മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് അവാര്‍ഡിന് ഇന്ന് തുടക്കം
text_fieldsദുബൈ: ഗള്‍ഫിലെ മിടുക്കരായ പ്രവാസി വിദ്യാര്‍ഥികളെ ആദരിക്കുന്ന മീഡിയവണ്‍ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പരിപാടിക്ക് ശനിയാഴ്ച തുടക്കമാവും. ദുബൈ അക്കാദമിക് സിറ്റിയിലെ സ്റ്റഡി വേള്‍ഡ് കാമ്പസില്‍ വൈകീട്ട് നാലിന് ആരംഭിക്കുന്ന ചടങ്ങ് ദുബൈ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ഉദ്ഘാടനം ചെയ്യും.
ദുബൈ യൂനിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഈസ മുഹമ്മദ് അല്‍ ബസ്തകി, ഖലീജ് ടൈംസ് മാനേജിങ് എഡിറ്റര്‍ ഡോ. ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, മീഡിയവണ്‍ സി.ഇ.ഒ റോഷന് കക്കാട്ട്, ഹിറ്റ് എഫ്.എം പ്രോഗ്രാമിങ് മേധാവി മിഥുന് രമേശ്, ഗായിക സുചേത സതീഷ് തുടങ്ങിയവര്‍ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്യും.
യു.എ.ഇ സ്കൂളുകളില്‍നിന്ന് പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാർഥികളെയാണ് മീഡിയവണ്‍ ആദരിക്കുന്നത്. ദുബൈ, അബൂദബി, അജ്മാന് എന്നിവിടങ്ങളിലായി ആയിരത്തിലധികം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദുബൈയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
അബൂദബിയില്‍ 22നും അജ്മാനില്‍ 29നുമാണ് പുരസ്കാരദാന ചടങ്ങുകള്‍. മൂന്നു മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. അബൂദബി യൂനിവേഴ്സിറ്റിയാണ് രണ്ടാം പുരസ്കാര വേദി. അജ്മാനില്‍ നോര്‍ത്ത് ഗ്രേറ്റ് ബ്രിട്ടീഷ് സ്കൂള്‍ ചടങ്ങിന് വേദിയാകും. യു.എ.ഇയിലെ സാമൂഹിക മേഖലയില്‍നിന്നുള്ള പ്രമുഖര്‍ വിദ്യാർഥികള്‍ക്ക് പുരസ്കാരം വിതരണം ചെയ്യും.
കേരള സിലബസ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവയില്‍ കഴിഞ്ഞ പത്താം ക്ലാസ്, പ്ലസ് ടു ഫൈനല്‍ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് കരസ്ഥമാക്കിയവരെയും 90 ശതമാനമോ അതിന് മുകളിലോ മാര്‍ക്ക് നേടിയവരെയുമാണ് പുരസ്കാരത്തിനായി പരിഗണിക്കുന്നത്.
യു.എ.ഇക്ക് പുറമെ ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലും മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരച്ചടങ്ങുകള്‍ ഈ മാസവും അടുത്ത മാസം ആദ്യത്തിലുമായി നടക്കും. സൗദി അറേബ്യയിലെ മൂന്നു നഗരങ്ങളില്‍ പുരസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞ മാസം അരങ്ങേറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.