ദുബൈയിൽനിന്ന് ആഡംബര കപ്പൽയാത്ര
text_fieldsദുബൈ: ആഡംബര കപ്പൽയാത്ര ഇഷ്ടപ്പെടുന്നവർക്ക് അവസരമൊരുക്കി റിസോർട്ട് വേൾഡ് ക്രൂസ്. കമ്പനിയുടെ ഏറ്റവും പുതിയ ആഡംബര കപ്പലായ റിസോർട്ട് വേൾഡ് വണിന്റെ മിഡിലീസ്റ്റിലെ ആദ്യ ഗൾഫ് യാത്ര പ്രഖ്യാപിച്ചു. നവംബർ ഒന്നുമുതൽ കപ്പൽ ദുബൈയിൽനിന്ന് യാത്ര ആരംഭിക്കും. ഡി.പി വേൾഡിന്റെ റാശിദ് പോർട്ടിൽനിന്ന് ആഴ്ചയിൽ മൂന്ന് യാത്രകളാണുണ്ടാവുക. രണ്ട് രാത്രികൾ ഉൾപ്പെടെ സർബനിയാസ് വാരാന്ത്യ ക്രൂസ് വെള്ളിയാഴ്ച പുറപ്പെടും.
ഒമാനിൽ മൂന്ന് രാത്രി തങ്ങുന്ന ഖസബ് -മസ്കത്ത് ക്രൂസ് ഞായറാഴ്ചയും രണ്ട് രാത്രിയുള്ള ദോഹ ക്രൂസ് ബുധനാഴ്ചയും പുറപ്പെടും. ദീർഘയാത്ര ആഗ്രഹിക്കുന്നവർക്ക് ഒന്നിലധികം യാത്രകൾ ചേർന്ന് നാല്, അഞ്ച് അല്ലെങ്കിൽ ഏഴ് രാത്രികൾ ഉൾക്കൊള്ളുന്ന പാക്കേജ് തെരഞ്ഞെടുക്കാം.
ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇകണോമി ആൻഡ് ടൂറിസവുമായി (ഡി.ഇ.ടി) കൈകോർത്താണ് ആഡംബര കപ്പൽയാത്ര റിസോർട്ട് വേൾഡ് ക്രൂസ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 35 വർഷമായി ഈ മേഖലയിലുള്ള പ്രമുഖ കമ്പനിയാണ് റിസോർട്ട് വേൾഡ് ക്രൂസ്. ഗൾഫ് മേഖലയിലെ യാത്ര ലക്ഷ്യമിടുന്ന കപ്പലിൽ ഹലാൽ ഭക്ഷണം മാത്രമാണ് വിളമ്പുകയെന്ന് ഉടമകൾ അറിയിച്ചു.
കൂടാതെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ, ജെയിൻ ഭക്ഷണ രുചികളും ലഭ്യമായിരിക്കും. ക്രൂസ് ടൂറിസം രംഗത്ത് രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രകളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ദുബൈയിൽനിന്ന് പുതിയ യാത്ര ആരംഭിക്കുന്നതെന്ന് റിസോർട്ട് വേൾഡ് ക്രൂസ് പ്രസിഡന്റ് മിഷേൽ ഗോഹ് പറഞ്ഞു.
ദുബൈയിൽ നടന്ന പ്രൗഢമായ പ്രഖ്യാപന ചടങ്ങിൽ ദുബൈ ഡിപ്പാർട്മെന്റ് ഓഫ് ഇകണോമി ആൻഡ് ടൂറിസത്തിന്റെ ക്രൂസ് ടൂറിസം ആൻഡ് യോട്ടിങ് ലീഡ് തലവൻ സൗദ് മുഹമ്മദ് സഈദ് ഹരിബ്, ഖത്തർ ടൂറിസം ഡിപ്പാർട്മെന്റിന്റെ ടൂറിസം പ്രോഡക്ട് സ്പോർട്ട് തലവൻ മറിയം സൗദ്, ഒമാൻ ഹെറിട്ടേജ് ആൻഡ് ടൂറിസം മന്ത്രാലയത്തിലെ ടൂറിസം ട്രൻഡ്സ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഖാലിദ് അൽ അസ്റി എന്നിവർ പങ്കെടുത്തു.
ടിക്കറ്റ് ബുക്കിങ്ങിനായി www.rwcruises.com എന്ന വെബ്സൈറ്റിലോ enquire@rwcruises.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.