ദുബൈ ‘മാഡം ടുസോ’യിൽ ബേനസീർ ഭുട്ടോയും
text_fieldsദുബൈ: ലോകപ്രശസ്ത മെഴുകു മ്യൂസിയമായ മാഡം ടുസോയുടെ ദുബൈ കേന്ദ്രത്തിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ പ്രതിമ അനാച്ഛാദനം ചെയ്തു. ആദ്യമായാണ് മ്യൂസിയത്തിൽ പാകിസ്താനിയായ ഒരാളുടെ പ്രതിമ സ്ഥാപിക്കുന്നത്. ദുബൈ ബ്ലൂവാട്ടേഴ്സ് ഐലൻഡിൽ സ്ഥിതിചെയ്യുന്ന മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ പ്രതിമ അനാച്ഛാദനം മകനും പാക് വിദേശകാര്യ മന്ത്രിയുമായ ബിലാവൽ ഭുട്ടോ നിർവഹിച്ചു.
12 ആഴ്ചയെടുത്താണ് പ്രതിമ രൂപപ്പെടുത്തിയത്. വ്യക്തിയുടെ ശരിയായ അളവിലും രൂപത്തിലും നിർമിക്കുന്ന പ്രതിമകൾ നിരവധി പ്രമുഖരുടെ അഭിനന്ദനം നേടിയിട്ടുണ്ട്. നിരവധി ലോകപ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളുള്ള മ്യൂസിയത്തിൽ നിരവധി സന്ദർശകരെത്താറുണ്ട്. സ്പോർട്സ്, രാഷ്ട്രീയം, ഫാഷൻ, സിനിമ, ബ്ലോഗിങ്, വിനോദം തുടങ്ങി നിരവധി മേഖലകളിലെ പ്രമുഖരുടെ പ്രതിമകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ വളയമായ ഐൻ ദുബൈയുടെ സമീപത്താണിത് സ്ഥിതിചെയ്യുന്നത്.
2021ൽ ലോകപ്രശസ്തരായ 60 പേരുടെ പ്രതിമകളുമായാണ് മ്യൂസിയം ആരംഭിച്ചത്. 200 വർഷത്തോളം പാരമ്പര്യമുള്ള മ്യൂസിയത്തിന്റെ ആസ്ഥാനം ലണ്ടനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.