പൊതുപ്രവർത്തനം കടക്കാരനാക്കി; കടം തീർക്കാൻ പ്രവാസിയായി
text_fieldsരണ്ടു പതിറ്റാണ്ട് മുമ്പ് പഞ്ചായത്ത് മെമ്പറുടെ കുപ്പായമണിയുേമ്പാൾ പ്രതിമാസം 750 രൂപയായിരുന്നു പഞ്ചായത്തിൽനിന്ന് ലഭിച്ചിരുന്നത്. ഒരു പൊതുപ്രവർത്തകനെ സംബന്ധിച്ചിടത്തോളം ഈ തുകകൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ല.ഇൻഷുറൻറസ് സ്ഥാപനത്തിലെ ജോലിയിൽ നിന്ന് 40,000 രൂപ പ്രതിമാസം ലഭിച്ചിരുന്ന സമയത്താണ് മെമ്പറായത്. ഇതോടെ, ജോലിയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതായി. വരവ് കുറയുകയും ചെലവ് കൂടുകയും ചെയ്തതോടെയാണ് പ്രവാസത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങിയത്.
ഭരണസമിതിയിൽ ഒരു വർഷം ആകുന്നതിന് മുമ്പുതന്നെ വിസിറ്റിങ് വിസയിൽ യു.എ.ഇയിലെത്തി. കേരളത്തിന് പുറത്ത് മറ്റൊരു ലോകമുണ്ടെന്ന് തിരിച്ചറിഞ്ഞത് ഇവിടെ എത്തിയപ്പോഴാണ്. പിന്നീട് ഇവിടെ തെന്ന നിലയുറപ്പിക്കാൻ തീരുമാനിച്ചു. എങ്കിലും നാട്ടിലെ കാര്യങ്ങൾക്ക് ഒരു മുടക്കവും വരുത്തിയില്ല. ഇതിനിടെ നാലോ അഞ്ചോ തവണ നാട്ടിലെത്തുകയും പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. എങ്കിലും, ഗൾഫിൽ ഇരുന്ന് പഞ്ചായത്ത് കാര്യങ്ങൾ ചെയ്യുന്നത് നാടിനോട് ചെയ്യുന്ന അനീതിയാണെന്ന തിരിച്ചറിവിൽ രണ്ടര വയസ്സ് മാത്രമുള്ള മെമ്പർ സ്ഥാനം ഞാൻ രാജിവെച്ചു. ഇവിടെനിന്നാണ് രാജിക്കത്ത് നാട്ടിലേക്കയച്ചത്.
രണ്ടര വർഷത്തിനിടെ രണ്ടര പതിറ്റാണ്ടിെൻറ അനുഭവങ്ങളാണ് എനിക്ക് ലഭിച്ചത്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നിവ വഴിയാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. 1995ൽ വടക്കാഞ്ചേരി േബ്ലാക്ക് പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നെങ്കിലും നിസ്സാര വോട്ടിന് തോൽക്കേണ്ടിവന്നു. ഈ കയ്പും പേറിയാണ് അഞ്ചുവർഷങ്ങൾക്ക് ശേഷം മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എതിരാളി സി.പി.എമ്മിെൻറ ലോക്കൽ സെക്രട്ടറി ആയിരുന്നതിനാൽ മത്സരം കടുത്തതായിരുന്നു. തെരഞ്ഞെടുപ്പിന് മുേമ്പ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നതിനാൽ നാട്ടുകാർ എന്നെ അംഗീകരിച്ച് ഏറ്റെടുത്തു. നാട്ടുകാരുടെ സ്നേഹം ഏറ്റവുമധികം അറിയാനായത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ്. കുടുംബ ശ്രീ യൂനിറ്റുകൾ സജീവമാക്കിയതും പുതിയ റോഡ് തെളിച്ചതുമെല്ലാം ഇപ്പോഴും മന്സിൽ മായാതെ കിടക്കുന്നു.
ഇവിടെ എത്തിയിട്ടും തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയിട്ടില്ല. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജോയൻറ് ജനറൽ െസക്രട്ടറിയായിരുന്നു. പത്തോളം സംഘടനകളുടെ ഭാരവാഹിയാണിപ്പോൾ. നാട്ടിലായാലും ഗൾഫിലായാലും പൊതുപ്രവർത്തനമില്ലാത്തൊരു ജീവിതത്തെ കുറിച്ച് ആലോചിക്കാൻ കഴിയില്ല. ഇത്തവണയും നാട്ടിലെത്തി വോട്ട് ചെയ്യണമെന്നാണ് ആഗ്രഹം.
എന്നാൽ, നാട്ടിലെ ക്വാറൻറീനാണ് പ്രശ്നം. എന്തിനാണ് കേരളത്തിൽ മാത്രം പ്രവാസികൾക്ക് ഏഴുദിവസം ക്വാറൻറീൻ. ജനാധിപത്യത്തിൽ എല്ലാവർക്കും വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണം. അതിനാൽ പ്രവാസികൾക്കുള്ള ക്വാറൻറീൻ ഒഴിവാക്കി അവർക്ക് വോട്ട് ചെയ്യാൻ സൗകര്യമൊരുക്കണം.
വേണം പ്രവാസി മെമ്പർ അസോസിയേഷൻ
കേരളത്തിൽ ഫോർമർ പഞ്ചായത്ത് മെേമ്പഴ്സ് അസോസിയേഷൻ എന്നൊരു സംഘടനയുണ്ട്. തദ്ദേശ സ്ഥാപന മെമ്പർമാരുടെ സംഘടനയാണിത്. അതിെൻറ യു.എ.ഇ ഘടകം രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ് ഞാൻ.
ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ഐഡൻറിറ്റി കാർഡുമെല്ലാം ഈ സംഘടന നൽകുന്നുണ്ട്. പ്രവാസ ലോകത്ത് നിരവധി മുൻ മെമ്പർമാരുണ്ടെങ്കിലും പലർക്കും അസോസിയേഷെൻറ ഗുണങ്ങൾ അറിയില്ല. മറ്റ് മെമ്പർമാരെ ഇതിലേക്ക് ചേർക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
ചന്ദ്രപ്രകാശ് ഇടമന
വാർഡ്: കുണ്ടന്നൂർ
(എരുമപ്പെട്ടി, തൃശൂർ)
വർഷം: 2000-2003
പാർട്ടി: കോൺഗ്രസ്
ഭൂരിപക്ഷം: 167 വോട്ട്
ഇപ്പോൾ: യു.എ.ഇയിൽ
ഇൻഷുറൻസ് കൺസൽട്ടൻറ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.