മലയാള സിനിമ ദുബൈയിലേക്ക് തിരിച്ചെത്തുന്നു
text_fieldsമലയാള സിനിമയുടെ രണ്ടാം വീടാണ് ദുബൈ. മലയാള സിനിമ ഏറ്റവും കൂടുതൽ ചിത്രീകരിച്ച വിദേശ രാജ്യം യു.എ.ഇ ആയിരിക്കും.
എന്നാൽ, കോവിഡ് എത്തി അതിർത്തികളിൽ വിലക്കേർപെടുത്തിയതോടെ മറുനാട്ടിലേക്കുള്ള മലയാള സിനിമയുടെ ഒഴുക്ക് നിലച്ചിരുന്നു. മഹാമാരിയിൽ നിന്ന് അതിവേഗം മുക്തമായ യു.എ.ഇയിലേക്ക് അതേവേഗത്തിൽ മലയാള സിനിമയും തിരിച്ചെത്തുകയാണ്. പത്തോളം മലയാള സിനിമകൾക്കാണ് യു.എ.ഇ സെറ്റ് ഒരുക്കുന്നത്. സക്കരിയയും ആഷിഫ് കക്കോടിയും തിരക്കഥയെഴുതി അമീൻ അസ്ലം സംവിധാനം ചെയ്യുന്ന മോമോ ഇൻ ദുബൈയുടെ ഷൂട്ടിങ് കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇഖ്ബാൽ കുറ്റിപ്പുറത്തിെൻറ തിരക്കഥയിൽ ലാൽ ജോസ് സംവിധാനം ചെയ്യുന്ന 'മ്യൂവു' റാസൽഖൈമയിലായിരുന്നു ചിത്രീകരണം. ദുൽഖർ സൽമാെൻറ ഏറ്റവും പുതിയ ചിത്രമായ 'കുറുപ്പി'െൻറ ഷൂട്ടിങ് 15 ദിവസം യു.എ.ഇയിൽ നടന്നു. മാത്രമല്ല, കേരളത്തിൽ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രം ഗൾഫിലെ തീയറ്റുകളിലെത്തി. ആദ്യ ദിവസം തന്നെ ദുൽഖർ കുടുംബ സമേതം ദുബൈയിൽ ചിത്രം കാണാൻ എത്തിയിരുന്നു.
സലീം അഹ്മദിെൻറ അലൻസ് മീഡിയയുടെ ബാനറിൽ നവാഗത സംവിധായകൻ താമർ കെ.വി തയാറാക്കുന്ന പുതിയ ചിത്രം പൂർണമായും യു.എ.ഇ സിനിമയായിരിക്കും. 'ആയിരത്തൊന്ന് നുണകൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം പുതുമുഖങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. ജനുവരി ആദ്യവാരം നടക്കുന്ന വർക്ഷോപ്പിലൂടെ യു.എ.ഇയിൽ നിന്ന് താരങ്ങളെ കണ്ടെത്താനാണ് തീരുമാനം. ഫെബ്രുവരിയിൽ ചിത്രീകരണം ആരംഭിക്കും. പത്തേമാരിയുടെ നിർമാണ സംഘത്തിലുണ്ടായിരുന്ന പ്രവാസികളായ അഡ്വ. ഹാഷിക് തൈക്കണ്ടി, സുധീഷ് ടി.പി എന്നിവരാണ് സഹ നിർമാതാക്കൾ. ആക്ടിങ് വർക്ഷോപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 1001nunakal@gmail.com എന്ന ഇ-മെയിലിൽ ഫോട്ടോയും പ്രൊഫൈലും അയക്കണം.
'ലൂക്ക ചുപ്പി'യുടെ സംവിധായകനും പ്രവാസിയുമായ ബാഷ് മുഹമ്മദിെൻറ ചിത്രം ഷൂട്ടിങ് പൂർത്തിയായി. സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ്, ലെന തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.
സക്കരിയ നിർമിച്ച് ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ആയിഷയുടെ ചിത്രീകരണവും യു.എ.ഇയിലാണ്. ഫെബ്രുവരിയിലാണ് ചിത്രീകരണം നടക്കുക. ആദ്യത്തെ മലയാളം- അറബിക് സിനിമ എന്ന വിശേഷണത്തോടെയാണ് 'ആയിഷ'യുടെ വരവ്. മലയാളത്തിലും അറബിയിലും ഇംഗ്ലീഷിലും ഇതര ഇന്ത്യൻ ഭാഷകളിലും റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തിനു വേണ്ടി വ്യത്യസ്തമായ പോസ്റ്റർ തയാറാക്കിയിരിക്കുന്നത് പ്രവാസിയായ അബ്ദുൽ കരീം കക്കോവാണ് (കരീം ഗ്രഫി).
ഇഖ്ബാൽ കുറ്റിപ്പുറം കഥയെഴുതി ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രവും യു.എ.ഇയിലാണ് ചിത്രീകരണം. ഖാലിദ് റഹ്മാെൻറ 'കല്ലുമാല'യുടെ കുറച്ചുഭാഗവും ദുബൈയിലുണ്ടാകും. ടൊവിനോ തോമസാണ്നായകൻ. സംവിധായകൻ എം.എ. നിഷാദും ഇർഷാദലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടൂ മെൻ' ദുബൈയിലാണ് ഷൂട്ടിങ്. ഡീ ഗ്രൂപ്പിെൻറ ബാനറിൽ ഡാർവിൻ ക്രൂസ് നിർമിക്കുന്ന സിനിമ കെ. സതീഷാണ് സംവിധാനം ചെയ്യുന്നത്. സിനിമക്ക് യു.എ.ഇ നൽകുന്ന ഇളവുകളും ഒരുക്കുന്ന സംവിധാനങ്ങളുമാണ് പ്രധാനമായും മലയാളത്തെ ഇവിടേക്ക് ആകർഷിക്കുന്നത്. സിനിമയുടെ ഉള്ളടക്കം നേരത്തെ അറബിയിലേക്ക് മൊഴിമാറ്റി നൽകണമെന്നുണ്ടായിരുന്നു. എന്നാൽ, മലയാളി ജീവനക്കാർ ഉള്ള സ്ഥലങ്ങളിൽ മൊഴിമാറ്റാത്ത തിരക്കഥകളും സ്വീകരിച്ച് അനുമതി നൽകുന്നുണ്ട്.
ഗോൾഡൻ വിസ തുണയാകും
നിരവധി മലയാള താരങ്ങൾക്ക് കുടുംബ സമേതം ഗോൾഡൻ വിസ ലഭിച്ചതും മലയാള സിനിമക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്. ഏത് സമയത്ത് വേണമെങ്കിലും മണിക്കൂറുകൾക്കുള്ളിൽ താരങ്ങൾക്ക് ഇവിടെ എത്താൻ കഴിയും. പത്ത് വർഷത്തേക്കുള്ള വിസയാണ് നൽകിയിരിക്കുന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനുമായിരുന്നു ആദ്യം ഗോൾഡൻ വിസ നൽകിയത്. പിന്നീട് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, സിദ്ദീഖ്, ആശാ ശരത്ത്, മീരജാസ്മിൻ, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, അല്ലു അർജുൻ, തൃഷ, സലീം അഹമദ്, നാദിർഷ തുടങ്ങിയവർക്കെല്ലാം വിസ ലഭിച്ചു. ഇവരുടെ കുടുംബങ്ങൾക്കും ഗോൾഡൻ വിസ ലഭിക്കുമെന്നതിനാൽ താരങ്ങൾ ദുബൈയിൽ തമ്പടിക്കുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.