മലയാളം മിഷൻ ക്ലബിന് അജ്മാനിൽ തുടക്കം
text_fieldsഅജ്മാൻ: മലയാളം മിഷൻ ക്ലബ് അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. മലയാളം മിഷന് ഡയറക്ടര്‍ മുരുകന് കാട്ടാക്കട അധ്യക്ഷത വഹിച്ചു. മലയാളഭാഷക്ക് ആഗോളപ്രചാരം നല്‍കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ രൂപവത്കരിച്ച മലയാളം മിഷന്റെ പ്രചാരണാര്‍ഥമാണ് ക്ലബ് രൂപവത്കരിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴിലെ ആദ്യത്തെ മലയാളം ക്ലബ് കൂടിയാണ് ഹാബിറ്റാറ്റ് സ്കൂളിലേത്. മലയാളം മിഷന്റെ സര്‍ക്കാര്‍ അംഗീകൃത അജ്മാന്റെ ചാപ്റ്ററിന്റെ കീഴിലായിരിക്കും ക്ലബ് പ്രവർത്തിക്കുക.
‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന് പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കിയത്.
ഉദ്ഘാടന ചടങ്ങിന് ശേഷം മുരുകൻ കാട്ടാക്കട ക്ലബ് അംഗങ്ങളായ കുട്ടികളുമായി സംവദിച്ചു. ശേഷം അവരോടൊപ്പം സ്കൂൾ ഗ്രീൻ ഹൗസിൽ കുട്ടികൾ നട്ടുവളർത്തിയ തക്കാളി കൃഷിയിൽനിന്ന് വിളവെടുപ്പ് നടത്തുകയും ചെയ്തു. ഹാബിറ്റാറ്റ് സ്കൂളിലെ 700ഓളം വിദ്യാര്‍ഥികളാണ് ക്ലബ് അംഗങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ നൂറുദിന ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട കുട്ടി മലയാളം പദ്ധതിയുടെ ഭാഗമാണിത്.
ഭാവി തലമുറയിലെ കുട്ടികള്‍ക്ക് മാതൃഭാഷ പഠിക്കുന്നതിന് മാതൃകാപരമായ രീതിയിലാണ് മലയാളം മിഷന് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി സജി ചെറിയാന് അഭിപ്രായപ്പെട്ടു. പ്രവാസലോകത്തെ പുതുതലമുറക്ക് മലയാളഭാഷയുമായി അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലെ ഉദ്യോഗാർഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും ആരംഭിച്ച നീലക്കുറിഞ്ഞി കോഴ്സിലേക്ക് വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്കൂളിലെ മലയാളം ക്ലബിന് കഴിയുമെന്ന് മാനേജിങ് ഡയറക്ടര്‍ ഷംസു സമാന് പറഞ്ഞു.
മലയാളം മിഷന്റെ ‘നീലക്കുറിഞ്ഞി’ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് മെട്രിക്കുലേഷന്‍ നിലവാരത്തിലുള്ള ഭാഷാപരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സീനിയര്‍ ഹയര്‍ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. കുട്ടിമലയാളം സെന്ററുകള്‍ ഇക്കാര്യത്തില്‍ സഹായകരമാവുമെന്ന സര്‍ക്കാർ വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷണാര്‍ഥം യു.എ.ഇയിലും തമിഴ്നാട്ടിലും മലയാളം ക്ലബുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.
വാർത്തസമ്മേളനത്തിൽ മലയാളം മിഷൻ യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ഹാബിറ്റാറ്റ് സ്കൂൾ അക്കാദമിക്സ് സി.ഇ.ഒ സി.ടി. ആദിൽ, പ്രിൻസിപ്പൽ ബാലാ റെഡ്ഡി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.