മലബാര്‍ ഗോള്‍ഡിന്‍റെ അന്താരാഷ്ട്ര ഹബ് ദുബൈയിൽ തുറന്നു
text_fieldsദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ ആസ്ഥാനമായി ദുബൈ ദേര ഗോള്‍ഡ് സൂഖില്‍ മലബാര്‍ ഇന്‍റര്‍നാഷനല്‍ ഹബ് (എം.ഐ.എച്ച്) തുറന്നു. കാബിനറ്റ് അംഗവും യു.എ.ഇ സാമ്പത്തിക വകുപ്പ് മന്ത്രിയുമായ അബ്ദുല്ല ബിന്‍ തൂഖ് അല്‍ മർറി ഉദ്ഘാടനം നിർവഹിച്ചു.
2008ല്‍ യു.എ.ഇയില്‍നിന്ന് അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡ് 30ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ദുബൈയിൽ തന്നെ ആഗോള ഹബ് തുറന്നത്. 28,000 ചതുരശ്ര അടി വിസ്തീര്‍ണത്തിൽ നാല് നിലകളിലായി വ്യാപിച്ച് കിടക്കുന്ന ഹബ് ജി.സി.സി, യു.എസ്.എ, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ഉപകരിക്കും. ബ്രിട്ടൻ, ആസ്ട്രേലിയ, കാനഡ, തുര്‍ക്കി, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ വിപുലീകരണ പദ്ധതികള്‍ ഏകോപിപ്പിക്കാനും ഹബ്ബില്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
ഇന്ത്യയും യു.എ.ഇയും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) ഒപ്പുവെച്ച പശ്ചാത്തലത്തിലാണ് യു.എ.ഇയിൽ തന്നെ ആസ്ഥാനം സ്ഥാപിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ വർഷം യു.എ.ഇയുടെ മൊത്തം എണ്ണ ഇതര കയറ്റുമതിയുടെ 32 ശതമാനവും യു.എ.ഇയിലെ സ്വര്‍ണ മേഖലയില്‍നിന്നാണ്. ആഗോള സ്വര്‍ണ കയറ്റുമതിയുടെ 8.2 ശതമാനവും യു.എ.ഇ കൈകാര്യം ചെയ്യുന്നു.
സെപ കരാർ മലബാർ ഗോൾഡ് ഉൾപ്പെട്ട സ്വർണ വ്യവസായ മേഖലക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹ്മദ് പറഞ്ഞു. സെപ കരാർ വന്നതോടെ സ്വർണം ഇറക്കുമതിയും കയറ്റുമതിയും വർധിച്ചു. പുതിയ വിപണികള്‍ കീഴടക്കുന്നതിനും നിലവിലെ വിപണികളില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുമായി ആവിഷ്കരിച്ച ‘വിഷന്‍ 2030’ ലക്ഷ്യത്തിന്‍റെ ചവിട്ടുപടിയായാണ് പുതിയ ഹബ്ബ് തുറന്നത്. ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിന് ഒപ്പംനില്‍ക്കുകയും പിന്തുണ നല്‍കുകയും ചെയ്തവർക്ക് നന്ദി അറിയിക്കുന്നതായും എം.പി. അഹ്മദ് കൂട്ടിച്ചേര്‍ത്തു.
മലബാര്‍ ഇന്‍റര്‍നാഷനല്‍ ഹബ്ബിന്‍റെ ഉദ്ഘാടനം ചരിത്ര മുഹൂര്‍ത്തമാണെന്ന് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. ബിസിനസ് അഭിവൃദ്ധി പ്രാപിക്കാന്‍ ഏറ്റവും മികച്ച കാലാവസ്ഥയാണ് യു.എ.ഇയുടേത്. സെപ കരാര്‍ ഒപ്പുെവച്ചതോടെ ഇത് പലമടങ്ങ് ശക്തിപ്പെട്ടു. പുതിയ ആഗോള ആസ്ഥാനം തുറന്നതോടെ യു.എസും ഫാര്‍ ഈസ്റ്റും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിലെ പ്രവര്‍ത്തനങ്ങൾ ദുബൈയില്‍നിന്ന് നിയന്ത്രിക്കപ്പെടുമെന്നും ഷംലാല്‍ അഹ്മദ് വ്യക്തമാക്കി.
ബ്രാന്‍ഡിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിവിധ ഘടകങ്ങളും ആവശ്യങ്ങളും പരിഗണിച്ചാണ് അത്യാധുനിക സൗകര്യങ്ങളോടെ ആസ്ഥാനം രൂപകൽപന ചെയ്തിരിക്കുന്നതെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.