45 വര്‍ഷത്തെ ഡിഫന്‍സ് സേവനത്തിനുശേഷം കോയ നാട്ടിലേക്ക്
text_fieldsഅബൂദബി: 45 വര്‍ഷം യു.എ.ഇ എയര്‍ഫോഴ്സ് ഡിഫന്‍സ് വിഭാഗത്തിലെ സേവനത്തിനുശേഷം കോയ പ്രവാസം മതിയാക്കി നാട്ടിലേക്ക്. കോഴിക്കോട് കാപ്പാട് മാടൻറവിടെ കോയ 1976 ആഗസ്റ്റ് ഒന്നിനാണ് ബോംബെയില്‍നിന്ന് കപ്പലില്‍ അഞ്ചുദിവസം യാത്ര ചെയ്ത് ദുബൈയില്‍ ഇറങ്ങിയത്. ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന എളാപ്പമാര്‍ ഷാര്‍ജ അല്‍ ഖാസിമിയ ഡിഫന്‍സ് ക്യാമ്പില്‍ കുറച്ചുദിവസം കൂടെ താമസിപ്പിച്ചു. പിന്നീട് അബൂദബിയിലേക്ക്. അബൂദബി കോര്‍ണിഷ് ഹോസ്പിറ്റല്‍ എന്‍ജിനീയറുടെ ഓഫിസില്‍ ആദ്യം ജോലിക്കാരനായി.1978ലാണ് യു.എ.ഇ ഡിഫന്‍സ് എയര്‍ഫോഴ്സില്‍ ജോലിക്കു കയറിയത്. വെയ്റ്ററായിട്ടായിരുന്നു നിയമനം. ഇക്കാലയളവില്‍ യാസ് ഐലൻറ്, സുഹാന് ക്യാമ്പ് അടക്കമുള്ള മേഖലകളില്‍ ജോലി ചെയ്തിട്ടുണ്ട്. 25 വര്‍ഷമായി ഷവാമഖ് ക്യാമ്പിലായിരുന്നു ജോലി.
പ്രവാസം അവസാനിപ്പിക്കുന്നത് വരെ ഇവിടെയായിരുന്നു കർമഭൂമി.കെ.എം.സി.സിയും ഇസ്ലാമിക് സെൻററുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിട്ടുണ്ട്. 1983 കാലയളവില്‍ കോഴിക്കോട് കാപ്പാട് ഐനുല്‍ ഹുദാ യതീംഖാന സ്ഥാപിക്കാനും നടത്തിപ്പിനുമൊക്കെയായി ഗള്‍ഫ് മേഖലയില്‍നിന്ന് ഏറെ സഹായങ്ങള്‍ ഒരുക്കിയത് കോയ അടങ്ങുന്ന സാമൂഹിക പ്രവര്‍ത്തകരായിരുന്നു. കോയയുടെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
ഭാര്യ: റാബിയ. മകള്‍: ലുബിന. നാട്ടിലെത്തിയാലും എന്തെങ്കിലുമൊക്കെ ജോലികള്‍ ചെയ്ത് കുടുംബത്തോടൊപ്പം ജീവിക്കണമെന്നാണ് കോയയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.