ഓഹരി വിപണിയിലേക്ക് പ്രവേശിച്ച് ലുലു
text_fieldsഅബൂദബി: ഓഹരി വിപണിയിലേക്കുള്ള പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്. പ്രാഥമിക ഓഹരി വിൽപന (ഐ.പി.ഒ) വഴി 25 ശതമാനം ഓഹരികളാണ് ലുലു റീട്ടെയ്ൽ പൊതുവിപണിയിൽ വിറ്റഴിക്കുന്നത്.
ചൊവ്വാഴ്ച അബൂദബിയിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി ഐ.പി.ഒ നടപടികൾക്ക് തുടക്കം കുറിച്ചു. റീട്ടെയ്ൽ രംഗത്തെ ഏറ്റവും വലിയ ഓഹരി വിൽപനക്കാണ് ഇതോടെ അബൂദബിയിൽ തുടക്കമായത്. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചുവരെ മൂന്നു ഘട്ടങ്ങളായാണ് വിൽപന. ആകെ 258 കോടി ഓഹരികളാണ് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുക.
ഒക്ടോബർ 28ന് ഓഹരി വില പ്രഖ്യാപിക്കും. നവംബർ 12ന് ചെറുകിട നിക്ഷേപകർക്ക് അലോട്ട്മെന്റ് സംബന്ധിച്ച വിവരവും ലഭ്യമാകും. നവംബർ 14നാണ് അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ഓഹരികൾ ചെയ്യുക. ചെറുകിട നിക്ഷേപകർക്കായി 10 ശതമാനം ഓഹരികൾ നീക്കിവെച്ചിട്ടുണ്ട്. 89 ശതമാനം ഓഹരികൾ യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി (ക്യു.ഐ.പി) നീക്കിവെച്ചപ്പോൾ ബാക്കിയുള്ള ഒരു ശതമാനം ലുലു ജീവനക്കാർക്ക് മാത്രമായാണ് മാറ്റിവെച്ചിരുന്നത്.
അബൂദബി കൊമേഴ്സ്യല്‍ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക്, എമിറേറ്റ്സ് എൻ.ബി.ഡി ക്യാപിറ്റല്‍, എച്ച്.എസ്.ബി.സി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബൈ ഇസ്ലാമിക് ബാങ്ക്, ഇ.എഫ്.ജി ഹേർമസ് യു.എ.ഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐ.പി.ഒ നടപടിക്രമങ്ങൾ നിർവഹിക്കുന്നത്.
ലുലു ഗ്രൂപ്പിന്റെ യാത്രയിലെ പുതിയ വഴിത്തിരിവായിരിക്കും ഓഹരി വിൽപനയിലേക്കുള്ള പ്രവേശനമെന്ന് ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. വിജയകരമായ ഈ യാത്രയിൽ പങ്കുചേരാൻ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ട്.
മിഡിൽ ഈസ്റ്റിൽ ഓഹരി വിൽപന വിജയകരമായാൽ ഇന്ത്യയിലും ഓഹരി വിൽപനയിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ പൗരന്മാർക്കും റസിഡൻസ് വിസയുള്ള മറ്റ് രാജ്യക്കാർക്കും ഐ.പി.ഒയിൽ പങ്കെടുക്കാം. ഇതിനായി എ.ഡി.എക്സിൽനിന്ന് നാഷനൽ ഇൻവെസ്റ്റർ നമ്പർ (എൻ.ഐ.എൻ) നേടിയിരിക്കണം.
അതേസമയം, ഇന്ത്യയിലുള്ളവർക്ക് നിലവിൽ നേരിട്ട് ഓഹരി വാങ്ങാനാവില്ലെങ്കിലും നിക്ഷേപ സ്ഥാപനങ്ങൾ വഴി ഇന്ത്യയിലെ നിയമപ്രകാരം ഓഹരിയിൽ പങ്കാളിത്തം നേടാം.
1974ൽ അബൂദബിയിലാണ് ആദ്യമായി ലുലു ഔട്ട്ലെറ്റ് തുറക്കുന്നത്. ഇപ്പോൾ ജി.സി.സിയിലെ ആറ് രാജ്യങ്ങളിലായി 240 സ്ഥാപനങ്ങൾ പ്രവർത്തിക്കുണ്ട്. 7.3 ബില്യൺ ഡോളറിന്റെ വിറ്റുവരവാണ് 2023ലെ കണക്കുപ്രകാരം ലുലുവിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.