ലുലു ഓഹരി വിൽപന തുടങ്ങി
text_fieldsഅബൂദബി: അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ ലിസ്റ്റിങ് പൂർത്തിയായതോടെ ലുലു റീട്ടെയ്ലിന്റെ ഓഹരി വിൽപനക്ക് തുടക്കമായി. യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു ചെയർമാൻ എം.എ. യൂസുഫലി എന്നിവർ ചേർന്ന് ബെൽ റിങ് മുഴക്കിയാണ് ട്രേഡിങ്ങിന് തുടക്കം കുറിച്ചത്.
ഒരു ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജി.സി.സിയിലെ ഏറ്റവും വലിയ ലിസ്റ്റിങ് എന്ന റെക്കോഡാണ് ഇതോടെ ലുലു സ്വന്തമാക്കിയത്.
സർക്കാർ പ്രതിനിധികൾ ഉൾപ്പെടെ ബെൽ റിങ് ചടങ്ങുകൾക്ക് സാക്ഷിയായി. ജി.സി.സിയിലെ നിക്ഷേപകരും ലോകത്തെ വിവിധയിടങ്ങളിലെ ലുലു ജീവനക്കാരും ഉപഭോക്താക്കളും ഉൾപ്പെടെ ലൈവ് സ്ട്രീമിങ്ങിലൂടെ ചടങ്ങിന്റെ ഭാഗമായി.
യു.എ.ഇയുടെയും ജി.സി.സിയുടെയും വികസനത്തിന് ലുലു നൽകിയ പങ്കാളിത്തം മാതൃകപരമാണെന്നും പൊതു പങ്കാളിത്തത്തിലേക്ക് കടന്നതോടെ കൂടുതൽ ജനകീയമാവുകയാണ് ലുലുവെന്നും യു.എ.ഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി പറഞ്ഞു. യു.എ.ഇ ഉൾപ്പെടെ അറബ് രാജ്യങ്ങളിലെയും വിദേശ നിക്ഷേപകരുടെയും മികച്ച പങ്കാളിത്തമാണ് ലുലു റീട്ടെയ്ൽ ഓഹരികൾക്ക് ഉള്ളത്.
ലിസ്റ്റിങ് ശേഷവും റീട്ടെയ്ൽ നിക്ഷേപകരിൽനിന്ന് മികച്ച ഡിമാൻഡ് ലുലു റീട്ടെയ്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്ര മുഹൂർത്തമാണ് എ.ഡി.എക്സ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് ലിസ്റ്റിങ്ങിലൂടെ യാഥാർഥ്യമാകുന്നതെന്നും ലുലു ചെയർമാൻ എം.എ. യൂസുഫലി വ്യക്തമാക്കി.
നിക്ഷേപകർക്ക് മികച്ച റിട്ടേൺ ലഭിക്കുന്നതിനുള്ള പ്രയത്നം ലുലു തുടരും. മൂന്നു വർഷത്തിനകം നൂറ് സ്റ്റോറുകളെന്ന ലക്ഷ്യത്തിലാണ് ലുലു. നിക്ഷേപകർ ലുലുവിൽ അർപ്പിച്ച ആത്മവിശ്വാസത്തിന് ഏറ്റവും മികച്ച പിന്തുണ നൽകും. ലുലു ജീവനക്കാരാണ് കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബൂദബി പെൻഷൻ ഫണ്ട്, എമിറേറ്റ്സ് ഇന്റർനാഷനൽ ഇൻവെസ്റ്റ്മെന്റ് കമ്പനി, ബഹ്റൈൻ മുംതലകത്ത് ഹോൾഡിങ്സ്, ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി തുടങ്ങിയവരാണ് പ്രധാന നിക്ഷേപകർ.
ജി.സി.സിയിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പടെ നിക്ഷേപകരാണ്. പ്രഫഷനൽ നിക്ഷേപക സ്ഥാപനങ്ങൾ കൂടാതെ, ഐ.പി.ഒ തുടങ്ങി 16 ദിവസത്തിനകം അരലക്ഷത്തിലേറെ വ്യക്തിഗത നിക്ഷേപകരാണ് ഓഹരി വാങ്ങിയത്. വൻ ഡിമാൻഡ് പരിഗണിച്ച് ഓഹരികൾ 30 ശതമാനമാക്കി ഉയർത്തിയിരുന്നു. 25 ഇരട്ടി അധിക സമാഹരണത്തോടെ മൂന്നു ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്. ഒക്ടോബർ 28 മുതൽ നവംബർ അഞ്ചുവരെയായിരുന്നു പ്രാരംഭ ഓഹരി വിൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.