പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ സംരംഭവുമായി ലുലു
text_fieldsദുബൈ: പ്രാദേശിക ഉൽപന്നങ്ങളെയും കർഷകരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ‘അൽ ഇമറാത്ത് അവ്വൽ’ സംരംഭത്തിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ദുബൈ സിലിക്കോൺ സെൻട്രൽ മാൾ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി വകുപ്പ് മന്ത്രി മർയം അൽ മുഹൈരി നിർവഹിച്ചു.
ദുബൈ സിലിക്കൺ ഒയാസിസ് ഡയറക്ടർ ജനറൽ ഡോ. ജുമാ അൽ മത്റൂഷി, ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, മറ്റ് പ്രമുഖർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യു.എ.ഇയുടെ 52ാം ദേശീയദിനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം ഡിസംബർ രണ്ടുവരെ തുടരും.
രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളിലും വലിയ വിഭാഗം ഉപഭോക്താക്കളിലേക്ക് പ്രാദേശിക ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ പദ്ധതി സഹായിക്കുമെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും കാർഷികമേഖലയുടെ വികസനത്തിനും സംഭാവന നൽകാനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനം അഭിനന്ദനാർഹമാണെന്നും മർയം അൽ മുഹൈരി പറഞ്ഞു. ഉദ്ഘാടനത്തിന് ശേഷം ലുലു ഹൈപ്പർ മാർക്കറ്റിൽ സജ്ജീകരിച്ച ‘അൽ ഇമാറാത്ത് അവ്വൽ’ പ്രദർശനം മന്ത്രി സന്ദർശിച്ചു.
യു.എ.ഇയുടെ കാർഷിക ഉൽപാദനത്തെയും വിവിധ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിപണനത്തെയും സഹായിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് വളരെ പ്രധാനപ്പെട്ട കാർഷികമേഖലയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുന്നതാണ് ‘അൽ ഇമാറാത്ത് അവ്വൽ’ പദ്ധതി. ഈ സംരംഭത്തിന്റെ ഭാഗമായി പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് പിന്തുണ നൽകുന്നതിൽ വലിയ സന്തോഷമാണുള്ളത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ യു.എ.ഇ ആസ്ഥാനമായ എലൈറ്റ് അഗ്രോയുമായി ലുലു ഗ്രൂപ് ധാരണപത്രം ഒപ്പുവെച്ചു. എലൈറ്റ് അഗ്രോ സി.ഇ.ഒ ഡോ. അബ്ദുൽ മുൻഇം അൽ മർസൂഖിയും ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപവാലയുമാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഡയറക്ടർ എം.എ. സലീം, സി.ഒ.ഒ വി.ഐ. സലീം എന്നിവരും സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.