ഉച്ചവിശ്രമ നിയമം ഇന്ന് അവസാനിക്കും
text_fieldsദുബൈ: വേനൽചൂടിൽനിന്ന് പുറം തൊഴിലാളികൾക്ക് രക്ഷയേകാനായി യു.എ.ഇ മാനവവിഭവ ശേഷി, എമിറടൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ച മൂന്നു മാസത്തെ ഉച്ചവിശ്രമ നിയമം ഞായറാഴ്ച അവസാനിക്കും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയായിരുന്നു നിയന്ത്രണ കാലയളവ്. ഈ സമയങ്ങളിൽ പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഉച്ചക്ക് 12.30 മുതൽ വൈകിട്ട് മൂന്നു മണിവരെ വിശ്രമം അനുവദിക്കണമെന്നായിരുന്നു നിയമം.
സംരംഭത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി റൈഡർമാർക്ക് വിശ്രമിക്കാനായി 6,000 വിശ്രമ കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. ഈ വർഷം 99.9 ശതമാനം കമ്പനികളും നിയമം പാലിച്ചതായി മന്ത്രാലയം അറിയിച്ചു. 134,000 പരിശോധനകൾ നിയമ കാലയളവിൽ സംഘടിപ്പിച്ചതായി മന്ത്രാലയം പരിശോധന കാര്യ അസി. അണ്ടർ സെക്രട്ടറി മുഹ്സിൻ അൽ നാസി പറഞ്ഞു. 51 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
തുടർച്ചയായി ഇരുപതാം വർഷമാണ് യു.എ.ഇ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്. വിശ്രമവേളകളിൽ തൊഴിലാളികൾക്ക് വെയിലേൽക്കാത്ത സ്ഥലം ഒരുക്കി നൽകണം. ശീതീകരണ സംവിധാനം, ആവശ്യത്തിന് വെള്ളം എന്നിവ ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിർജലീകരണം തടയാനുള്ള ഭക്ഷണം, ഉപ്പ്, പ്രാഥമിക ശുശ്രൂഷക്ക് ആവശ്യമായ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കിയിരിക്കണം.
ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. നിരവധി ബോധവത്കരണ പരിപാടികളും ഇതു സംബന്ധിച്ച് മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. നമ്മുടെ തൊഴിലാളികൾ, നമ്മുടെ മുൻഗണന എന്ന സന്ദേശവുമായാണ് തൊഴിൽ മന്ത്രാലയം ഉച്ചവിശ്രമനിയമം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.