ലാൻഡിങ് ശ്രമം വിജയിച്ചില്ല; റാശിദ് റോവറുമായി ആശയവിനിമയം നഷ്ടമായി
text_fieldsദുബൈ: യു.എ.ഇയുടെ പ്രഥമ ചാന്ദ്ര ദൗത്യമായ റാശിദ് റോവറുമായുള്ള ആശയ വിനിമയം നഷ്ടമായി. ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ശ്രമത്തിനിടെ അവസാന നിമിഷമാണ് റാശിദ് പേടകത്തെ വഹിക്കുന്ന ഹകുതോ-ആർ മിഷൻ ലാൻഡറുമായുള്ള ബന്ധം നഷ്ടമായത്.
ഡിസംബർ 11ന് നടന്ന വിക്ഷേപണത്തിന് ശേഷം അവസാന നിമിഷം വരെ എല്ലാം സുഗമമായിരുന്നു. ചൊവ്വാഴ്ച യു.എ.ഇ സമയം രാത്രി 8.40നാണ് ചന്ദ്രോപരിതലത്തിനടുത്ത് ലാൻഡർ എത്തിയത്. എന്നാൽ, ലാൻഡിങ്ങിന് മിനിറ്റുകൾക്ക് മുമ്പ് ബന്ധം നഷ്ടമാകുകയായിരുന്നു. ലാൻഡിങ് വിജയകരമായിരുന്നില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍റർ അറിയിച്ചു. അവസാന നിമിഷം വരെ ബന്ധമുണ്ടായിരുന്നുവെന്നും വിജയകരമായി ലാൻഡ് ചെയ്യാൻ കഴിഞ്ഞില്ലെന്നാണ് വിലയിരുത്തലെത്തും ദൗത്യത്തിന് നേതൃത്വം നൽകിയ ഐസ്‌പേസ് സ്ഥാപകനും സി.ഇ.ഒയുമായ ടാകെഷി ഹക്കാമദ പറഞ്ഞു.
അറബ് ലോകത്തെ ആദ്യ ചാന്ദ്രദൗത്യ പേടകമായ ‘റാശിദ്’ റോവർ യു.എസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപിച്ചത്. ചന്ദ്രന്‍റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനായിരുന്നു റോവറിന്‍റെ ലക്ഷ്യം. കഴിഞ്ഞ മാസം അവസാനത്തിൽ പേടകം ചന്ദ്രന്‍റെ ഭ്രമണപദത്തിൽ എത്തിയതായി കമ്പനി അറിയിച്ചിരുന്നു.
ഏകദേശം ഒരു മണിക്കൂർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് ചന്ദ്രോപരിതലത്തിന് സമീപം എത്തിയത്. ആനിമേഷന്‍റെ സഹായത്തോടെ ഈ നീക്കങ്ങൾ തത്സമയം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. എന്നാൽ, 8.40ഓടെ ബന്ധം വേർപെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.