പ്രവാസലോകത്ത് സമ്പൂര്‍ണ മാതൃഭാഷാ സാക്ഷരത പ്രഖ്യാപനത്തിന് മലയാളം മിഷന്
text_fieldsറാസല്‍ഖൈമ: പ്രവാസി മലയാളികള്‍ക്കിടയില്‍ സമ്പൂര്‍ണ മാതൃഭാഷാ പ്രഖ്യാപനത്തിന് മലയാളം മിഷന് പദ്ധതികള്‍ ആവിഷ്കരിച്ചതായി കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട. യു.എ.ഇയിലെത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. ചരിത്രത്തില്‍ മലയാളികള്‍ ഒരേ മനസ്സോടെ ആഹ്ലാദച്ചിത്തരായ സുദിനമുണ്ടെങ്കില് അത് 1991 ഏപ്രില്‍ 18 ആയിരിക്കും. ഇന്ത്യക്ക് മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്.
കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലപ്പുറത്തെ ചേലക്കോടന്‍ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടി എന്ന പ്രഖ്യാപനം നടത്തിയത്. മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറം പ്രവാസലോകത്ത് സമ്പൂര്‍ണ മാതൃഭാഷാ സാക്ഷരത പ്രഖ്യാപനം എന്ന സ്വപ്ന നേട്ടത്തിനാണ് മലയാളം മിഷന് ലക്ഷ്യമിടുന്നത്. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് കേരളം സമ്പൂര്‍ണ സാക്ഷരത പ്രഖ്യാപനം നടത്തിയത്. മലയാളം മിഷന് ചാപ്റ്ററുകള്‍ പ്രവര്ത്തിക്കുന്നയിടങ്ങളില് രണ്ടു വര്‍ഷം കൊണ്ട് ലക്ഷ്യം കൈവരിക്കുന്ന രീതിയിലാണ് സാക്ഷരത യജ്ഞത്തിന്റെ പ്രവര്‍ത്തന രൂപരേഖ.
കേരളസര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമായ സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിറ്റിയാണ് കേരളത്തെ സമ്പൂര്‍ണ സാക്ഷരതാ പദവിയിലെത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വിവിധ തുടര്‍ പ്രവര്‍ത്തനങ്ങളുമായി സാക്ഷരതാ മിഷന് കേരളത്തില്‍ സജീവമാണ്. മറുനാട്ടില്‍ കഴിയുന്ന കേരളത്തിന്റെ ഭാവിതലമുറക്ക് മലയാളത്തിന്റെ നന്മകള് പകര്ന്നുനല്കുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷന്റെ പിറവി.
കക്ഷി രാഷ്ട്രീയത്തിനതീതമായി ‘കേരളീയ സംസ്കൃതിയുടെ സംരക്ഷണ’മെന്ന ഒറ്റ വിഷയത്തില്‍ കേന്ദ്രീകരിച്ചാണ് മലയാളം മിഷന്റെ പ്രവര്‍ത്തനം. ഉപജീവനത്തിനായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും വസിക്കുന്ന മലയാളികളില്‍ മാതൃഭാഷാ സ്നേഹം പ്രോജ്ജ്വലിപ്പിക്കുക, പുതുതലമുറ ലോക സംസ്കാരങ്ങളോട് ഇടകലര്‍ന്ന് ജീവിക്കുമ്പോഴും തങ്ങളുടെ സ്വത്വം ഉറക്കെ പറയാനുള്ള ആര്‍ജവമുള്ളവരാക്കി മാറ്റുക തുടങ്ങിയ പ്രവൃത്തികളാണ് മലയാളം മിഷന് നിര്‍വഹിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളും പാഠപുസ്തകങ്ങളും സൗജന്യമാണ്. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കുടുംബിനികള്‍ ഉള്‍പ്പെടെയുള്ളവരുമാണ് അധ്യാപകര്‍. സേവന സന്നദ്ധരായവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയശേഷമാണ് മലയാളം മിഷന്റെ അധ്യാപകരായി നിയമിക്കുന്നത്.
കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍, നീലക്കുറിഞ്ഞി തുടങ്ങിയ പേരുകളിലാണ് മലയാളം മിഷന്റെ കോഴ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിലെ ആദ്യഭാഗമായ കണിക്കൊന്നയാണ് പ്രവാസലോകത്ത് സമ്പൂര്‍ണ മലയാളം സാക്ഷരതാ യജ്ഞത്തിനുള്ള സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടി പ്രത്യേക താല്പര്യമാണ് കേരള സംസ്കൃതിയുടെ സുഗന്ധം ആഗോളതലത്തില്‍ പ്രസരിപ്പിക്കാനുള്ള മലയാളം മിഷന്റെ പദ്ധതി. ഇത് നടപ്പാകുന്നതോടെ മാതൃഭാഷാ വിഷയത്തില്‍ കേരളം ലോകതലത്തില്‍ പുതുചരിതം രചിക്കുമെന്നും മുരുകന് കാട്ടാക്കട അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.