മലയാളം മിഷൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
text_fieldsഅബൂദബി: അബൂദബി കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഇന്തോ-യു.എ.ഇ സമന്വയ സാംസ്കാരിക വർഷാചരണവും മലയാളം മിഷൻ പ്രവേശനോത്സവവും സംഘടിപ്പിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
50ലേറെ രാജ്യങ്ങളിലായി മലയാളി കൂട്ടായ്മകൾ നടത്തിക്കൊണ്ടിരിക്കുന്ന മലയാളം മിഷൻ സാംസ്കാരിക പ്രസ്ഥാനങ്ങളിൽ വെച്ച് ഏറ്റവും വലിയ ഐക്യ പ്രസ്ഥാനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തത്തിൽ വയനാട്ടിലെ ജനങ്ങളെ ചേർത്തുപിടിക്കാൻ ‘വയനാടിനൊരു ഡോളർ’ എന്ന പദ്ധതിയിലൂടെ സമാഹരിച്ചത് കേരളത്തിലെ മുഴുവൻ സാംസ്കാരിക പ്രസ്ഥാനങ്ങൾ സമാഹരിച്ച തുകയുടെ പകുതിയിലേറെ വരുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തുതന്നെ മാതൃഭാഷക്ക് വേണ്ടി സർക്കാർതലത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു പദ്ധതിയില്ല. ലോകത്തുള്ള മലയാളികളായ കുഞ്ഞുങ്ങളെ വ്യക്തിത്വവികസനമുള്ളവരായി മാറ്റിയെടുക്കാൻ മലയാളം മിഷന്റെ കീഴിൽ ‘ബാലകേരളം’ എന്നൊരു പദ്ധതിക്ക് രൂപം നൽകുന്നതിനുള്ള തയാറെടുപ്പിലാണ് സംസ്ഥാന സാംസ്കാരിക വകുപ്പെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ കേരള എസ്.സി.ഇ.ആർ.ടി റിസർച്ച് ഓഫിസർ ഡോ. എം.ടി. ശശി, മലയാളം മിഷൻ അബൂദബി ചെയർമാൻ സൂരജ് പ്രഭാകർ, യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി, സെന്റർ വനിതവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ അഞ്ചുവർഷം പൂർത്തിയാക്കിയ അധ്യാപകരെ മന്ത്രി ആദരിച്ചു.
സുഗതാഞ്ജലി ചാപ്റ്റർ തല മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. മലയാളം മിഷൻ അബൂദബി ചാപ്റ്റർ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി സ്വാഗതവും കേരള സോഷ്യൽ സെന്റർ ആക്ടിങ് ജനറൽ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.