അബൂദബി അൽ ഷംഖയിൽ ലുലു തുറന്നു
text_fieldsഅബൂദബി: ലുലു ഗ്രൂപ്പിന്‍റെ 226ാം ഹൈപ്പർ മാർക്കറ്റ് അബൂദബിയിലെ അൽ ഷംഖ മാളിൽ തുറന്നു. അബൂദബി മുനിസിപ്പാലിറ്റി അൽ വത്ബ ബ്രാഞ്ച് ഡയറക്ടർ ഹസ്സൻ അലി അൽ ദാഹിരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. അബൂദബി മുനിസിപ്പാലിറ്റി ഡയറക്ടർ സുൽത്താൻ ഹുവേയർ, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. 60,000 ചതുരശ്ര അടി വിസ്തീർണമുള്ള ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ബേക്കറി, പാലുൽപന്നങ്ങൾ, ആരോഗ്യ സൗന്ദര്യ വർധക വസ്തുക്കൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയവ മിതമായ വിലയിൽ ലഭ്യമാണ്. അബൂദബി നഗരത്തിന്‍റെ പ്രാന്തപ്രദേശമായ അൽ ഷംഖയിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ലോകോത്തര ഷോപ്പിങ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ നയം. ഇതിനായി എല്ലാ സൗകര്യങ്ങളും സഹായങ്ങളും ചെയ്തുതരുന്ന യു.എ.ഇ ഭരണനേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മൂന്ന് മാർക്കറ്റുകൾകൂടി അബൂദബിയിൽ ആരംഭിക്കും. ദീർഘവീക്ഷണത്തോടെയുള്ള യു.എ.ഇയുടെ വികസനത്തിന്‍റെ ഭാഗമാകുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും യൂസഫലി കൂട്ടിച്ചേർത്തു. തിരഞ്ഞെടുക്കപ്പെട്ട ബ്രാൻഡുകളുടെ റീട്ടെയിൽ സ്റ്റോറുകൾ, വിനോദ കേന്ദ്രം, ഫുഡ് കോർട്ട്, ഫിറ്റ്‌നസ് സെന്‍റർ, കോഫി ഷോപ്പുകൾ, കെ.എഫ്.സി, പിസ്സ ഹട്ട്, മുനിസിപ്പാലിറ്റി ഓഫിസ്, മറ്റു സൗകര്യങ്ങൾ എന്നിവ പുതുതായി ആരംഭിച്ച മാളിലുണ്ട്. ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, എക്സിക്യൂട്ടിവ് ഡയറക്ടർ അഷ്റഫ് അലി, അബൂദബി റീജ്യൻ ഡയറക്ടർ അബൂബക്കർ എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.