യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ
text_fieldsദുബൈ: വേനൽ കനത്തതോടെ യു.എ.ഇയിൽ പ്രഖ്യാപിച്ച തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും. ഇന്നുമുതൽ സെപ്റ്റംബർ 15 വരെ രാജ്യത്ത് ഉച്ചസമയത്ത് തുറസ്സായ സ്ഥലത്ത് തൊഴിലാളികളെ ജോലിയെടുപ്പിക്കാൻ പാടില്ല. നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം വരെ പിഴ ലഭിക്കും.
പകൽ 12.30നും വൈകീട്ട് മൂന്നിനും ഇടയിൽ നേരിട്ട് വെയിൽ ഏൽക്കുന്ന സ്ഥലങ്ങളിൽ തൊഴിലാളികൾക്ക് വിശ്രമം അനുവദിക്കണമെന്നാണ് നിർദേശം. ഈ സമയത്ത് വിശ്രമിക്കാനുള്ള സൗകര്യവും ആവശ്യമായ കുടിവെള്ളം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങളും കമ്പനികൾ ഒരുക്കണം. അടിയന്തര സ്വഭാവമുള്ള ജോലികൾക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവ്. വിശ്രമസമയം കഴിയുന്നതുവരെ മാറ്റിവെക്കാൻ കഴിയാത്ത കോൺക്രീറ്റ് ജോലികൾ, ഇലക്ട്രിസിറ്റി, ജലവിതരണം, ഗതാഗത തടസ്സം നീക്കൽ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിൽ നിയമത്തിൽ ഇളവുണ്ട്. എന്നാൽ, മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഉച്ചസമയത്ത് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുത്.
മൊത്തം ജോലി സമയം എട്ട് മണിക്കൂറിൽ കൂടരുതെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളിക്ക് അധികസമയം ജോലി ആവശ്യമെങ്കിൽ അധികതുക അനുവദിച്ച് ഓവർടൈം പരിഗണിക്കാം. വിലക്ക് ലംഘിക്കുന്ന സ്ഥാപനങ്ങൾ പിഴയോടൊപ്പം തരംതാഴ്ത്തൽ നടപടികളും നേരിടേണ്ടിവരും. നിയമലംഘനങ്ങൾ 600590000 എന്ന നമ്പറിലോ, തൊഴിൽ മന്ത്രാലയത്തിന്റെ ആപ് വഴിയോ റിപ്പോർട്ട് ചെയ്യാം. തുടർച്ചയായി 19 വർഷമാണ് യു.എ.ഇയിൽ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. നിയമപാലനം ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥരെ പ്രത്യേക സംഘങ്ങളായി തിരിച്ച് നിരീക്ഷണത്തിനായി നിയോഗിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.