അബൂദബിയിലെ സി.എസ്.ഐ പള്ളി നിർമാണത്തിന് ഒരു കോടി രൂപ നൽകി എം.എ. യൂസുഫലി
text_fieldsഅബൂദബി: ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സി.എസ്.ഐ) അബൂദബി അബു മുറൈഖയിൽ നിർമിക്കുന്ന ദേവാലയത്തിന് അഞ്ച് ലക്ഷം ദിർഹം (ഒരു കോടി രൂപ) സഹായം നൽകി എം.എ. യൂസുഫലി. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അനുവദിച്ച 4.37 ഏക്കർ ഭൂമിയിൽ നിർമിക്കുന്ന പള്ളിക്കാണ് സഹായം നൽകിയത്. അബൂദബി സി.എസ്.ഐ. പാരിഷ് വികാരി റവ. ലാൽജി എം. ഫിലിപ്പിന് യൂസഫലി തുക കൈമാറി. സി.എസ്.ഐ മധ്യകേരള മഹാഇടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഓൺ ലൈനായി ചടങ്ങിൽ പങ്കെടുത്തു.
അബൂദബി കിരീടാവകാശി അനുവദിച്ച സ്ഥലത്ത് നിർമിക്കുന്ന ബാപ്സ് ഹിന്ദു ക്ഷേത്രത്തിന് സമീപമാണ് പള്ളിയും പണിയുന്നത്. 15,000 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന പള്ളിയിൽ 750 പേർക്ക് പ്രാർഥന സൗകര്യമുണ്ട്. ഈ വർഷം അവസാനം പൂർത്തിയാകും. യു.എ.ഇ സഹിഷ്ണതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാനാണ് ദേവാലയത്തിെൻറ ശിലാസ്ഥാപനം നിർവഹിച്ചത്.
എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളുള്ള യു.എ.ഇയിൽ വ്യത്യസ്ത മതക്കാർക്ക് സഹകരണത്തോടെ കഴിയാനുള്ള സാഹചര്യമാണ് ഭരണാധികാരികൾ ഉറപ്പ് നൽകുന്നതെന്ന് യൂസുഫലി പറഞ്ഞു. യു.എ.എ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ആവിഷ്കരിച്ച സഹിഷ്ണുതാ ആശയങ്ങളാണ് യു.എ.ഇ ഭരണകുടം പിന്തുടരുന്നത്. സാഹോദര്യത്തിെൻറയും മാനവികതയുടെയും പുതിയ മാതൃകയാണ് യു.എ.ഇ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതെന്നും യൂസുഫലി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.