ദുബൈ ഔട്ട്ലെറ്റ് മാളിൽ ‘ലുലു’ പ്രവർത്തനം തുടങ്ങി
text_fieldsദുബൈ: ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് ദുബൈ ഔട്ട്ലെറ്റ് മാളിൽ പ്രവർത്തനമാരംഭിച്ചു. ഔട്ട്ലെറ്റ് മാൾ ചെയർമാൻ നാസർ ഖംസ് അൽ യമ്മാഹി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദുബൈയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമായ ഔട്ട്ലെറ്റ് മാളിൽ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനം തുടങ്ങാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് എം.എ. യൂസുഫലി പറഞ്ഞു. 300 ഹൈപ്പർ മാർക്കറ്റുകൾ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണ്. കേരളത്തിൽ ഉൾപ്പെടെ ലുലുവിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിന് ശ്രമങ്ങൾ നടന്നുവരികയാണ് -അദ്ദേഹം അറിയിച്ചു. 97,000 ചതുരശ്രയടി വിസ്തൃതിയിൽ ഒരുക്കിയ ഹൈപ്പർ മാർക്കറ്റിൽ നിത്യോപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴവർഗങ്ങൾ, ലുലു കിച്ചൻ എന്നീ വിഭാഗങ്ങളുമുണ്ട്.
റമദാൻ മാസത്തോടനുബന്ധിച്ച് ഒരുക്കുന്ന ലുലു റമദാൻ കിറ്റും ചടങ്ങിൽ അവതരിപ്പിച്ചു. എല്ലാ ലുലു സ്റ്റോറുകളിലും റമദാൻ കിറ്റുകൾ ലഭിക്കും. 12 ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിന് 85 ദിർഹവും 20 ഉൽപന്നങ്ങൾ അടങ്ങിയ കിറ്റിന് 120 ദിർഹവുമാണ് വില. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സി. ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ എം.എ. സലീം എന്നിവരും സംബന്ധിച്ചു. വിവിധ അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകൾ ആകർഷകമായ വിലക്കിഴിവോടെ ലഭ്യമാകുന്ന ഷോപ്പിങ് കേന്ദ്രമാണ് ദുബൈ ഔട്ട്ലെറ്റ് മാൾ. അറുന്നൂറിലധികം വിവിധ ബ്രാൻഡുകളുള്ള മാളിൽ ആറായിരത്തിലധികം വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.