ദുബൈയിൽ വൈദ്യുതിയെത്തിച്ച മഘൻമാൾ പഞ്ചോളിയ അന്തരിച്ചു
text_fieldsദുബൈ: വൈദ്യുതിയും വിദ്യാഭ്യാസവും കൊണ്ട് ദുബൈ സമൂഹത്തിന് വെളിച്ചമേകിയ ഇന്ത്യൻ വ്യവസായ കുലപതി മഘൻമാൾ ജതാനന്ദ് പഞ്ചോളിയ (മഘാബ) അന്തരിച്ചു. 95 വയസ്സായിരുന്നു. അവസാന ദിവസവും ഒാഫിസിലേക്ക് പോകാൻ ഒരുങ്ങവെ അനുഭവപ്പെട്ട നെഞ്ചുവേദന കലശലായി മരണം സംഭവിക്കുകയായിരുന്നു.
അറേബ്യൻ ട്രേഡിങ് ഏജൻസിയുടെ ചെയർമാനായിരുന്ന മഘാബ ദുബൈയിൽ വൈദ്യുതി എത്തിച്ച മഹാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇന്ത്യൻ സമൂഹത്തിനായി ആദ്യ സ്കൂൾ തുറന്നതും ഇദ്ദേഹമാണ്. സോനാപൂരിലെ ശ്മശാനത്തിൽ ചൊവ്വാഴ്ച വൈകീട്ട് സംസ്കാരം നടന്നു. യു.എ.ഇ സ്ഥാപിതമാകുന്നതിന് 29 വർഷം മുമ്പ് 17ാം വയസ്സിലാണ് പിതാവിെൻറ ബിസിനസിൽ സഹായിക്കാൻ പഞ്ചോളിയ ദുബൈയിൽ എത്തുന്നത്.
1957ൽ ആരംഭിച്ച ഇന്തോ അറബ് ഇലക്ട്രിസിറ്റി കമ്പനിയാണ് ദുബൈയിൽ വൈദ്യുതിവത്കരണത്തിനും ആധുനികീകരണത്തിനും ഒരളവുവരെ നിമിത്തമായത്. 1980ൽ കമ്പനി ദേശസാത്കരിക്കപ്പെട്ടു. ദുബൈ ചേംബറിലേക്ക് പഞ്ചോളിയയെ നാമനിർദേശം ചെയ്തത് ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് റാശിദ് ആൽ മക്തൂം നേരിട്ടാണ്.
ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപകനും ചെയർമാനുമായിരുന്ന പഞ്ചോളിയ ഇന്ത്യാ ക്ലബ് സ്ഥാപക ട്രസ്റ്റി, ഇന്ത്യൻ അസോസിയേഷൻ ദുബൈ ചെയർമാൻ, മെർകൈൻറൽ ഹിന്ദു കമ്യൂണിറ്റി ചെയർമാൻ എന്നീ പദവികളും വഹിച്ചു. ഇന്ത്യയിലും വിദ്യാഭ്യാസ- ആരോഗ്യ സ്ഥാപനങ്ങൾ നടത്തിവന്നിരുന്നു. യു.എ.ഇയിൽ റിയൽ എസ്റ്റേറ്റ്, ഇലക്ട്രോണിക്സ്, സ്റ്റീൽ, ലഗേജ്, വാച്ച് വ്യവസായങ്ങളാണ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.