ഏകാംഗ ട്രാവലോഗുമായി മലയാളി വിഡിയോഗ്രാഫർ
text_fieldsദുബൈ: യു.എ.ഇയുടെ ഉൾപ്രദേശങ്ങളിലേക്കിറങ്ങിച്ചെന്ന് ചിത്രീകരിച്ച ട്രാവലോഗുമായി തൃശൂർ സ്വദേശി സുൽത്താൻ ഖാൻ. ഒറ്റയാനായി താൻ താണ്ടിയ സഞ്ചാരപഥങ്ങൾ സ്വന്തം കാമറയിൽ ചിത്രീകരിച്ചാണ് സുൽത്താൻ ട്രാവലോഗ് തയാറാക്കിയത്. ഇതിെൻറ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം ദുബൈ മാളിലെ റീൽ സിനിമാസിൽ നടന്നു.
ഫോട്ടോഗ്രാഫറും വിഡിയോഗ്രാഫറുമായ സുൽത്താൻ കോവിഡ് കാലത്ത് ഇഷ്ടപ്പെടുന്ന ജീവിതം എന്ന മാറ്റം ലക്ഷ്യമിട്ടാണ് കാമറയുമായി പുറത്തിറങ്ങിയത്. ഒറ്റക്കുള്ള യാത്ര ആയതിനാൽ താൻ കൂടി ഉൾക്കൊള്ളുന്ന ഫൂട്ടേജുകൾ സ്വയം ചിത്രീകരിക്കേണ്ടി വന്നുവെന്നും എന്നാൽ, പരിമിതികൾ മറികടന്ന് തെൻറ ചെറിയ സിനിമ ബിഗ് സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സുൽത്താൻ പറഞ്ഞു.
അതിനു നിക്കോൺ കാമറ വക്താക്കളോടു നന്ദി പറയുന്നു. കാലാവസ്ഥ ഒട്ടും അനുകൂലമായിരുന്നില്ല. പലപ്പോഴും ചൂടിലും ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിലും വളരെയധികം അലയേണ്ടി വന്നു. ഫ്ലാറ്റായ സൂര്യപ്രകാശവും പൊടി നിറഞ്ഞ അന്തരീക്ഷവും ഷൂട്ടിങ്ങിന് തടസ്സമായി. ഇതോടെ നേരത്തെ നിശ്ചയിച്ച സ്ക്രിപ്റ്റ് ഉപേക്ഷിച്ചു. പിന്നീട് കാലാവസ്ഥക്കും സൂര്യപ്രകാശത്തിെൻറ രീതിക്കും അനുസരിച്ച് സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വരുത്തിയെന്നും സുൽത്താൻ പറഞ്ഞു.
സുൽത്താെൻറ സഞ്ചാര സിനിമക്ക് നാല് മിനിറ്റാണ് ദൈർഘ്യം. നിക്കോൺ മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ നരേന്ദ്ര മേനോനും ആദ്യ പ്രദർശനം കാണാൻ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.