റിതിക, റിനിത, റിഷിത: യു.എ.ഇ ക്രിക്കറ്റ് ടീമിൽ മലയാളി സഹോദരിമാർ
text_fieldsദുബൈ: യു.എ.ഇ അണ്ടർ 19 വനിത ക്രിക്കറ്റ് ടീം വെള്ളിയാഴ്ച രാവിലെ മലേഷ്യയിൽ കളിക്കാനിറങ്ങുമ്പോൾ പാഡണിയാൻ മലയാളി സഹോദരിമാരും. മുൻ കേരള ജൂനിയർ താരവും വയനാട് ബത്തേരി സ്വദേശിയുമായ രജിത്തിന്‍റെ മക്കളായ റിഷിതയും റിനിതയുമാണ് യു.എ.ഇക്കായി കളത്തിലിറങ്ങുന്നത്. മൂത്ത മകൾ റിതിക യു.എ.ഇ സീനിയർ ടീമിൽ ഇടം നേടിയതിന് പിന്നാലെയാണ് റിനിതയും റിഷിതയും അണ്ടർ 19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. റിനിത സീനിയർ ടീമിലും അംഗമാണ്. ലോകകപ്പ് യോഗ്യത മത്സരത്തിലാണ് ഇവർ ഇന്ന് കളിക്കാനിറങ്ങുന്നത്.
യു.എ.ഇയിലെ ടോപ് റാങ്കിങ്ങ് ബാഡ്മിന്റൺ താരങ്ങൾ കൂടിയാണ് 15കാരിയായ റിഷിതയും 16കാരി റിനിതയും. ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂളിലെ വിദ്യാർഥികളായ ഇവർ കോഴിക്കോട്ട് നടന്ന സംസ്ഥാന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിലും ഡബ്ൾസിലും സ്വർണമണിഞ്ഞു. കഴിഞ്ഞ മാസം ഫ്രാൻസിൽ നടന്ന സ്കൂൾ ഒളിമ്പിക്സിൽ റിനിത വെങ്കലം നേടിയിരുന്നു. നൂറിലധികം രാജ്യങ്ങൾ പങ്കെടുത്ത ടൂർണമെന്‍റിലായിരുന്നു റിനിതയുടെ മിന്നും പ്രകടനം. മാർച്ചിൽ ഒമാനിൽ നടന്ന ഗൾഫ് കപ്പ് ക്രിക്കറ്റിലാണ് റിനിതയും റിതികയും ആദ്യമായി ദേശീയ ടീമിൽ ഇടം നേടിയത്. എന്നാൽ, ഇളയമകൾ റിഷിതയുടെ അരങ്ങേറ്റ ടൂർണമെന്‍റാണ് ഇന്ന് മലേഷ്യയിൽ തുടങ്ങുന്നത്.
അസേതമയം, മുൻ കേരള രഞ്ജി താരവും കണ്ണുർ സ്വദേശിയുമായ സി.ടി.കെ. മഷൂദിന്‍റെ മകൾ ഇഷിദ സഹ്റയും യു.എ.ഇ അണ്ടർ 19 ടീമിലുണ്ട്. ദുബൈ ഇന്ത്യൻ ഹൈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ ഇഷിദ ടെല്ലിച്ചേരി ക്രിക്കറ്റ് അക്കാദമിയിലായിരുന്നു പരിശീലനം. മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം അജിത് വീരക്കൊടിയുടെയും മലയാളി കോച്ചും മുൻ യു.എ.ഇ താരവുമായ കൃഷ്ണ ചന്ദ്രയുടെയും കീഴിലാണ് പരിശീലനം. വലംകൈ ബാറ്ററാണ്.
ജൂൺ ഒമ്പത് വരെ മലേഷ്യയിലാണ് ടൂർണമെന്‍റ്. നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, തായ്ലൻഡ് എന്നിവരാണ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.