മലയാളികളെ ചേർത്തുനിർത്തിയ മഹാനുഭാവൻ
text_fieldsമലയാളികളെ എന്നും ചേർത്തുനിർത്തിയ മഹാമനസ്കനാണ് ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂം. കേരളം എന്നൊക്കെ ദുരിതത്തിലായിട്ടുണ്ടോ, അന്നെല്ലാം അദ്ദേഹത്തിെൻറ അദൃശ്യകരങ്ങൾ മലയാളികൾക്ക് കാരുണ്യം ചൊരിഞ്ഞിട്ടുണ്ട്. ശൈഖ് ഹംദാെൻറ ജീവനക്കാരിൽ ഭൂരിപക്ഷവും മലയാളികളാണെന്നത് അദ്ദേഹത്തിെൻറ കേരളത്തോടുള്ള സ്നേഹം വെളിപ്പെടുത്തുന്നു. ജോലി നൽകുക മാത്രമല്ല, കുടുംബത്തോടൊപ്പം താമസിക്കാനുള്ള സൗകര്യവും ഒരുക്കിനൽകി. ചികിത്സക്കും വീട്ടിലെ ആവശ്യങ്ങൾക്കും മക്കളുടെ വിവാഹത്തിനും വീട് നിർമാണത്തിനുമെല്ലാം മനസ്സറിഞ്ഞ് സഹായിച്ചു.
റിട്ടയർമെൻറ് പ്രായം കഴിഞ്ഞവരെപോലും കൈയൊഴിയാതെ മരണം വരെ കൂടെ നിർത്തി. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആശുപത്രികളെയും പള്ളികളെയും കൈയയച്ച് സഹായിച്ചു. മജ്ലിസുകളിൽ മലയാളികളുൾപ്പെടെ എല്ലാവർക്കും ഇടംനൽകി. യാത്രകളിൽ മലയാളികളെയും ഒപ്പം കൂട്ടി. മറ്റുള്ളവരുടെ പ്രശ്നങ്ങളും സങ്കടങ്ങളും അനുകമ്പയോടെ കേൾക്കുകയും സഹായിക്കുകയും ചെയ്തു. ശൈഖ് ഹംദാൻ അവാർഡ് സ്വന്തമാക്കിയവരിൽ നിരവധി മലയാളി കുട്ടികളുമുണ്ട്. പ്രായഭേദമന്യേ എല്ലാവരുമായും സ്നേഹബന്ധം പുലർത്തി.
ദുബൈയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്കുപറഞ്ഞറിയിക്കാനാവില്ല. നഷ്ടമായത് ദുബൈയുടെ തൂണാണ്. ഉറച്ചതീരുമാനങ്ങളും ചിട്ടയായ ജീവിതരീതിയും പുലർത്തിയിരുന്നു. അറബ് പാരമ്പര്യം എന്നും കാത്തുസൂക്ഷിച്ചു. റമദാനായാൽ യാത്ര ഒഴിവാക്കും. മജ്ലിസുകളുമായി സജീവമാകും.കുടുംബം ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും ഒപ്പം വേണമെന്ന ആഗ്രഹമായിരുന്നു. പഴയ ആളുകളുമായി ബന്ധം നഷ്ടമാകാതെ സൂക്ഷിച്ചു.ഏതു തിരക്കിനിടയിലും അവരെ കാണാനും സംസാരിക്കാനും സമയം കണ്ടെത്തി. നല്ല വായനാശീലമുള്ളയാളായിരുന്നു. അടുത്തകാലത്ത് രാജ്യത്തിനുണ്ടായ വലിയ നഷ്ടമാണ് ശൈഖ് ഹംദാെൻറ വിയോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.