദ്യ ദിനത്തില്‍ 500ല്‍പ്പരം പുസ്തക പ്രേമികള്‍ ഇവിടെയെത്തി. രണ്ട് ദിര്‍ഹം മുതലുള്ള പുസ്തകങ്ങള്‍ കപ്പലില്‍ ലഭ്യമാണ്.
ഞായറാഴ്ച്ച വരെ റാസല്‍ഖൈമയില്‍ പുസ്തക പ്രദര്‍ശനം തുടരും. വൈകുന്നേരം നാല് മുതല്‍ 11 വരെ സന്ദര്‍ശകരെ സ്വീകരിക്കും. രാത്രി 12 വരെ പ്രദര്‍ശനം തുടരും. ഏപ്രില്‍ 18 മുതല്‍ 23 വരെ ദുബൈ പോര്‍ട്ട് റാഷിദിലും മെയ് 17 മുതല്‍ ജൂണ്‍ അഞ്ച് വരെ അബുദാബി പോര്‍ട്ട് സായിദിലും ലോഗോസ് ഹോപ്പ് കപ്പല്‍ പുസ്തക പ്രദര്‍ശനം നടക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. കുട്ടികള്‍ക്കായുള്ള വിനോദ പരിപാടികളും സാംസ്ക്കാരിക പരിപാടികളും കപ്പലില്‍ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.