ലുലു ഗ്രൂപ് ആസ്ട്രേലിയയിൽ ഭക്ഷ്യസംസ്കരണ കയറ്റുമതികേന്ദ്രം ആരംഭിക്കും
text_fieldsദുബൈ: ലുലു ഗ്രൂപ് ആസ്ട്രേലിയയിലും ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നു. ദുബൈയിൽ ‘ഗൾഫുഡ്’ വേദിയിൽ ചെയർമാൻ എം.എ. യൂസുഫലിയാണ് ഇക്കാര്യം അറിയിച്ചത്. മെൽബണിലാണ് കയറ്റുമതി കേന്ദ്രം ആരംഭിക്കുന്നത്.
24 ഏക്കർ സ്ഥലമാണ് സർക്കാർ ലുലു ഗ്രൂപ്പിന് അനുവദിച്ചത്. സംസ്കരണ കേന്ദ്രത്തിന്റെ പ്രവർത്തനം മേയിൽ ആരംഭിക്കും. ആസ്ട്രേലിയൻ ട്രേഡ് കമീഷണർ ടോഡ് മില്ലറും മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഉത്തർപ്രദേശിലെ നോയിഡയിലെ ഭക്ഷ്യസംസ്കരണശാലയുടെ പ്രവർത്തനം ഈ വർഷാവസാനത്തോടെ പ്രവർത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യസംസ്കരണ കേന്ദ്രം പ്രവർത്തനം ആരംഭിക്കുന്നതോടെ ലോക ബ്രാൻഡുകളോട് കിടപിടിക്കുന്ന ഉൽപന്നങ്ങൾ സ്വന്തമായി പുറത്തിറക്കാനുള്ള ശേഷി ലുലുവിനു കൈവരും.
മികച്ച ഗുണമേന്മയിലും കുറഞ്ഞ വിലയിലും ഭക്ഷ്യോൽപന്നങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഇന്ത്യയിൽ നിന്നുള്ള ലുലു ഗ്രൂപ്പിന്റെ വാർഷിക കയറ്റുമതി 10,000 കോടി രൂപയിലെത്തും.
അരി, തേയില, പഞ്ചസാര, പഴം പച്ചക്കറികൾ, മത്സ്യം എന്നിവയാണ് ലുലു ഗ്രൂപ് കയറ്റുമതി ചെയ്യുന്നത്. ഗൾഫ് രാജ്യങ്ങൾക്കു പുറമെ യു.എസ്, പോർച്ചുഗൽ, ഈജിപ്ത്, അൽജീരിയ, മൊറോക്കോ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
യു.എസ്, ബ്രിട്ടൻ, സ്പെയിൻ, ഇറ്റലി, പോളണ്ട്, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, ശ്രീലങ്ക, ഫിലിപ്പീൻസ്, തായ് ലൻഡ്, ചൈന എന്നിവിടങ്ങൾ ഉൾപ്പെടെ 25 രാജ്യങ്ങളിൽ ലുലു ഗ്രൂപ്പിന് ഭക്ഷ്യ സംസ്കരണ കയറ്റുമതി കേന്ദ്രങ്ങളുണ്ട്. ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർമാരായ മുഹമ്മദ് അൽത്താഫ്, എം.എ. സലീം, ചീഫ് ഓപറേഷൻസ് ഓഫിസർ വി.ഐ. സലീം എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.