ലോക്സഭ ഫലം: ആശ്വാസത്തിൽ യു.ഡി.എഫ് പ്രവർത്തകർ
text_fieldsദുബൈ: എക്സിറ്റ് പോളുകളെയെല്ലാം മറികടന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിനെതിരെ ഇൻഡ്യ സഖ്യം മികച്ച പോരാട്ടം കാഴ്ചവെച്ചുവെന്ന ആശ്വാസത്തിലും സന്തോഷത്തിലുമാണ് പ്രവാസ ലോകത്തെ യു.ഡി.എഫ് കമ്മിറ്റികൾ.
കേന്ദ്രത്തിൽ സർക്കാർ ഉണ്ടാക്കാൻ പര്യാപ്തമായ വിജയം നേടാനായില്ലെങ്കിലും ആശ്വാസകരമായ ജനവിധി നേടാൻ ഇൻഡ്യ സഖ്യത്തിന് കഴിഞ്ഞുവെന്നാണ് പ്രവാസികളുടെയും പൊതുവേയുള്ള വിലയിരുത്തൽ.
നിർണായകമായ തെരഞ്ഞെടുപ്പ് എന്ന നിലയിൽ തങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാർഥിക്ക് വിജയം ഉറപ്പിക്കാനായി ഇത്തവണ കൂടുതൽ പ്രവാസികൾ വോട്ടു ചെയ്യാനായി നാട്ടിലേക്ക് പോയിരുന്നു.
കക്ഷിഭേദമന്യേ സമിതികൾ വിമാന ടിക്കറ്റുകൾ അടക്കം സൗജന്യമായി അനുവദിച്ചാണ് വോട്ടെടുപ്പിനായി പ്രവർത്തകരെ നാട്ടിലേക്കയച്ചത്. ഒരു മാസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഫലപ്രഖ്യാപനം കേൾക്കാനായി പലരും രാവിലെ മുതൽ ടെലിവിഷന് മുന്നിലായിരുന്നു. ലേബർ ക്യാമ്പുകളിൽ കൂട്ടമായും ഒറ്റക്കായും വിധികേൾക്കാനായി ആകാംക്ഷാഭരിതരായിരുന്നു പ്രവാസികൾ.
ഇൻകാസ്
വർഗീയതയും സ്വജനപക്ഷപാതവും പറഞ്ഞ് അധികകാലം ഇന്ത്യൻ ജനതയെ കബളിപ്പിക്കാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ലോക്സഭ തെരഞ്ഞെടുപ്പ് വിധിയെന്ന് ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി എസ്. മുഹമ്മദ് ജാബിർ. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഇന്ത്യയിലെ ജനങ്ങളെ ഇൻകാസ് അഭിവാദ്യം ചെയ്യുകയാണ്. ഒരൽപം ജനാധിപത്യ ബോധം ബാക്കിയുണ്ടെങ്കിൽ നരേന്ദ്ര മോദി സർക്കാർ രൂപവത്കരണത്തിൽനിന്ന് പിന്മാറി ജനാധിപത്യ സഖ്യത്തിനും ഇൻഡ്യ മുന്നണിക്കും സർക്കാറുണ്ടാക്കാനുള്ള അവസരങ്ങൾ കൊടുക്കണം.
കെ.എം.സി.സി
കോൺഗ്രസ് മുക്ത ഭാരതമെന്ന് പറയുകയും ഏകകക്ഷി ഭരണത്തിന്റെ അഹന്ത ബാധിക്കുകയും ചെയ്ത ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും എതിരായ വിധിയെഴുത്താണ് ഈ തെരഞ്ഞെടുപ്പെന്ന് കെ.എം.സി.സി യു.എ.ഇ പ്രസിഡന്റ് പുത്തൂർ റഹ്മാൻ. എൻ.ഡി.എ ഭരണത്തിൽ തിരിച്ചുവന്നാലും ഇൻഡ്യ മുന്നണി ഭരണം നേടിയാലും നമ്മുടെ ജനാധിപത്യം വിജയം വരിച്ചുവെന്നതാണ് ഏറ്റവും വലിയ സന്തോഷം.
ആ ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമം വിജയിച്ചുതുടങ്ങി എന്നതാണ് ഈ ഫലം തരുന്ന വലിയ ആഹ്ലാദം. തെരഞ്ഞെടുപ്പ് ഫലം പ്രവാസികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും സമ്മാനിക്കുന്നതായി ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഇൻചാർജ് ഇബ്രാഹിം മുറിച്ചാണ്ടിയും ആക്ടിങ് ജനറൽ സെക്രട്ടറി കെ.പി.എ. സലാമും അഭിപ്രായപ്പെട്ടു.
പ്രവാസി ഇന്ത്യ
മതനിരപേക്ഷ കക്ഷികൾക്ക് ആശ്വാസം പകരുന്നതും ഇന്ത്യൻ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലമാണ് പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പിന്റേതെന്ന് പ്രവാസി ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
400 സീറ്റ് നേടി വിജയിക്കുമെന്നും ഭരണഘടന ഭേദഗതി ചെയ്യുമെന്നുമുള്ള അവകാശവാദവുമായി തെരഞ്ഞെടുപ്പിൽ മത്സരിച്ച സംഘ്പരിവാറിനും എൻ.ഡി.എക്കും രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻ വിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്പരിവാറിനെ കൈകാര്യം ചെയ്തിരിക്കുകയാണ്. സംഘ്പരിവാറിന്റെ വംശീയ രാഷ്ട്രീയത്തിനെതിരായി വിധിയെഴുതിയ മുഴുവൻ വോട്ടർമാരെയും പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ജനാധിപത്യ മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയ ഇൻഡ്യ മുന്നണിയിലെ കക്ഷികളെയും നേതാക്കളെയും പ്രവാസി ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.