ലോകത്തിന് സ്നേഹവിരുന്നൂട്ടി യു.എ.ഇ: '100 മില്യൻ മീൽസ്' കാമ്പയിൻ തുടങ്ങി
text_fieldsദുബൈ: കോവിഡ് വെല്ലുവിളി നിലനിൽക്കുന്ന റമദാനിൽ ലോകത്തിന് സ്നേഹ വിരുന്നൂട്ടാൻ യു.എ.ഇ ആസൂത്രണം ചെയ്ത '100 മില്യൻ മീൽസ്' പദ്ധതിക്ക് ഗംഭീര തുടക്കം. പാകിസ്താനിലെ ഇസ്ലാമാബാദിലാണ് ആദ്യ വിതരണം നടത്തിയത്. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറ് (എം.ബി.ആർ.സി.എച്ച്) യു.എ.ഇ എംബസിയുമായി സഹകരിച്ച് പാകിസ്താനിലെ വിവിധ ഗ്രൂപ്പുകൾ വഴിയാണ് പാർസലുകൾ വിതരണം തുടങ്ങിയത്. അരി, പയറ്, മാവ്, ചുവന്ന പയർ, പഞ്ചസാര, എണ്ണ, ഇൗത്തപ്പഴം, ചായപ്പൊടി എന്നിവ ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യവസ്തുക്കൾ ഇസ്ലാമാബാദ് നഗരത്തിലെ മൂന്നു ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും ഇതുവരെയായി വിതരണം നടത്തി.
ഈജിപ്തിലെ ഏറ്റവും ആവശ്യമുള്ള ആളുകളിലേക്ക് ഭക്ഷ്യവിഭവങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന്, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്ക് ഈജിപ്ഷ്യൻ ഫുഡ് ബാങ്കുമായും ഈജിപ്തിലെ നിരവധി ചാരിറ്റി ഓർഗനൈസേഷനുകളുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സോഷ്യൽ സോളിഡാരിറ്റി മന്ത്രാലയത്തിെൻറയും എല്ലാ ഗവർണറേറ്റുകളുടെയും അനുബന്ധ ഡയറക്ടറേറ്റുകളുടെയും സഹകരണവുമുണ്ട്. ഈജിപ്തിലെ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും പിന്നാക്കം നിൽക്കുന്ന വ്യക്തികൾക്കും അരി, എണ്ണ, ബീൻസ്, പൊടി എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന ഭക്ഷ്യവസ്തുക്കളാണ് വിതരണം നടത്തിയത്. റമദാൻ മാസത്തിലുടനീളം കുടുംബങ്ങൾക്ക് 240 മുതൽ 300 വരെ ഭക്ഷണം തയാറാക്കാൻ കഴിയുന്ന ഭക്ഷ്യവസ്തുക്കളാണ് നൽകുന്നത്.
ജോർഡൻ അഭയാർഥി ക്യാമ്പുകളിലാണ് എം.ബി.ആർ.ജി.ഐ ഐക്യരാഷ്ട്ര വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്ക്, ഗുണഭോക്തൃ രാജ്യങ്ങളിലെ മാനുഷിക സംഘടനകൾ എന്നിവയുമായി സഹകരിച്ച് ഭക്ഷ്യ കിറ്റുകൾ ഏറ്റവും ആവശ്യമുള്ള ആളുകൾക്ക് എത്തിക്കുന്നത്. അടുത്ത ആറ് ആഴ്ചക്കുള്ളിൽ ജോർഡനിലെ അഭയാർഥി ക്യാമ്പുകളിൽ 20.8 ദശലക്ഷം കിറ്റ് നൽകാൻ പര്യാപ്തമായ '100 മില്യൻ മീൽസ്' കാമ്പയിൻ വഴി സ്വരൂപിച്ച കാഷ് വൗച്ചറുകൾ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം വിതരണം ചെയ്യും. '100 മില്യൻ മീൽസ്' കാമ്പയിനിലെ തന്ത്രപരമായ പങ്കാളിയെന്ന നിലയിൽ, ഫലസ്തീനിലെ താഴ്ന്ന വരുമാനമുള്ള കമ്യൂണിറ്റികൾക്കും ജോർഡനിലെയും ബംഗ്ലാദേശിലെയും അഭയാർഥി ക്യാമ്പുകളിൽ പണകൈമാറ്റത്തിലൂടെയും കാഷ് വൗച്ചറുകളിലൂടെയും സഹായം നൽകാനും ലോക ഭക്ഷ്യപദ്ധതി സഹായിക്കും.
ഇമാറാത്തി മണ്ണിൽ ജീവിക്കുന്നവരെയും ഒപ്പം സമീപരാജ്യങ്ങളെയും ചേർത്തുപിടിക്കാൻ 10 കോടിയിൽപരം ഭക്ഷണപ്പൊതികൾ അർഹരുടെ കൈകളിലേക്ക് എത്തിക്കുന്നതിന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതിയാണ് '100 മില്യൻ മീൽസ്' കാമ്പയിൻ. മിഡിലീസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിലെ പ്രതിസന്ധിയിൽ കഴിയുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഭക്ഷണപ്പൊതികളെത്തിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
സുഡാൻ, ലബനാൻ, ജോർഡൻ, പാകിസ്താൻ, അംഗോള, ഉഗാണ്ട, സിയറ ലിയോൺ, ഘാന, താൻസനിയ, സെനഗൽ, ഈജിപ്ത്, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങളിലെ ഗുണഭോക്താക്കൾക്ക് മഹാമാരിക്കാലത്ത് പദ്ധതി താങ്ങാവും.
മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്മെൻറിെൻറ സഹകരണത്തോടെ യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ബാങ്കിങ് റീജനൽ നെറ്റ്വർക്ക്, ഗുണഭോക്തൃ രാജ്യങ്ങളിലെ പ്രാദേശിക ചാരിറ്റികൾ എന്നിവ വഴി വികസിപ്പിച്ചെടുത്ത സംയോജിത വിതരണ ശൃംഖല മുഖാന്തരമാണ് ഗുണഭോക്താക്കൾക്ക് വേഗത്തിലുള്ള സഹായം എത്തിച്ച് മെച്ചപ്പെട്ട ജീവിതം ഉറപ്പുവരുത്തുന്നത്. '100 മില്യൻ മീൽസ്' പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹത്തിൽനിന്ന് വളരെ ആവേശപൂർവമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏപ്രിൽ 11ന് കാമ്പയിൻ ആരംഭിച്ചതുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ 57 മില്യൻ ദിർഹം സമാഹരിച്ചതിലൂടെ പദ്ധതിയുടെ ലക്ഷ്യം പാതി പൂർത്തീകരിക്കപ്പെട്ടതായി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് (എം.ബി.ആർ.ജി.ഐ) ഡയറക്ടർ സാറാ അൽ നുഐമി നേരത്തേ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.