സാംബിയയില്‍ 36ലക്ഷം ഭക്ഷണപ്പൊതികൾ എത്തിക്കാൻ മലബാര്‍ ഗോള്‍ഡ്
text_fieldsദുബൈ: മലബാര്‍ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി സാംബിയയിലേക്കും വ്യാപിപ്പിക്കുന്നു. സ്കൂളുകളിൽ പ്രതിവര്‍ഷം 36 ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുമെന്നാണ് മലബാര്‍ ഗ്രൂപ് അറിയിച്ചിട്ടുള്ളത്. സാംബിയയുടെ തലസ്ഥാന നഗരമായ ലുസാക്കയിലെ 6,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജോണ്‍ ലിയാങ് ബേസിക് സ്കൂളിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. ദുബൈ ഗോള്‍ഡ് സൂഖിലെ മലബാര്‍ ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഹബ്ബില്‍ നടന്ന ചടങ്ങിലാണ് മലബാര്‍ ഗ്രൂപ് പ്രഖ്യാപനം നടത്തിയത്. ചെയര്മാന് എം.പി. അഹമ്മദ്, സാംബിയ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലിമ, ദുബൈയിലെ റിപ്പബ്ലിക് ഓഫ് സാംബിയയുടെ കോണ്‍സല്‍ ജനറല്‍ പ്രഫ. എന്കോമ്പോ മുക്ക, മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി. അബ്ദുൽ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ്, ദുബൈയിലെ സാംബിയ കോണ്‍സുലേറ്റ് അംഗങ്ങള്‍, മലബാര്‍ ഗ്രൂപ്പ് സീനിയര്‍ മാനേജ്മെന്റ്, ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സാംബിയയിലെ വിദ്യാഭ്യാസ മന്ത്രാലയവുമായി ചേര്‍ന്നാണ് ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി വിപുലീകരണം ഗ്രൂപ് നടപ്പാക്കുന്നത്. ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതിയിലൂടെ ഇന്ത്യയിലെ ആയിരക്കണക്കിന് ദരിദ്രരുടെ പട്ടിണി മാറ്റാന്‍ കഴിഞ്ഞുവെന്നും പദ്ധതി സാംബിയയിലേക്ക് കൂടി വ്യാപിപ്പിക്കുമ്പോള്‍ രാജ്യത്ത് നല്ല മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു. സാംബിയയിലെ 6,000 വിദ്യാര്‍ഥികള്‍ പഠിക്കുന്ന മറ്റൊരു സ്കൂളിനെ കൂടി കണ്ടെത്തി നിർദേശിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ സ്വകാര്യ ഫണ്ടില്‍നിന്നും 10 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാന്‍ അദ്ദേഹം സന്നദ്ധത അറിയിക്കുകയും ചെയ്തു. ‘ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി’ സാംബിയയില്‍ ആരംഭിച്ചുകൊണ്ട് ആഫ്രിക്കയിലെ ക്ഷേമപ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി. അബ്ദുസ്സലാം പറഞ്ഞു.മഹത്തായ സംരംഭത്തിന് തുടക്കംകുറിച്ച മലബാര്‍ ഗ്രൂപ്പിന് ആത്മാർഥമായ നന്ദി അറിയിക്കുന്നുവെന്ന് സാംബിയ വിദ്യാഭ്യാസ മന്ത്രി ഡഗ്ലസ് സ്യകലമി പറഞ്ഞു. വിദ്യാർഥിനികളുടെ സ്കൂളുകളിലെ പങ്കാളിത്തം വര്‍ധിപ്പിക്കാനും ഈ ഉദ്യമത്തിലൂടെ സാധിക്കുമെന്ന് ഇന്റര്‍നാഷനല്‍ ഓപ്പറേഷന്‍സ് എം.ഡി ഷംലാല്‍ അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.