കളമശേരിയിൽ 400 കോടി മുടക്കിൽ ലുലു ഫുഡ് പാർക്ക് സ്ഥാപിക്കും
text_fieldsദുബൈ: ഭക്ഷ്യസംസ്കരണം ലക്ഷ്യമിട്ട് കളമശേരിയിൽ 400 കോടി രൂപ മുടക്കിൽ ഫുഡ്പാർക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി. ഒന്നര വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദുബൈയിൽ നടക്കുന്ന ആഗോള ഭക്ഷ്യ മേളയായ 'ഗൾഫുഡിൽ' എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
പത്ത് ഏക്കറിൽ രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് നിർമാണം. ആദ്യഘട്ടത്തിൽ 250 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി. പൂർത്തിയാകുന്നതോടെ കൂടുതൽ ആളുകൾക്ക് തൊഴിൽ ലഭിക്കും. നിർമാണം ഉടൻ ആരംഭിക്കും. അരൂരിൽ സമുദ്രോൽപന്ന കയറ്റുമതികേന്ദ്രം അടുത്തമാസം അവസാനത്തോടെ പ്രവർത്തനം തുടങ്ങും. 150 കോടി രൂപ മുതൽ മുടക്കുള്ള കേന്ദ്രം കയറ്റുമതി ലക്ഷ്യമിട്ടാണ് തുറക്കുന്നത്. ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിൽ 1500 കോടി രൂപയുടെ പദ്ധതികളാണ് ലുലു ഗ്രൂപ്പ് നടപ്പാക്കുന്നത്.
ലോകത്തെമ്പാടുമുള്ള കമ്പനികൾ പങ്കെടുക്കുന്ന 'ഗൾഫുഡ്' ഭക്ഷ്യമേഖലക്ക് ഉണർവ് പകരും. മൂന്ന് വർഷത്തിനുള്ളിൽ യു.എ.ഇയിൽ രണ്ട് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് ഭരണാധികാരികൾ പറയുന്നത്. ഇത് മികച്ച സൂചനയാണ്. ലുലു ഭക്ഷ്യ സംസ്കരണത്തിലേക്ക് ചുവടുവെക്കുകയാണ്. സ്വന്തമായി ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുകയാണ് ലുലു. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലും വിദേശത്തും ഭക്ഷ്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കും.
ഈ വർഷം കളമശേരിക്ക് പുറമെ യു.പിയിലെ നോയ്ഡയിലും ഭക്ഷ്യസംസ്കരണ കേന്ദ്രം തുറക്കുമെന്ന് യൂസുഫലി പറഞ്ഞു. ഗൾഫുഡിനോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിൽ നിന്ന് ലുലു ഇറക്കുമതി ചെയ്ത ഭക്ഷ്യോൽപന്നങ്ങളും യൂസുഫലി പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.