മലേഷ്യന്‍ പാമോയിലിന് യു.എ.ഇയില്‍ വിപണിയൊരുക്കാന്‍ ലുലു
text_fieldsദുബൈ: മലേഷ്യന്‍ പാമോയിലിന് യു.എ.ഇയില്‍ വിപണിയൊരുക്കാന്‍ സമഗ്ര പദ്ധതിയുമായി ലുലു. ഇതുസംബന്ധിച്ച ഉടമ്പടിയില്‍ മലേഷ്യന്‍ പ്ലാന്റേഷന്‍ ഇന്‍ഡസ്ട്രി ആൻഡ് കമ്മോഡിറ്റീസ് വകുപ്പും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണയായി. 'മലേഷ്യന്‍ പാമോയില്‍ ഫുള്‍ ഓഫ് ഗുഡ്‌നെസ്' എന്നപേരില്‍ ദുബൈ സിലിക്കണ്‍ ഒയാസിസ് ലുലുവില്‍ വിപണനമേളക്കും തുടക്കമായി. എക്‌സ്‌പോ 2020യില്‍ മലേഷ്യന്‍ മന്ത്രാലയ പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടുനടന്ന ചടങ്ങില്‍ വകുപ്പ് ഉപമന്ത്രി ദതൂക്ക് വില്ലി അനക് മോങ്കിന്റെ സാന്നിധ്യത്തിലാണ് ഉടമ്പടി ഒപ്പുവെച്ചത്. മലേഷ്യയില്‍നിന്നുള്ള പാമോയിലിനും അനുബന്ധ ഉൽപന്നങ്ങള്‍ക്കും ഉടമ്പടി പ്രകാരം ലുലു യു.എ.ഇയില്‍ വിപണിയൊരുക്കും.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പാമോയില്‍ ഉൽപാദകരും കയറ്റുമതിക്കാരുമായ മലേഷ്യയില്‍നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് പങ്കാളിത്തത്തിലൂടെ കൂടുതല്‍ വിപണി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള പാമോയില്‍ ഉൽപാദനത്തിന്റെ 24 ശതമാനവും ആഗോള കയറ്റുമതിയുടെ 31 ശതമാനവും മലേഷ്യയാണ് നടത്തുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ നാലാമത്തെ പാമോയില്‍ ഇറക്കുമതി രാജ്യമാണ് യു.എ.ഇ. 467.1 മില്യൻ യു.എസ് ഡോളറിന്റെ ഇടപാടുകളാണ് 2025ല്‍ പ്രതീക്ഷിക്കുന്നത്.
പാമോയില്‍, അനുബന്ധ ഉൽപന്നങ്ങളുടെ വിപണിക്ക് കൂടുതല്‍ സ്വീകാര്യത ഉറപ്പാക്കാന്‍ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ദുബൈ, വടക്കന്‍ എമിറേറ്റ് ഡയറക്ടര്‍ ജെയിംസ് വര്‍ഗീസ് പറഞ്ഞു. ഒരു ഗ്രൂപ്പെന്ന നിലയില്‍ മലേഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. വളരെ ശക്തമായ ഉൽപന്ന ശേഖരണ വിതരണ ശൃംഖലയും ഇടപാടുകള്‍ക്ക് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. മിഡിലീസ്റ്റിലെ സുപ്രധാന ബിസിനസ് ഹബ് എന്ന നിലക്ക് യു.എ.ഇ വിപണി കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുന്നതായി മലേഷ്യന്‍ പ്ലാന്റേഷന്‍ ഇന്‍ഡസ്ട്രി ആൻഡ് കമ്മോഡിറ്റീസ് സി.ഇ.ഒ വാന്‍ അയ്ഷാ വാന്‍ ഹമിദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.