ജീവനക്കാരുടെ അമ്മമാർക്കും 'ശമ്പളം' നൽകി മലയാളി വ്യവസായി
text_fieldsസ്മാർട് ട്രാവൽസ് ജീവനക്കാർക്കൊപ്പം അഫി അഹ്മദ്
ദുബൈ: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കപ്പെടുന്ന കാലത്ത് അവരുടെ അമ്മമാർക്കും 'ശമ്പളം' നൽകി ദുബൈയിലെ മലയാളി വ്യവസായി. സ്മാർട്ട് ട്രാവൽസ് ഉടമ അഫി അഹ്മദാണ് സ്ഥാപനത്തിലെ ജീവനക്കാരുടെ അമ്മമാർക്കായി സാന്ത്വന പദ്ധതി ആവിഷ്കരിച്ചത്. പ്രതിമാസം 250 ദിർഹം വീതമാണ് (5000 രൂപ) അമ്മമാരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നത്. ഇത് ജീവനക്കാരിൽ നിന്ന് ഈടാക്കില്ല.
22 ജീവനക്കാരാണ് കണ്ണൂർ സ്വദേശി അഫി അഹ്മദിെൻറ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത്. ഇതിൽ ഭൂരിപക്ഷവും മലയാളികളാണ്. പത്താം തീയതി ഇവർക്ക് ശമ്പളം നൽകുന്നതിനൊപ്പം അമ്മമാർക്കും നൽകാനാണ് 'കെയർ ഫോർ യുവർ മം' എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചത്. ഈ മാസം മുതൽ പണം അയച്ച് തുടങ്ങും. മഹാമാരിയുടെ കാലത്ത് അമ്മമാർക്ക് കൈത്താങ്ങാവുകയാണ് ലക്ഷ്യമെന്ന് അഫി പറഞ്ഞു.
അടുത്തിടെ തനിക്ക് വന്ന ഫോൺ കോളാണ് ഇങ്ങനൊരു ചിന്തയിലേക്ക് പ്രേരിപ്പിച്ചതെന്ന് അഫി പറയുന്നു. യു.എ.ഇയിൽ ജോലി ചെയ്യുന്ന യുവാവ് മാതാപിതാക്കൾക്ക് പണം അയക്കുന്നില്ലെന്നും ഉപദേശിക്കണമെന്നുമായിരുന്നു സുഹൃത്ത് ഫോൺകോളിൽ ആവശ്യപ്പെട്ടത്. യുവാവിനെ കണ്ട് ഉപദേശിക്കാൻ ശ്രമിച്ചെങ്കിലും തനിക്ക് കിട്ടുന്നത് ചിലവിന് പോലും തികയുന്നില്ലെന്നായിരുന്നു യുവാവിെൻറ മറുപടി. ഇയാളുടെ ഫേസ്ബുക്കിൽ നോക്കിയപ്പോൾ ഹോട്ടലിൽ മുറിയെടുത്ത അവധിദിനങ്ങൾ ആഘോഷമാക്കുന്നതാണ് കണ്ടത്.
ഇതേതുടർന്നാണ് അഫി ജീവനക്കാരോട് അഭിപ്രായം ചോദിച്ചത്. എല്ലാ മാസവും അമ്മമാർക്ക് പണം അയക്കാൻ എത്രപേർക്ക് കഴിയുന്നുണ്ടെന്നായിരുന്നായിരുന്നു ചോദ്യം. പലർക്കും സ്ഥിരമായി പണം അയക്കാൻ കഴിയുന്നില്ല എന്നറിഞ്ഞതോടെയാണ് അമ്മമാർക്ക് കൈത്താങ്ങാകാൻ തന്നാൽ കഴിയുന്നത് ചെയ്യാൻ തീരുമാനിച്ചത്. ആനന്ദക്കണ്ണീരോടെയാണ് പല ജീവനക്കാരും അഫിയുടെ പ്രഖ്യാപനം ഏറ്റെടുത്തത്.
ലോക്ഡൗൺ സമയത്ത് സ്ഥാപനം അടച്ചിടേണ്ടി വന്നപ്പോൾ ശമ്പളത്തിൽ ചെറിയ കുറവ് വരുത്തിയിരുന്നു. ഇത് പുനസ്ഥാപിച്ചതിനൊപ്പമാണ് അമ്മമാരുടെ സ്നേഹവായ്പുകൾ ഏറ്റുവാങ്ങുന്ന പ്രഖ്യാപനം ഉണ്ടായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.