യു.എ.ഇയിലെത്താൻ വഴി തേടി മലയാളികൾ ഖത്തറിൽ
text_fieldsദുബൈ: ഖത്തറിലേക്കുള്ള യാത്രാമാർഗം തുറന്നതോടെ അതുവഴി യു.എ.ഇയിലെത്താൻ ഖത്തറിൽ എത്തിയിരിക്കുന്നത് നൂറുകണക്കിന് മലയാളികൾ. 14 ദിവസം ഖത്തറിൽ തങ്ങിയശേഷം ആദ്യ ബാച്ച് അടുത്തയാഴ്ച യു.എ.ഇയിൽ എത്തുമെന്ന് കരുതുന്നു. ഓൺ അറൈവൽ വിസ പുനഃസ്ഥാപിച്ചതോടെയാണ് യു.എ.ഇക്കാർക്ക് ഖത്തർ ഇടത്താവളമായത്. നിരവധി സൗദി, ഒമാൻ യാത്രക്കാരും ഖത്തറിൽ എത്തിയിട്ടുണ്ട്. 14 ദിവസത്തെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് ഉൾപ്പെടെ ലക്ഷം രൂപയുടെ മുകളിലാണ് പാേക്കജ്.
ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് യു.എ.ഇ ഏർപ്പെടുത്തിയ യാത്രാവിലക്ക് അനിശ്ചിതമായി നീണ്ടേതാടെ നേപ്പാൾ, ശ്രീലങ്ക, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ വഴിയായിരുന്നു പ്രവാസികൾ യു.എ.ഇയിലും സൗദിയിലും എത്തിയിരുന്നത്. എന്നാൽ, ഈ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയതോടെ അർമീനിയ, ഉസ്ബെകിസ്താൻ, ഇത്യോപ്യ തുടങ്ങിയ രാജ്യങ്ങളായിരുന്നു ആശ്രയം.
ഈ രാജ്യങ്ങളിലൂടെ ഇപ്പോഴും പ്രവാസികൾ എത്തുന്നുണ്ടെങ്കിലും അൽപംകൂടി എളുപ്പവഴി എന്ന നിലയിലാണ് ഖത്തർ തെരഞ്ഞെടുക്കുന്നത്. വാക്സിനേഷൻ നിർബന്ധമാണ്. ഖത്തറിലെ ഇഹ്തെറാസ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം.
അതേസമയം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും വാക്സിൻ എടുക്കാത്തവർക്കും ഖത്തറിലേക്ക് പ്രവേശന അനുമതിയില്ല. ഇത് പ്രവാസികളെ വലക്കുന്നുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചാലും 14 ദിവസം കഴിഞ്ഞ് മാത്രമേ യാത്രക്ക് അനുമതി ലഭിക്കൂ.
യാത്രാവിലക്ക് നീങ്ങിയതോെട ഖത്തറിലേക്കുള്ള വിമാന നിരക്കും കുത്തനെ കൂടിയിട്ടുണ്ട്. സാധാരണ 10,000 രൂപയിൽ താഴെയായിരുന്ന നിരക്ക് 25,000നു മുകളിലേക്ക് കുതിച്ചുയർന്നു.അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ദോഹയിലിറങ്ങിയ 17 മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചതും ആശങ്കക്കിടയാക്കി.
5000 റിയാൽ കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണമെന്നാണ് നിബന്ധന.ഇത് പാലിക്കാത്ത കോഴിക്കോട്ടുനിന്നെത്തിയ യാത്രക്കാരെയാണ് 10 മണിക്കൂറോളം തടഞ്ഞുവെച്ചശേഷം നാട്ടിലേക്ക് മടക്കിയയച്ചത്.
അതേസമയം, ജൂലൈ 28 വരെ ഇന്ത്യയിൽനിന്ന് യു.എ.ഇയിലേക്ക് സർവിസില്ലെന്ന് എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. 31 വരെ സർവിസ് ഉണ്ടാകില്ലെന്നാണ് ഇത്തിഹാദിെൻറ അറിയിപ്പ്.
ഖത്തർ വഴി യു.എ.ഇയിലെത്താൻ
ഓൺ അറൈവൽ വിസ വേണം
• ഖത്തറിൽ 14 ദിവസം തങ്ങണം
•റിട്ടേൺ ടിക്കറ്റ് കരുതണം (യു.എ.ഇ വിസയും ടിക്കറ്റും കാണിക്കുന്നവർക്ക് ഇളവ് നൽകുന്നുണ്ട്)
•ഖത്തർ അംഗീകരിച്ച രണ്ടു ഡോസ് വാക്സിൻ എടുക്കണം
•വാക്സിനേഷൻ പൂർത്തീകരിച്ച് 14 ദിവസം കഴിയണം
•18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല
•ഇഹ്തെറാസ് മൊബൈൽ ആപ്പിൽ രജിസ്റ്റർ ചെയ്യണം
•5000 റിയാൽ കൈവശമോ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ കരുതണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.