ഇന്ത്യയിൽനിന്ന് ഭക്ഷ്യ കയറ്റുമതി വർധിപ്പിക്കാൻ ലുലു ഗ്രൂപ്
text_fieldsദുബൈ: ഉന്നത ഗുണനിലവാരമുള്ളതും രാസവള മുക്തവുമായ പഴം പച്ചക്കറികൾക്ക് ഗൾഫ് രാജ്യങ്ങളിൽ മികച്ച ആവശ്യകതയുണ്ടെന്ന് അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസഫലി. ഇന്ത്യയിൽ നിന്ന് ഭക്ഷ്യോൽപാദകരുടെയും ഭക്ഷ്യവസ്തു കയറ്റുമതിക്കാരുടെയും ഉന്നതതല സംഘത്തെ യു.എ.ഇയിലെത്തിച്ച് മേഖലയുടെ പുതിയ സാഹചര്യത്തിലെ സാധ്യത പരിചയപ്പെടുത്താൻ സംവിധാനം ഒരുക്കണമെന്ന് യൂസഫലി കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചു. എക്സ്പോ 2020െൻറ ഭാഗമായി യു.എ.ഇയിലെത്തിയ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് എം.എ. യൂസഫലി ഇക്കാര്യം പറഞ്ഞത്.
മേഖലയിലെ സർക്കാറുകളും വ്യാപാരികളും ആഗ്രഹിക്കുന്ന തരത്തിലുള്ള ലോക നിലവാരത്തിലെ പാക്കിങ് സൗകര്യങ്ങളും കോൾഡ് സ്റ്റോറുകളും ഗവേഷണ കേന്ദ്രങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിെൻറ ആവശ്യകതയുണ്ട്. ലുലു ഗ്രൂപ് ഇപ്പോൾ ഇന്ത്യയിലെ 11 കേന്ദ്രങ്ങളിൽ നിന്നായി പ്രതിവർഷം 7,000 കോടിയുടെ സംസ്കരിച്ച ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നുണ്ട്. ഇത് പതിനായിരം കോടിയിലെത്തിക്കുകയാണ് ലക്ഷ്യം. ഉത്തർപ്രദേശിലെ നോയിഡയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാൻ സംസ്ഥാന സർക്കാർ ആവശ്യമായ സ്ഥലം ഇതിനകം നൽകിയിട്ടുണ്ട്. ഇതിെൻറ പ്രാരംഭ പ്രവൃത്തികൾ നടക്കുകയാണ്.
ഗുജറാത്തിൽ പുതിയ ഭക്ഷ്യ സംസ്കരണ കേന്ദ്രം, ഹൈപ്പർമാർക്കറ്റ് എന്നിവ ആരംഭിക്കാൻ പ്രാരംഭ ചർച്ചകൾ നടക്കുന്നു. കൊച്ചി കളമശ്ശേരിയിലെ ഫുഡ് പാർക്ക്, കശ്‌മീരിലെ ലോജിസ്റ്റിക്സ് കേന്ദ്രം എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിച്ചുവരുകയാണെന്ന് യൂസഫലി കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
രാജ്യത്ത് ഒരു കാലത്ത് നിലനിന്നിരുന്ന ലൈസൻസ് രാജിൽ നിന്നും മോദി സർക്കാറിെൻറ സുതാര്യമായ വാണിജ്യ വ്യവസായ നയങ്ങളുടെ ഫലമായാണ് നിക്ഷേപകർ ഇന്ത്യയിലേക്ക് കൂടുതലായി വരുന്നതെന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
ഇന്ത്യയിൽനിന്നും യു.എ.ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തിൽ ഇരട്ടിയാകും. ഭക്ഷ്യ കയറ്റുമതി രംഗത്ത് മുൻപന്തിയിലുള്ള ലുലു ഗ്രൂപ്പിനെ ഈ അവസരത്തിൽ അഭിനന്ദിക്കുകയാണെന്നും കേന്ദ്ര മന്ത്രി യോഗത്തിൽ പറഞ്ഞു.
ഇന്ത്യൻ സ്ഥാനപതി പവൻ കപുർ, കോൺസുൽ ജനറൽ ഡോ. അമൻ പുരി, ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ചീഫ് ഓപറേഷൻസ് ഓഫിസർ സലീം വി.ഐ, ഗ്രൂപ് ഡയറക്ടർമാരായ എം.എ. സലീം, എ.വി. ആനന്ദ്, ഫെയർ എക്സ്പോർട്ട്സ് സി.ഇ.ഒ നജുമുദ്ദീൻ എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.