യു.പിയിൽ 500 കോടിയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രവുമായി ലുലു
text_fieldsദുബൈ: ഉത്തർ പ്രദേശിലെ നോയിഡയില്‍ 500 കോടി രൂപയുടെ ഭക്ഷ്യസംസ്‌കരണ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ്. പാർക്കിനാവശ്യമായ ഭൂമി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ലുലു ഗ്രൂപ്പിന് കൈമാറി. ലഖ്നോവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഗ്രേറ്റര്‍ നോയിഡ വ്യവസായ വികസന സമിതി സി.ഇ.ഒ നരേന്ദ്ര ഭൂഷണ്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് ഉത്തരവ് കൈമാറി. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്‌റഫ് അലി, മറ്റ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ പങ്കെടുത്തു.
ലോകോത്തര നിലവാരമുള്ള സംവിധാനം ഉത്തര്‍പ്രദേശിലെ കാര്‍ഷിക മേഖലക്ക് വലിയ കൈത്താങ്ങാകുമെന്ന് യൂസഫലി പറഞ്ഞു. പ്രാദേശികമായ സംഭരണത്തിലൂടെയടക്കം 20,000 ടണ്‍ പഴങ്ങളും-പച്ചക്കറികളും കയറ്റുമതി ചെയ്യാനും ലോകത്തുടനീളമുള്ള ലുലു ഗ്രൂപ്പിന്‍റെ ഹൈപ്പര്‍മാര്‍ക്കറ്റുകളിലുടെ വിതരണം ചെയ്യാനുമാണ് ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്. എട്ട് മാസത്തിനകം സജ്ജമാകുന്ന പദ്ധതിയിലൂടെ 3000 കോടി രൂപയുടെ, വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ഭക്ഷ്യ-സംസ്‌കരണ പാര്‍ക്കിന്‍റെ മാതൃക യോഗി ആദിത്യനാഥ് അനാവരണം ചെയ്തു. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന രീതിയായിരിക്കും പിന്തുടരുകയെന്നും യൂസഫലി വ്യക്തമാക്കി. അത്യാധുനിക സംവിധാനങ്ങളോടെ സജ്ജമാകുന്ന പാര്‍ക്കിന്‍റെ ആദ്യഘട്ട നിക്ഷേപം 500 കോടി രൂപയാണ്. 700 പേര്‍ക്ക് നേരിട്ടും 1500ലധികം പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ ലഭിയ്ക്കും.
ലഖ്നോവിലെ ലുലു മാൾ ഉദ്ഘാടനം ഏപ്രിലില്‍
ദുബൈ: 2000 കോടി രൂപ നിക്ഷേപത്തില്‍ ലഖ്നോവില്‍ സജ്ജമാകുന്ന ലുലു മാളിന്‍റെ ഉദ്ഘാടനം 2022 ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് എം.എ. യൂസഫലി. ഏറ്റവും വലിയ ഹൈപ്പര്‍ മാര്‍ക്കറ്റോടു കൂടി സജ്ജമാകുന്ന ലുലു മാളിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. ലഖ്നോവിലെ അമര്‍ ഷഹീദ് റോഡില്‍ സ്ഥിതി ചെയ്യുന്ന ലുലു മാളിന്‍റെ വിസ്തീര്‍ണ്ണം 22 ലക്ഷം ചതുരശ്രയടിയാണ്. മാള്‍ പൂര്‍ണ്ണ സജ്ജമാകുന്നതോടെ 5000 പേര്‍ക്ക് നേരിട്ടും 10000 പേര്‍ക്ക് നേരിട്ടല്ലാതെയും തൊഴില്‍ നല്‍കാനാകുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് യോഗി ആദിത്യനാഥും യു.പി സര്‍ക്കാരും നല്‍കിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തുന്നതായി യൂസഫലി വ്യക്തമാക്കി. ലുലു ലഖ്നോ റീജിയണൽ ഡയറക്ടർ ജയകുമാർ, ഫെയർ എക്സ്പോർ്ടസ് സി.ഇ.ഒ നജിമുദീൻ എന്നിവരും സന്നിഹിതരായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.