ഈജിപ്തിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ ലുലു ഗ്രൂപ്
text_fieldsഅബൂദബി: ലുലു ഗ്രൂപ് ഈജിപ്തിൽ സാന്നിധ്യം വിപുലീകരിക്കുന്നു. ഈജിപ്ത് സർക്കാറുമായി ചേർന്ന സംയുക്ത പദ്ധതിയുടെ ഭാഗമായി നാല് പുതിയ ഹൈപ്പർമാർക്കറ്റുകളാണ് ലുലു ആരംഭിക്കുന്നത്. ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയുമായി അബൂദബിയിൽ നടന്ന കൂടിക്കാഴ്ചയിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് ഇത് വ്യക്തമാക്കിയത്. ഔദ്യോഗിക സന്ദർശനത്തിനായി യു.എ.ഇ യിലെത്തിയതായിരുന്നു പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘം.
നിലവിൽ മൂന്ന് ഹൈപർമാർക്കറ്റുകളാണ് തലസ്ഥാനമായ കെയ്റോവിൽ ലുലുവിനുള്ളത്. സംയുക്ത പദ്ധതിയുടെ ഭാഗമായുള്ള ഹൈപർമാർക്കറ്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 2023 രണ്ടാം പാദത്തിൽ ഹൈപർമാർക്കറ്റുകൾ പ്രവർത്തന സജ്ജമാകും. പിരമിഡ് നഗരമായ ഗിസയിൽ ഉൾപ്പെടെ പുതിയ ഹൈപർ മാർക്കറ്റുകൾ തുടങ്ങും. ഈജിപ്തിലെ ഇ-കോമേഴ്സ് പ്രവർത്തനങ്ങൾ അടുത്തമാസം ആരംഭിക്കുമെന്നും യൂസുഫലി പ്രധാനമന്ത്രിയെ അറിയിച്ചു. ലുലു ബഹ്റൈൻ-ഈജിപ്ത് ഡയറക്ടർ ജൂസർ രൂപാവാല, റീജനൽ ഡയറക്ടർ ഹുസേഫ ഖുറേഷി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.