ലോക കേരള സഭ: സമ്പന്നമായ ചർച്ചകൾ; വേണ്ടത് തുടർനടപടി
text_fieldsലോകത്തിന്‍റെ സമസ്ത മേഖലകളിലും സാന്നിധ്യംകൊണ്ട് അടയാളപ്പെടുത്തുന്ന മലയാളികളെ സൂര്യനസ്തമിക്കാത്ത സമൂഹം എന്നാണ് വിശേഷിപ്പിക്കുന്നത്. ഏകദേശം 35 ലക്ഷത്തോളം മലയാളികള്‍ പ്രവാസികളായി ലോകത്ത് വിന്യസിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. ഇത് കേരള ജനസംഖ്യയുടെ 10 ശതമാനത്തിനടുത്ത് വരും. കേരള ജി.ഡി.പിയുടെ 35 ശതമാനം പ്രവാസികളുടെ പണമാണ് എന്നാണ് അധികൃതര്‍തന്നെ വെളിപ്പെടുത്തുന്നത്.
ചർച്ചക്ക് വേദിയൊരുക്കിയ സംസ്ഥാനം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ, പ്രവാസികളുടെ വിഷയം ചര്‍ച്ചചെയ്യാനായി വേദിയൊരുക്കുന്ന ഏക സംസ്ഥാനവുമാണ് കേരളം. സംസ്ഥാനത്തിന് പുറത്ത് ലോകത്തിന്‍റെ നാനാ ഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, വ്യവസായിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിര്‍ദേശങ്ങളും സംഭാവനകളും നല്‍കുന്നതിനും അവരുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി രൂപവത്കരിക്കപ്പെട്ട പൊതുവേദി എന്ന നിലക്കാണ് ലോക കേരള സഭ നിലവില്‍ വന്നത്.
പ്രതീക്ഷകളോടെ നിലവില്‍വന്ന സഭ
351 അംഗങ്ങള്‍ അടങ്ങുന്നതാണ് ലോക കേരള സഭ. പ്രവാസലോകത്തെത്തുന്ന മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്ക് നിവേദനത്തിലൂടെ പ്രവാസികളുടെ വിഷയങ്ങള്‍ ബോധിപ്പിക്കുക എന്നതായിരുന്നു മുന്‍കാല അനുഭവങ്ങള്‍. ഇങ്ങനെ ലഭിക്കുന്ന പ്രവാസികളുടെ ആവലാതികള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ തിരിച്ചു വിമാനം കയറുന്നതിനു മുമ്പുതന്നെ ചവറ്റുകൊട്ടയിലേക്ക് നിക്ഷേപിക്കപ്പെടുന്നു എന്നതാണ് മുന്‍കാല അനുഭവസാക്ഷ്യം. പ്രവാസികളുടെ ഇടയില്‍നിന്നുതന്നെ സാമാജികര്‍ ഉണ്ടായിട്ടും പ്രവാസികാര്യമന്ത്രിയുണ്ടായിട്ടുംപോലും അടിസ്ഥാനപരമായ പ്രവാസി വിഷയങ്ങള്‍ക്ക് പരിഹാരമേതുമുണ്ടായില്ല. ഇത്തരം സാഹചര്യത്തില്‍ പുതിയ പ്രതീക്ഷകളോടെ നിലവില്‍വന്ന ലോക കേരള സഭയെ പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റത്.
വിമർശിക്കപ്പെടേണ്ടതോ
കേരളത്തിന് വിദേശ നാണ്യം നേടിക്കൊടുക്കുന്ന രാജ്യത്തിന്‍റെ നട്ടെല്ലായ പ്രവാസികള്‍ നേരിടുന്ന സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ നിരവധി അടിസ്ഥാന പ്രശ്നങ്ങളുണ്ട്. പ്രവാസികള്‍ക്ക് വോട്ടില്ല എന്ന വലിയ കാരണംകൊണ്ട് എവിടെയും പ്രതിഫലിക്കാതെപോയ വിഷയങ്ങളാണ് ഇവ. രണ്ടു ലോക കേരള സഭകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നുവെങ്കിലും പ്രവാസികള്‍ക്ക് കാര്യമായ മാറ്റവും പ്രതിഫലിച്ചില്ലെന്നു മാത്രമല്ല എടുത്തുപറയത്തക്ക നടപടി ഒന്നും നടപ്പാക്കിയില്ല എന്ന പരാതി നിലനില്‍ക്കുന്നു.
എന്നാല്‍, ഇക്കാലയളവില്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ ഇതിന്‍റെ തുടര്‍നടപടികളാണ് എന്നാണ് സര്‍ക്കാര്‍ വാദം. സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലുള്ള പ്രവാസികള്‍ക്കുവേണ്ടി ഒരുക്കുന്നതാണ് ലോക കേരള സഭയെന്നും സംസ്ഥാന ഖജനാവില്‍നിന്നു വലിയൊരു തുക വിലയിരുത്തുന്നുവെന്നുമുള്ള ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
യഥാർഥത്തിൽ, വിവിധ സെഷനുകളിലായി പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഗൗരവപരമായി സഭയിൽ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ഇത്തരം ചര്‍ച്ചകള്‍ക്കപ്പുറം നടപടി ഉണ്ടാകുന്നില്ല എന്നതാണ് ആക്ഷേപങ്ങള്‍ക്ക് പ്രധാന ഹേതു. കഴിഞ്ഞ സഭയിലെ 75 അംഗങ്ങളെ മാറ്റി പുതിയവരെ തിരഞ്ഞെടുത്താണ് കോവിഡ് മഹാമാരിയുടെ ഇടവേളക്കു ശേഷം ഈ വർഷം നടന്ന മൂന്നാം ലോക കേരള സഭ ചേര്‍ന്നത്. ശാരീരിക വിഷമതകള്‍ കാരണം അവസാന ദിനത്തില്‍ മാത്രമാണ് മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തതെങ്കിലും അദ്ദേഹം പ്രത്യേക താല്‍പര്യത്തോടെ സമ്മേളനം വീക്ഷിച്ചിരുന്നു.
അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ വിവേചനമോ
പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചിരുന്നെങ്കിലും പ്രതിപക്ഷത്തിന്‍റെ പ്രവാസി സംഘടനകള്‍ സജീവമായി പങ്കെടുത്തിരുന്നു. സഭയിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ വിവേചനം കാര്യമായി വിമര്‍ശിക്കപ്പെടുന്നുണ്ട്. കേരളത്തിലെ പ്രളയ സാഹചര്യത്തിലും കോവിഡ് കാലഘട്ടത്തിലടക്കം കൈമെയ് മറന്ന് സഹായിച്ചതും പ്രവാസ ലോകത്ത് കാര്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതുമായ പല സംഘടനകളെയും ഈ സഭക്ക് പരിഗണിച്ചിട്ടില്ല. പല പ്രമുഖ കൂട്ടായ്മകള്‍ക്കും അവസാന നിമിഷമാണ് അംഗത്വം ലഭിച്ചത് എന്ന കാരണത്താല്‍ പ്രവാസികളുടെ വിഷയങ്ങള്‍ കൂടിയാലോചിച്ച് അവതരിപ്പിക്കുന്നതിന് അവര്‍ക്ക് അവസരവും കിട്ടിയില്ല.
കഴിഞ്ഞ രണ്ടു സഭകൊണ്ട് എന്തു നേട്ടമാണുണ്ടായത് എന്ന പ്രതിപക്ഷത്തിന്‍റെ ചോദ്യം ബാക്കിനില്‍ക്കുമ്പോഴും മൂന്നാം സഭയില്‍ പ്രതിപക്ഷ സ്വരം ഉന്നയിക്കുന്നതിന് പ്രതിപക്ഷ പ്രവാസി സംഘടനകളില്‍നിന്ന് ഏതാണ്ട് ഒരാള്‍ മാത്രമാണ് മിനക്കെട്ടത്. ബാക്കിവരുന്നവര്‍ സഭയിലേക്ക് അംഗത്വം നല്‍കിയ സര്‍ക്കാറിന് സ്തുതിയോതുന്നതിനാണ് സമയം കണ്ടെത്തിയത്.
ഏഴു മേഖലതല ചര്‍ച്ച
മൂന്നാം സഭയുടെ ആദ്യ ദിനത്തില്‍ നടന്ന ഏഴു മേഖലതല ചര്‍ച്ചകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങൾ, ഏഷ്യയിലെ ഇതര രാജ്യങ്ങൾ, പസഫിക് രാജ്യങ്ങൾ, യൂറോപ്പ്, അമേരിക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, തിരികെ എത്തിയ പ്രവാസികള്‍ എന്നിങ്ങനെ തരംതിരിച്ച് ഏഴു വ്യത്യസ്ത സെഷനുകള്‍ നടന്നിരുന്നു.
കേരളത്തിലെ ഏറ്റവും വലിയ പ്രവാസിസമൂഹത്തിനെ പ്രതിനിധാനം ചെയ്യുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സെഷനില്‍ പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി വിഷയങ്ങള്‍ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സില്‍ അവതരിപ്പിച്ചു. ഏകദേശം 45ഓളം പ്രതിനിധികള്‍ നേരിട്ടും അത്രതന്നെ ചോദ്യങ്ങള്‍ എഴുതിയും സഭയില്‍ ഉന്നയിച്ചു. കേരളത്തിന്‍റെ സമ്പദ് ഘടനക്ക് ഏറെ സംഭാവന നല്‍കുന്നതും ലക്ഷക്കണക്കിന് പ്രവാസികള്‍ അധിവസിക്കുന്നതുമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ പ്രവാസികളുടെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു മണിക്കൂറില്‍ താഴെ മാത്രമാണ് സമയമുണ്ടായത്. ഈ സെഷനുകളില്‍ ഉയര്‍ന്നുവന്ന വിഷയങ്ങള്‍ ക്രോഡീകരിച്ച് രണ്ടാം ദിനത്തില്‍ അവതരിപ്പിച്ചു.
ഓപണ്‍ ഹൗസ്
അതത് മേഖലകളിലെ പ്രവാസി വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ചചെയ്യാന്‍ ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങള്‍ സംഘടിപ്പിക്കണം എന്ന ആവശ്യവും സഭയില്‍ ഉയര്‍ന്നുവന്നു. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കു മാത്രമാണ് ഉള്ളിലേക്ക് പ്രവേശനമുണ്ടായിരുന്നത് എന്നതിനാല്‍ പുറത്തുനിന്നുള്ളവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്ക റൂട്സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസുഫലിയുടെ മേല്‍നോട്ടത്തില്‍ ഓപണ്‍ ഹൗസ് നടന്നിരുന്നു. നിരവധി സാധാരണക്കാര്‍ക്ക് ഇത് തങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കി. ഏതാനും ചില പരാതികള്‍ക്ക് ഓപണ്‍ ഹൗസില്‍ പരിഹാരവും ഉണ്ടായി.
യാത്രാനിരക്ക് ?
അതിസമ്പന്നര്‍ക്കും അടുക്കളപ്പണി തൊഴിലാളികള്‍ക്കും തങ്ങളുടെ വിഷയം അവതരിപ്പിക്കാന്‍ അവസരം ഉണ്ടായിരുന്നു. സമ്പന്നരുടെ മേളയാണ് എന്ന ആക്ഷേപം ഉന്നയിക്കപ്പെടുമ്പോഴും പ്രവാസികളുടെ നിരവധി കാലത്തെ ആവശ്യമായ യാത്രാനിരക്ക് അടക്കമുള്ള വിഷയം സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ച് പുതിയ പദ്ധതി ആരംഭിക്കുന്നതിനുള്ള ബദല്‍ മാർഗങ്ങളും ആസാദ് മൂപ്പന്‍ സമര്‍പ്പിച്ചു.
അവധിക്കാലങ്ങളില്‍ വര്‍ധിച്ചുവരുന്ന ഭീമമായ ടിക്കറ്റ് നിരക്കില്‍നിന്നു പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തില്‍ വിമാനം ചാര്‍ട്ടര്‍ ചെയ്യണമെന്ന് അഷ്‌റഫ് താമരശ്ശേരിയും നിര്‍ദേശിച്ചു.
നോര്‍ക്ക നോഡല്‍ ഓഫിസ്
നോര്‍ക്കയുടെ നോഡല്‍ ഓഫിസുകള്‍ യു.എ.ഇയില്‍ തുറക്കാന്‍ സൗജന്യമായി സ്ഥലം ലഭ്യമാക്കാന്‍ തയാറാണെന്ന് ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സജ്ജാദ് നാട്ടിക വാഗദാനം ചെയ്തു. പ്രവാസികളുടെ മക്കളുടെ തുടര്‍വിദ്യാഭ്യാസത്തിന് ഏറെ ഗുണംചെയ്യുന്ന പ്രവാസി യൂനിവേഴ്സിറ്റി എന്ന ആശയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൊണ്ടുവന്നത് നടപ്പാക്കാതെ ഈ സഭയിലും അതേ വിഷയം ചര്‍ച്ചചെയ്യുന്നതിലെ എതിര്‍പ്പ് കെ.എം.സി.സി നേതാവ് അന്‍വര്‍ നഹ പങ്കുവെച്ചു.
70 ശതമാനം തുക സ്പോൺസര്‍ഷിപ് വഴി
കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്കും കൂടി സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്ന ആവശ്യ ഉന്നയിക്കപ്പെട്ടു. ധൂര്‍ത്തിന്‍റെ അരങ്ങാണ് എന്ന ആക്ഷേപത്തെ നോര്‍ക്ക് റൂട്സ് റെസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ വിമര്‍ശിച്ചു. വകയിരുത്തിയതിന്‍റെ 70 ശതമാനം തുക സ്പോൺസര്‍ഷിപ് വഴി കണ്ടെത്തുിയതാണ്. പ്രതിനിധികള്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുന്നതിനുള്ള ചെലവ് മാത്രമാണ് വഹിക്കേണ്ടിവന്നതെന്നും ശ്രീരാമകൃഷ്ണന്‍ സഭയെ ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.