ക്രൂസ് കൺട്രോൾ നഷ്ടമായി; യുവാവിനെ രക്ഷിച്ച് അബൂദബി പൊലീസ്
text_fieldsഅബൂദബി: കാറിന്റെ ക്രൂസ് കൺട്രോൾ തകരാറിലായി ജീവൻ അപകടത്തിലായ യുവാവിനെ രക്ഷിച്ച് അബൂദബി പൊലീസ്. ശഹാമ മേഖലയിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം.
യുവാവിനെ രക്ഷിക്കുന്ന വിഡിയോ അബൂദബി സെക്യൂരിറ്റി മീഡിയ ഡയറക്ടർ ലഫ്. കേണൽ നാസർ അൽ സഈദി പുറത്തുവിട്ടു. ക്രൂസ് കൺട്രോൾ തകരാർ സംഭവിച്ചാൽ എങ്ങനെയാണ് വാഹനം നിയന്ത്രിക്കേണ്ടതെന്നും അധികൃതർ വിശദീകരിച്ചു. നിയന്ത്രണം നഷ്ടമായി വേഗത്തിൽ പോയിക്കൊണ്ടിരുന്ന കാറിന്റെ ഡ്രൈവർ പൊലീസിനെ വിളിച്ച് സഹായം തേടുകയായിരുന്നു. ഇതോടെ പൊലീസ് ഈ കാർ കണ്ടെത്തി ഇതിനു മുന്നിൽ പൊലീസ് വാഹനം ഓടിച്ച് നിയന്ത്രണ വിധേയമാക്കുകയായിരുന്നു.
ആക്സിലറേറ്റർ ഉപയോഗിക്കാതെ വേഗത തിരഞ്ഞെടുക്കാൻ ഡ്രൈവറെ സഹായിക്കുന്ന വാഹനത്തിലെ ഇലക്ട്രിക് സംവിധാനമാണ് ക്രൂസ് കൺട്രോൾ.
ഡ്രൈവർ ക്രൂസ് കൺട്രോളിൽ സ്പീഡ് തിരഞ്ഞെടുത്താൽ പിന്നീട് ആക്സിലറേറ്ററിൽ കാൽവെക്കേണ്ടതില്ല. ഡ്രൈവിങ്ങിനിടെ ക്രൂസ് കൺട്രോൾ തകരാറിലായാൽ പരിഭ്രാന്തരാവരുതെന്ന് പൊലീസ് നിർദേശിച്ചു. പരിഭ്രാന്തരായാൽ തെറ്റായ തീരുമാനങ്ങൾ എടുക്കുകയും ഇത് കൂടുതൽ അപകടം വരുത്തുകയും ചെയ്യും.
പതിയെ ബ്രേക്ക് കൊടുത്ത് വാഹനത്തിന്റെ വേഗത കുറച്ചുകൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ഡ്രൈവർ ഹസാഡ് ലൈറ്റുകൾ തെളിച്ച് മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുകയും ഇതിലൂടെ കൂട്ടിയിടി ഒഴിവാക്കുകയും വേണം. ക്രൂസ് കൺട്രോൾ നീക്കാൻ ശ്രമിക്കുക, ഡ്രൈവിങ് മോഡിലേക്ക് മാറ്റുക, വാഹനം നിർത്താൻ സുരക്ഷിതമായ ഇടം നോക്കുക, ആവശ്യമെങ്കിൽ എൻജിൻ നിർത്തുക എന്നിങ്ങനെ വിവിധ ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ പൊലീസിനെ വിളിക്കുകയാണ് വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.