ലുലു ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ
text_fieldsദുബൈ: പ്രമുഖ ഓഡിറ്റ് സ്ഥാപനമായ 'ഡിലോയിറ്റ് 2021' വർഷത്തെ ആഗോള തലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നും ലുലു ഗ്രൂപ്പ്, മാജിദ് അൽഫുത്തൈം (കാരിഫോർ) എന്നിവ മാത്രമാണ് പട്ടികയിൽ ഇടം പിടിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ കോർപറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. അമേരിക്കയിൽ തന്നെയുള്ള ക്രോഗെർ കമ്പനി പട്ടികയിൽ അഞ്ചാമതാണ്.
10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് അഞ്ച് ശതമാനം വാർഷിക വളർച്ചയോടെ 7.40 ശതകോടി ഡോളറാണ്. അതേസമയം 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽഫുത്തൈമിെൻറ വിറ്റുവരവ് 6.5 ശതമാനം വാർഷിക വളർച്ചയോടെ 7.65 ശതകോടി ഡോളറാണ്.
ലോകത്ത് അതിവേഗം വളരുന്നം റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള റിലയൻസും ഇടം പിടിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഓൺലൈൻ വ്യാപാരത്തിന് കൂടുതൽ സാധ്യതകൾ നൽകിയപ്പോൾ ഭക്ഷ്യവസ്തുക്കൾ വിപണനം ചെയ്യുന്ന മുൻനിര റിട്ടെയിൽ കമ്പനികൾ ഈ അനുകൂല ഘടകം ഉപയോഗപ്പെടുത്തുന്നതാണു വാണിജ്യ ലോകം കണ്ടത്.
അതേസമയം ഫാഷൻ, ലക്ഷ്വറി ഉൽപന്നങ്ങൾ വിപണനം ചെയ്യുന്ന സ്ഥാപനങ്ങളായ ലോർഡ് ആൻഡ് ടൈലർ, ന്യൂമാൻ മാർകസ്, ജെ.സി. പെന്നി എന്നിവ ഉൾപ്പെടെയുള്ള പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങൾക്ക് കോവിഡ് വ്യാപനം കടുത്ത പ്രതിസന്ധികളാണ് നൽകിയത്. കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ-കോമേഴ്സ് സെൻററുകൾ അടക്കം 26 പുതിയ ഹൈപർമാർക്കറ്റുകളാണ് ലുലു ഗ്രൂപ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിന് ശേഷം ആരംഭിച്ചത്.
ഇക്കാലയളവിൽ 3,000 ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിന് കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഇ-കോമേഴ്സ് രംഗം വ്യാപകമായി വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.