മലയാളം മിഷന്: നൂറാമത് പഠനകേന്ദ്രം ഉദ്ഘാടനം നാളെ
text_fieldsഅബൂദബി: ഇന്തോ-യു.എ.ഇ സാംസ്കാരിക സമന്വയ വര്‍ഷാചരണാഘോഷങ്ങളുടെ ഭാഗമായി അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ ശനിയാഴ്ച രാത്രി സാംസ്കാരിക സമ്മേളനം നടക്കും. രാത്രി എട്ടു മണിക്ക് നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് മലയാളം മിഷന് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.
സംസ്ഥാന സര്‍ക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന്റെ അബൂദബി ചാപ്റ്ററിലെ നൂറാമത്തെ പഠന കേന്ദ്രമായിരിക്കും ഇതോടെ അബൂദബിയില്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 2018 മുതല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന 20 അധ്യാപകരെ വേദിയില്‍ മന്ത്രി ആദരിക്കും.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാംസ്കാരിക ഇഴയടുപ്പം കൂടുതല്‍ ദൃഢപ്പെടുത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മുതല്‍ കേരള സോഷ്യല്‍ സെന്റര്‍ ആരംഭിച്ച ഇന്തോ-യു.എ.ഇ സാംസ്കാരിക വര്‍ഷാചരണങ്ങളുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി തുടക്കം കുറിക്കും.
സോഷ്യല്‍ സെന്റര്‍ വനിതാവിഭാഗത്തിന്റെ 2024 - 2025 പ്രവര്‍ത്തന വര്‍ഷത്തെ ഉദ്ഘാടനവും അരങ്ങേറും. തുടര്‍ന്ന് സെന്റര്‍ വനിതാവിഭാഗവും മലയാളം മിഷന് വിദ്യാർഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.