Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിടപറയുന്നത്​...

വിടപറയുന്നത്​ നേട്ടങ്ങളുടെ ഒരാണ്ട്

text_fields
bookmark_border
വിടപറയുന്നത്​ നേട്ടങ്ങളുടെ   ഒരാണ്ട്
cancel
ലോകം ഇമാറാത്തിനെ അതിശയത്തോടെ നോക്കിക്കണ്ട മറ്റൊരു വർഷമാണ്​ വിടപറയുന്നത്​. മുൻവർഷങ്ങളിൽ തുടങ്ങിവെച്ച വികസന പദ്ധതികളുടെ പൂർത്തീകരണത്തിനൊപ്പം പുതിയ പദ്ധതികളുടെ തുടക്കവും ആഗോള ഈവന്‍റുകളുടെ വൻവിജയവും ഈ വർഷത്തെ സവിശേഷതയാണ്​. യു.എ.ഇയുടെ ഓരോ ചലനവും നേരിട്ട്​ ബാധിക്കുന്ന പ്രവാസിക​ൾക്കും 2023 വലിയ പ്രതീക്ഷയാണ്​ പകർന്നത്​. സുസ്ഥിരത വർഷമെന്ന നിലയിൽ രാജ്യം പരിസ്ഥിതി സൗഹൃദ രംഗത്ത്​ വലിയ മുന്നേറ്റങ്ങൾക്ക്​ തുടക്കം കുറിച്ചതാണ്​ ഈ വർഷത്തെ വലിയ നേട്ടം.
ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടി, തൊഴിലാളികൾക്ക്​ ആത്​മവിശ്വാസത്തോടെ പണിയെടുക്കാൻ വഴിയൊരുക്കുന്ന ഇൻഷ്വറൻസ്​ സ്കീം, ഇമാറാത്തിവത്​കരണം കൂടുതൽ ശക്​തമായി നടപ്പാക്കുന്നത്​​, പുതിയ ​ടൂറിസം കേന്ദ്രങ്ങൾ ഉദ്​ഘാടനം ചെയ്യപ്പെട്ടത്​ തുടങ്ങിയ നിരവധി ശ്രദ്ധേയമായ സംഭവങ്ങൾക്ക്​ സാക്ഷിയായ വർഷം കൂടിയാണിത്​. വിടപറയുന്ന ഒരാണ്ടിൽ രാജ്യത്തുണ്ടായ പ്രധാന മാറ്റങ്ങൾ/മുന്നേറ്റങ്ങൾ പരിചയപ്പെടാം.

ലോക നേതൃത്വത്തിലെത്തിച്ച കോപ്​-28

ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക്​ ആതിഥ്യമരുളിയത്​ യു.എ.ഇയെ 2023ൽ അടയാളപ്പെടുത്തിയ സന്ദർഭമാണ്​​. ലോകനേതൃത്വത്തിലേക്ക്​ യു.എ.ഇയെ ഉയർത്തിയ എക്സ്​പോ സിറ്റി വേദിയായ പരിപാടി എല്ലാ അർഥത്തിലും വൻ വിജയമായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം വിവിധ ലോക രാഷ്​ട്ര നേതാക്കളും കാലാവസ്ഥ വിദഗ്​ധരും ആക്ടിവിസ്റ്റുകളും പരിപാടിയിൽ പ​ങ്കെടുത്തു. ബ്ലൂ സോൺ, ഗ്രീൻ സോൺ എന്നിങ്ങനെ രണ്ടായി തിരിച്ച വേദിയിൽ ലക്ഷക്കണക്കിന്​ പ്രതിനിധികളും സന്ദർശകരും 13ദിവസത്തെ പരിപാടികളിൽ പ​ങ്കെടുത്തു.

സമ്മേളനത്തിന്​ മുന്നോടിയായി നിരവധി പരിസ്ഥിതി സംരക്ഷണ പദ്ധതികൾ യു.എ.ഇ നടപ്പിലാക്കി​. അന്താരാഷ്ട്ര നാശനഷ്ട നിധിയുടെ പ്രഖ്യാപനം, ‘യു.എ.ഇ സമവായം’ എന്നുപേരിട്ട ഉടമ്പടി, നിരവധി പ്രതിജ്ഞകൾ കരാറുകൾ എന്നിവയാൽ ഉച്ചകോടി ലോക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. യു.എൻ ഉദ്യോഗസ്ഥർക്കും പ്രതിനിധികൾക്കും പൂർണ സംതൃപ്തി നൽകുന്ന രീതിയിൽ മികച്ച സംഘാടനമാണ്​ ഉച്ചകോടിയെ വ്യത്യസ്തമാക്കിയത്​. പൊതുജനങ്ങളുടെ പങ്കാളിത്തത്തിനായി സജ്ജീകരിച്ച ഗ്രീൻ സോണിൽ വിദ്യാർഥികളും ഗവേഷകരും അടക്കം വലിയ ജനാവലിതന്നെ എത്തിച്ചേർന്നത്​ ഏറെ ശ്രദ്ധിക്കപ്പെട്ടു.

ബഹിരാകാശത്ത്​ ചരിത്രമെഴുതിയ സുൽത്താൻ അൽ നിയാദി

ബഹിരാകാശ രംഗത്ത് അറബ് ലോകത്തിന്‍റെ യശസ്സ് വനോളമുയർത്തിയ സുൽത്താൻ അൽ നിയാദിയുടെ ചരിത്ര ദൗത്യത്തിന് സാക്ഷിയായ വർഷമാണ്​ പിന്നിടുന്നത്​. മാർച്ച്​ മൂന്നിനാണ്​ ഈ സംഘം നാസയുടെയും സ്​പേസ്​ എക്സിന്‍റെയും ക്രൂ-6 ദൗത്യത്തിന്‍റെ ഭാഗമായി അദ്ദേഹം ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്​. 200ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ അടക്കമുള്ളവ പൂർത്തിയാക്കിയ​ ദൗത്യത്തിൽ, 19 പരീക്ഷണങ്ങൾ സുൽത്താൻ ഒറ്റക്ക്​ പൂർത്തിയാക്കിയതാണ്​. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജന്‍, ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ്​ പൗരൻ എന്നീ റെക്കോർഡുകൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു​.

ബഹിരാകാശ നിലയത്തില്‍ നിന്ന് ഇന്ത്യയു​ടേതടക്കം നിരവധി അപൂർവ ചിത്രങ്ങൾ അല്‍ നിയാദി പങ്കുവെച്ചിരുന്നു​. യു.എ.ഇയിലെ വിവിധ മേഖലയിലെ വിദഗ്ധരുമായും വിദ്യാര്‍ഥികളുമായും പലതവണയായി ‘എ കാൾ ഫ്രം സ്​പേസ്​’ എന്ന പരിപാടിയിലൂടെ ആശയ വിനിമയം നടത്തി. സെപ്​റ്റംബർ 4നാണ്​ യു.എസിലെ ഫ്ലോറിഡയിൽ അദ്ദേഹം മടങ്ങിയെത്തിയത്​​. രണ്ടാഴ്ചക്ക്​ ശേഷം അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെർമിനൽ-എയിൽ വന്നിറങ്ങിയ അദ്ദേഹത്തെ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്‌. രാജ്യം സമീപ കാലത്തൊന്നും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത ആഘോഷമായാണ്​ അൽ നിയാദിയുടെ മടങ്ങിവരവ്​ മാറിയത്​.

രാജ്യത്തെ ഒറ്റനൂലിൽ കോർത്ത്​ ഇത്തിഹാദ്​ പാത

യു.എ.ഇയുടെ ദേശീയ റെയിൽ പാതയായ ഇത്തിഹാദ് റെയിലിന്‍റെ നിർമാണം പൂർത്തിയാക്കി, ചരക്ക് തീവണ്ടി സർവീസിന്​ ഫെബ്രുവരിയിൽ തുടക്കം കുറിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ റെയിൽ ശൃംഖലയുടെ ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുതൽ ഫുജൈറ വരെ 900 കിലോമീറ്റർ നീളത്തിലാണ് ഇത്തിഹാദ് റെയിൽപാത നിർമിച്ചിരിക്കുന്നത്. മുഴുവൻ യു.എ.ഇ എമിറേറ്റുകളിലൂടെയും ഇത്തിഹാദ് റെയിൽ കടന്നുപോകുന്നുണ്ട്. രാജ്യത്തെ നാല് സുപ്രധാന തുറമുഖങ്ങളെയും, ഏഴ് ചരക്കുഗതാഗത മേഖലകളെയും ബന്ധിപ്പിക്കുന്നതാണ് റെയിൽ ശൃംഖല. വർഷം 6കോടി ടൺ ചരക്കുകൾ ഈ റെയിൽ ശൃംഖലയിലൂടെ കൈകാര്യം ചെയ്യാനാകും.

3.65കോടി യാത്രക്കാരെ കൊണ്ടുപോകാനും റെയിൽവെക്ക് ശേഷിയുണ്ടാകും. അബൂദബിയിൽ നിന്ന് ഫുജൈറ വരെ നീളുന്ന റെയിൽവേയിലൂടെ ആദ്യഘട്ടത്തിൽ 38 ഗുഡ്സ് ട്രെയിനുകൾ ആയിരം വാഗണുകളിലായി ചരക്ക് സർവീസ് നടത്തും. അബൂദബിയിൽ നിന്ന് ദുബൈയിലേക്ക് അമ്പത് മിനിറ്റ് കൊണ്ടും ഫുജൈറയിലേക്ക് നൂറുമിനിറ്റ് കൊണ്ടും തീവണ്ടിയിൽ എത്തിച്ചേരാനാകും. ഇത്തിഹാദ് റെയിൽവെയുടെ പാസഞ്ചർ സർവീസ് 2030ൽ ആരംഭിക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരിക്കുന്നത്.

സ്വദേശിവൽകരണം ട്രാക്കിലായ വർഷം

എമിററ്റൈസേഷൻ എന്ന സ്വദേശിവൽകരണം പൂർണരൂപത്തിൽ നടപ്പിലായിത്തുടങ്ങിയ വർഷമാണ്​ കടന്നുപോകുന്നത്​. ജനുവരി 1 മുതൽ, 2 ശതമാനം എമിറേറ്റൈസേഷൻ നിരക്ക് പാലിക്കുന്നതിൽ പരാജയപ്പെടുന്ന 50 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക്​ പിഴ ചുമത്തിത്തുടങ്ങി. വിദഗ്​ധ ജോലികളിൽ യു.എ.ഇ പൗരന്മാരെ നിയമിക്കുന്ന നിയമം നടപ്പിലാക്കുന്നത്​ ശരിയായ ദിശയിലാണ്​ മുന്നോട്ടുപോകുന്നത്​.

അതോടൊപ്പം സ്വദേശിവൽകരണം ചെറുകിട സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന പ്രഖ്യാപനവും ഈ വർഷമുണ്ടായി. 20 ന് മുകളിൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ അടുത്തവർഷം മുതൽ ഒരു സ്വദേശിയെ നിയമിക്കണമെന്നാണ്​ നിർദേശിച്ചിട്ടുള്ളത്​. നിലവിൽ 50 ൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് സ്വദേശിവൽകരണം നടപ്പാക്കിയിരുന്നത്. 14 തൊഴിൽ മേഖലയിലെ സ്വകാര്യ സ്ഥാപനങ്ങൾക്കാണ് പുതിയ നിർദേശം ബാധകമാവുക.

പ്രവാസികൾക്ക്​ കരുത്തായി അമുസ്​ലിം വ്യക്​തി നിയമം

രാജ്യത്ത്​ താമസിക്കുന്ന പ്രവാസികളായ അമുസ്​ലിങ്ങൾക്ക്​ അനുവദിച്ച വ്യക്​തിനിയമം ഫെബ്രുവരി മുതൽ​ നിലവിൽ വന്നു. വിവാഹം, വിവാഹമോചനം, കുട്ടികളുടെ സംരക്ഷണം, അനന്തരാവകാശം എന്നീ വിഷയങ്ങളിൽ വ്യക്തിഗത പദവി അനുവദിക്കുന്ന ഫെഡറൽ നിയമമാണിത്​. വിവാഹകരാറുകൾ നിയമപരമാക്കാനും കോടതിക്ക്​ മുമ്പിൽ ഹാജരായി വിവാഹമോചനം തേടാനും പുതിയ നിയമത്തിലൂടെ സാധ്യമാകും.

വിവാഹ മോചനത്തിന്​ ശേഷമുള്ള സാമ്പത്തിക തർക്കങ്ങൾ, കുട്ടികളുടെ സംരക്ഷണം, മരണശേഷമുള്ള അനന്തരാവകാശം എന്നിവയിലെല്ലാം അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ്​ കോടതികൾ വിധി പ്രസ്താവിക്കുക. 2021 നവംബർ മുതൽ അബൂദബി എമിറേറ്റിൽ നടപ്പിലാക്കിയ നിയമമാണ്​ ഫെബ്രുവരി മുതൽ രാജ്യത്തെ ഫെഡറൽ നിയമമായി മാറിയത്​​. ജൂലൈ മാസത്തിൽ ദുബൈയിൽ അമുസ്​ലിം വിഭാഗങ്ങൾക്ക്​ പ്രത്യേക അനന്തരാവകാശ വകുപ്പ് രൂപീകരിക്കുകയും ചെയ്തു.​

പരിസ്ഥിതി പാഠങ്ങൾ ജനകീയമാക്കി ‘സുസ്ഥിരതാ വർഷാചരണം’

പരിസ്​ഥിതി സൗഹൃദ പാഠങ്ങൾ ജനകീയവൽകരിച്ച യു.എ.ഇയുടെ സുസ്ഥിരത വർഷാചരണം ഇത്തവണത്തെ പ്രധാന അടയാളപ്പെടുത്തലായിരുന്നു. പ്രസിഡന്‍റ്​ ശൈഖ് മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാനാണ് ജനുവരിയിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. വരും തലമുറക്ക് സുസ്ഥിര ഭാവി ഉറപ്പാക്കുന്ന നിരവധി പദ്ധതികൾ വർഷാചരണത്തിന്‍റെ ഭാഗമായുണ്ടായി. കോപ് 28 ന് ആതിഥേയത്വം വഹിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് രാജ്യം സുസ്ഥിരതാ വർഷാചരണം പ്രഖ്യാപിച്ചത്. സുസ്ഥിര കാലാവസ്ഥ ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾക്ക് കൂട്ടായ കാഴ്ച്ചപ്പാടും ഇച്ഛാശക്തിയും പ്രകടിപ്പിക്കുക എന്ന ആശയത്തിന്​ ശക്​തിപകർന്നാണ്​ വർഷാചരണം നടന്നത്​.

വെല്ലുവിളികളെ അതീജീവിച്ച് വരുംതലമുറക്ക് സുസ്ഥിര ഭാവി ഉറപ്പാക്കാൻ ഒത്തൊരുമിച്ച് പ്രവർത്തിക്കാൻ രാജ്യത്തിന്​ പരിപാടി പ്രചോദനം പകർന്നു. രാജ്യത്തെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവ വിവിധ പരിപാടികളും പദ്ധതികളും പ്രഖ്യാപിച്ച്​ ‘സുസ്ഥിരതാ വർഷാചരണം’ അവിസ്മരണീയമാക്കി.

ആഡംബരത്തിന്‍റെ രാജകീയത പകർന്ന്​ ‘അറ്റ്​ലാന്‍റിസ്​ ദി റോയൽ’

ഏവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുബൈയിലെ റിസോർട്ടായ ‘അറ്റ്ലാന്‍റിസ് ദി റോയൽ’ ജനുവരിയിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ഉദ്​ഘാടനം ചെയ്തു. 40ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ ഉയർന്ന പാലം വഴി ബന്ധിപ്പിച്ചിരിക്കുന്ന 6 ടവറുകളാണ്​ കെട്ടിടം. വാട്ടർഫ്രണ്ടുകളും മനേഹര പൂന്തോട്ടങ്ങളും മറ്റു സൗകര്യങ്ങളുമുള്ള കെട്ടിടത്തിന്​ 178 മീറ്റർ ഉയരമാണുള്ളത്​.

പാം ജുമൈറയുടെ പുറം ഭാഗത്തെ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ദ്വീപിലാണ്​ റിസോർട്ട് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ പ്രമുഖ ഡിസൈനർമാർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ എന്നിവർ ചേർന്നാണ്​ ‘അറ്റ്ലാന്‍റിസ് ദി റോയൽ’ രൂപകൽപന ചെയ്തത്. 795 മുറികളുള്ള ഹോട്ടലിൽ 90 നീന്തൽക്കുളങ്ങളും 17 റെസ്റ്റോറന്‍റുകളും ഉണ്ട്. റസ്റ്ററന്‍റുകളിൽ എട്ടെണ്ണം ലോകോത്തര സെലിബ്രിറ്റി ഷെഫുകളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ജെല്ലിഫിഷ് അക്വേറിയവും വാട്ടർ ഫൗണ്ടേനും ഇതിലുണ്ട്​.

ഭക്ഷണമെത്തിക്കാൻ ദുബൈയിൽ ‘തലബോട്ടു’കൾ

ഫുഡ്​ ഡെലിവറിക്ക്​ ‘തലബോട്ടു’കൾ ഉപയോഗിച്ചു തുടങ്ങിയത്​ ഈ വർഷമാണ്​. ദുബൈയിലാണ്​ വിപ്ലവകരമായ നൂതന സാ​ങ്കേതികവിദ്യ നടപ്പിലാക്കിയത്​. ദുബൈ റോഡ്​ ഗതാഗത അതോറിറ്റി(ആർ.ടി.എ) നഗരത്തിലെ പ്രധാന സാമ്പത്തിക മേഖലകളിലൊന്നായ ദുബൈ സിലിക്കൺ ഒയാസിസിലെ സെഡർ വില്ല മേഖലയിലാണ്​ പൈലറ്റ്​ പദ്ധതി നടപ്പിലാക്കിയത്​. ഫുഡ്​ ഡെലിവറി ആപ്പായ തലബാത്തും ദുബൈ ഇന്‍റഗ്രേറ്റഡ്​ ഇകണോമിക്​ സോൺസ്​ അതോറിറ്റി(ഡി.ഐ.ഇ.ഇസെഡ്​)യും ആർ.ടി.എയും സഹകരിച്ചാണ്​ പദ്ധതി നടപ്പിലാക്കുന്നത്​.

തലബാത്തിനോട്​ സാദൃശ്യമുള്ള രീതിയിൽ ‘തലബോട്ടു’കൾ എന്നാണ്​ റോബോട്ടുകൾ അറിയപ്പെടുന്നത്​. ആദ്യ ഘട്ടത്തിൽ സിലിക്കൺ ഒയാസിസിന്‍റെ ഹൃദയഭാഗത്തുള്ള സെഡർ വില്ലകളിൽ താമസിക്കുന്നവർക്കാണ്​ സേവനം നൽകുന്നത്​. നിർമിതബുദ്ധി സാ​ങ്കേതികവിദ്യ ഉപയോഗിക്കുന്ന പദ്ധതിയിൽ ഉപഭോക്​താക്കളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്​. റോബോട്ടുകളിൽ സംവിധാനിച്ച വിവിധ ഇൻ-ബിൽറ്റ് സെൻസറുകളും നൂതന അൽഗോരിതങ്ങളും വഴി ചുറ്റുപാടുകൾ വിലയിരുത്താനും പാതയിലെ തടസ്സങ്ങൾ കണ്ടെത്താനും കഴിയും. റസ്റ്ററന്‍റുകളിൽ നിന്ന്​ ഭക്ഷണം വില്ലകളുടെ പടിവാതിലിൽ എത്തിക്കുന്നതാണ്​ സംവിധാനം.

കോർപറേറ്റ്​ നികുതിയുടെ തുടക്കം

ജൂൺ 1 മുതൽ വലിയ ബിസിനസ്​ സ്ഥാപനങ്ങൾക്ക് യു.എ.ഇയിൽ കോർപ്പറേറ്റ് നികുതി ബാധകമായിത്തുടങ്ങി. 3.75ലക്ഷം ദിർഹത്തിൽ കൂടുതൽ വാർഷിക ലാഭം നേടുന്ന സ്ഥാപനങ്ങൾക്ക് 9 ശതമാനം നികുതിയാണ്​ ഏർപ്പെടുത്തിയത്​. രാജ്യത്തെ വാണിജ്യ ലൈസൻസിന് കീഴിൽ ബിസിനസ്​ പ്രവർത്തനങ്ങൾ നടത്തുന്ന ബിസിനസുകൾക്കും വ്യക്തികൾക്കും കോർപ്പറേറ്റ് നികുതി ബാധകമാകും. ഇത്​ സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങൾ അധികൃതർ പുറത്തിറക്കിയിട്ടുണ്ട്​.

രാജ്യത്ത്​ താമസക്കാരല്ലാത്ത വ്യക്​തികൾക്ക്​ യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ്​ നികുതി അടക്കേണ്ടതായി വരിക. എന്നാൽ ജോലിയിൽ നിന്നുള്ള വരുമാനം, വ്യക്​തിപരമായ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, റിയൽ എസ്​റ്റേറ്റ്​ നിക്ഷേപ വരുമാനം, എന്നിവക്ക്​ കോർപേറേറ്റ്​ നികുതിയിൽ ഇളവുണ്ട്​.

ആത്മവിശ്വാസം പകർന്ന്​ തൊഴിൽനഷ്ട ഇൻഷൂറൻസ്​

തൊഴിൽ നഷ്ടപ്പെടുന്നവർക്ക്​ ഏർപെടുത്തിയ ഇൻഷൂറൻസ്​ ജനുവരി ഒന്ന്​ മുതലാണ്​ പ്രാബല്യത്തിൽ വന്നത്​. യു.എ.ഇ തൊഴിൽ മന്ത്രാലയം നിർബന്ധമാക്കിയ തൊഴിൽ നഷ്ട ഇൻഷുറൻസ്​ പദ്ധതിയിൽ ചേരാനുള്ള സമയപരിധി സെപ്​റ്റംബർ 30നാണ്​​ അവസാനിച്ചത്​. ഒക്​ടോബർ ഒന്നു മുതൽ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യാത്തവർ 400 ദിർഹം പിഴ അടക്കേണ്ടി വരുമെന്ന്​ മാനവവിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. ജോലി നഷ്ടപ്പെടുന്ന സാധാരണ തൊഴിലാളികൾക്ക്​ കുറഞ്ഞ പ്രീമിയത്തിൽ ഇൻഷൂറൻസ്​ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണിത്​.

സ്ഥാപനം അടച്ചുപൂട്ടുകയോ ശമ്പളത്തിൽ കുടിശ്ശിക വരുത്തുകയോ ചെയ്യുന്ന സാഹചര്യത്തിൽ തൊഴിൽനഷ്ട ഇൻഷൂറൻസ്​ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക്​ മൂന്നു മാസം വരെ സാമ്പത്തിക പരിരക്ഷ ലഭിക്കും. 16,000 ദിർഹം വരെ ശമ്പളമുള്ളവർക്ക് മാസം അഞ്ച് ദിർഹം അല്ലെങ്കിൽ വർഷം 60 ദിർഹം പ്രീമിയം അടച്ച് പദ്ധതിയിൽ അംഗമാകാം. 16,000 ദിർഹത്തിന് മുകളിൽ ശമ്പളമുള്ളവർ മാസം പത്ത് ദിർഹമോ വർഷം 120 ദിർഹമോ അടക്കണം. സാധാരണ തൊഴിലാളികൾക്ക്​ വലിയ ആത്മവിശ്വാസം പകർന്ന ഒരു പദ്ധതിയാണിത്​.

അൽഭുതം പകർന്ന മലീഹയിലെ ഗോതമ്പ് പാടം

ഷാർജ എമിറേറ്റിൽ ആദ്യമായി ഗോതമ്പ്​ കൃഷി വിജയകരമായി പൂർത്തീകരിച്ചത്​ വലിയ വാർത്തയായിരുന്നു. മലീഹയിലെ മരുഭൂമിയിൽ പച്ചവിരിച്ച് വിളഞ്ഞുനിന്ന ഗോതമ്പ്​ കതിരുകൾ ഭരണാധികാരികളുടെ നിശ്​ചയദാർഡ്യത്തെയും പരിസ്ഥിതി സൗഹൃദ നിലാപടുകളെയും അടയാളപ്പെടുത്തുകയായിരുന്നു. കൃഷിയുടെ ആദ്യഘട്ടമെന്ന നിലയിലാണ്​ 400 ഹെക്ടർ സ്ഥലത്ത് ഗോതമ്പ് വിത്തിറക്കിയത്. ഭക്ഷ്യസുരക്ഷ വർധിപ്പിക്കുകയും 2025ഓടെ 1400ഹെക്‌ടർ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനുമാണ് ഷാർജ സർക്കാറിന്‍റെ ലക്ഷ്യം.

അടുത്ത വർഷം 880 ഹെക്‌ടർ കൃഷി വ്യാപിപ്പിക്കാനാണ് പദ്ധതി. ദിവസവും 60,000 ക്യുബിക് മീറ്റർ വെള്ളം വരെ പമ്പ്ചെയ്യാൻ ശേഷിയുള്ള ആറ് വലിയ സക്ഷൻ പമ്പുകൾ വഴിയാണ് ഗോതമ്പ് പാടത്തേക്ക് വെള്ളം എത്തിച്ചത്. ഹംദ സ്റ്റേഷനിൽ നിന്ന് 13 കിലോമീറ്റർ കൺവെയർ ലൈൻ വഴിയാണ് ഫാമിലേക്ക് വെള്ളംകൊണ്ടുപോയത്. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ സാന്നിധ്യത്തിലാണ്​ വിളവെടുപ്പ്​ നടന്നത്​.

ദുബൈ വീഥികളിൽ ഡ്രൈവറില്ലാ ടാക്സികൾ

വർഷങ്ങളായി ദുബൈ നിവാസികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ്​ ഡ്രൈവറില്ലാ ടാക്സികൾ. പല തരത്തിലുള്ള പരീഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം ഇത്തരം ടാക്സികൾ നിരത്തിലിറങ്ങാൻ പോവുകയാണ്​. പരീക്ഷണയോട്ടം കഴിഞ്ഞ ഡ്രൈറില്ലാ കാറിൽ ആദ്യ സഞ്ചാരിയായി ദുബൈ കിരീടാവാശി ശൈഖ്​ ഹംദാൻ യാത്ര ചെയ്തു. കാറിൽ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ അദ്ദേഹം സ്വയം പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.

ഡ്രൈവറില്ലാ ടാക്സികൾ ദുബൈ നിരത്തിൽ വൈകാതെ എല്ലാവർക്കും ലഭ്യമായിത്തുങ്ങുമെന്ന്​ അദ്ദേഹം വ്യക്​തമാക്കുകയും ചെയ്തു. ജുമൈറ വൺ മേഖലയിൽ ക്രൂയിസ് എന്ന സെൽഫ് ഡ്രൈവിങ് ടെക്നോളജി കമ്പനിയുമായി സഹകരിച്ചാണ് ആർ.ടി.എ, ഡ്രൈവർ ആവശ്യമില്ലാതെ ഓടുന്ന ടാക്സികൾ പരീക്ഷണാടിസ്ഥാനത്തിൽ റോഡിലിറക്കിയത്. ഷെവർലേ ബോൾട്ട് കാറുകളാണ് ഇപ്പോൾ ഡ്രൈവറില്ലാ ടാക്സികളാക്കി നിരത്തിലിറക്കിയിരിക്കുന്നത്. ക്രൂയിസിന്‍റെ ഡ്രൈവറില്ലാ ടാക്സികൾ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ അമേരിക്കയിൽ സർവീസ് തുടങ്ങിയിട്ടുണ്ട്. 2030ഓടെ ദുബൈ നഗരത്തിലെ വാഹനങ്ങളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനമാക്കണമെന്നാണ്​ സർക്കാർ ലക്ഷ്യംവെക്കുന്നത്​.

ദുബൈ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരം

എമി​റേറ്റിലെ ഏറ്റവും വലുതും സുപ്രധാനവുമായ ഗതാഗത പദ്ധതിയായ മെട്രോ ബ്ലൂലൈൻ പദ്ധതിക്ക്​ അംഗീകാരമായത്​ ഈ വർഷമാണ്​. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഭീമൻ പദ്ധതിക്ക്​ അനുമതി നൽകിയത്​. നിലവിലുള്ള റെഡ്​, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിച്ച്​ നിർമിക്കുന്ന പാത 30കി.മീറ്റർ നീളമുള്ളതാണ്​. 2029ൽ പ്രവർത്തന സജ്ജമാകുന്ന ലൈൻ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗത മേഖലയിൽ വലിയ കുതിച്ചു ചാട്ടമാണ്​ പ്രതീക്ഷിക്കുന്നത്​. പാതയുടെ നിർമാണത്തിന്​ 1800കോടി ദിർഹം ചിലവ്​ വരും.



പാതയുടെ പകുതി ഭാഗങ്ങൾ ഭൂമിക്കടിയിൽ 70മീറ്റർ ആഴത്തിലായിരിക്കും. പദ്ധതി പൂർത്തിയാകുന്നതോടെ മൊത്തം മെട്രേ ശൃംഖല 78 സ്റ്റേഷനുകളും 168 ട്രെയിനുകളുമുള്ള 131 കിലോമീറ്റർ റെയിൽവെ ലൈനാകും. 2009ൽ 10 സ്റ്റേഷനുകളോടെ ആരംഭിച്ച ദുബൈ മെട്രോ ഇതിനകം 200കോടി യാത്രക്കാർക്ക്​ സഞ്ചാര മാർഗമായിട്ടുണ്ട്​. ദുബൈ ക്രീക്ക്​ ഹാർബർ, ഫെസ്റ്റവൽ സിറ്റി, ഗ്ലോബൽ വില്ലേജ്​, റാശിദിയ, വർഖ, മിർദിഫ്​, സിലി​ക്കൺ ഒയാസിസ്​, അക്കാദമിക്​ സിറ്റി തുടങ്ങിയ മേഖലകളിലൂടെ പാത കടന്നുപോകും. ബ്ലൂലൈനിൽ പ്രതിദിനം 320,000 യാത്രക്കാർക്ക്​ കടന്നുപോകും. റെഡ് ലൈനുമായും(റാശിദിയ ഏരിയ), ഗ്രീൻ ലൈനുമായും(അൽ ഖോർ ഏരിയ) പുതിയ പാതയെ ബന്ധിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.ELook Back 2023
News Summary - Look Back 2023
Next Story