താജ്മഹൽ ചിത്രത്തിന് മലയാളി ഫോട്ടോഗ്രാഫർക്ക് 23 ലക്ഷത്തിന്റെ പുരസ്കാരം
text_fieldsപുരസ്കാരം നേടിയ അൻവർ സാദത്തിന്റെ ചിത്രം
അബൂദബി: താജ്മഹലിന്റെ ഫോട്ടോ പകർത്തിയ മലയാളി ഫോട്ടോഗ്രാഫർക്ക് ഒരു ലക്ഷം ദിർഹം (23.5ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ടി.എ. അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്റർ നടത്തിയ ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം നേടിയത്. മോസ്ക്സ് ആൻഡ് മസ്ജിദ് വിഭാഗത്തിലാണ് പുരസ്കാരം.
അൻവർ സാദത്ത്
കഴിഞ്ഞ ദിവസം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ നടന്ന ചടങ്ങിൽ യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസില്‍ നിന്ന് അന്‍വർ പുരസ്കാരം ഏറ്റുവാങ്ങി. സമാധാനം എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്റെ എട്ടാം പതിപ്പ് നടന്നത്.
2024ല്‍ പെരുന്നാൾ ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ ‘ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍’ എന്ന ചിത്രം അന്‍വർ പകർത്തിയത്. ഇതുൾപ്പെടെ മൂന്ന് ചിത്രങ്ങൾ മത്സരത്തിനായി നൽകി. രണ്ടെണ്ണം താജ്മഹലിന്റെയും ഒന്ന് കോഴിക്കോട് മർകസ് നോളജ് സിറ്റി മസ്ജിദിന്റേതുമായിരുന്നു. ഇതിൽ താജ്മഹലിൽ നിന്നുള്ള ഫോട്ടോക്കാണ് സമ്മാനം ലഭിച്ചത്. 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഗുരുവായൂർ സ്വദേശി അരുൺ തരകന് നരേറ്റീവ് വിഭാഗത്തിലും വളാഞ്ചേരി സ്വദേശി അബ്ദുൽ ഷുക്കൂറിന് ഡിജിറ്റൽ ആർട്ടിലും രണ്ടാം സമ്മാനമായി 50,000 ദിർഹം (11.70 ലക്ഷം രൂപ) ലഭിച്ചു.
2019ലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ മത്സരത്തില്‍ അന്‍വർ പങ്കെടുത്തിരുന്നു. ‘സഹിഷ്ണുത’ എന്നതായിരുന്നു അന്നത്തെ പ്രമേയം. ഗ്രാൻഡ് മോസ്കിന്റെ ചില ചിത്രങ്ങൾ പകർത്തി അയച്ചുകൊടുത്തെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല.
2019ന് ശേഷം 2024 ലാണ് വീണ്ടും ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ മത്സരം പ്രഖ്യാപിച്ചത്. 2023ൽ ബുർജ്മാനും ഐബ്രാൻഡ് കണക്ടുമായി ചേർന്ന് നടത്തിയ മത്സരത്തിൽ ആദ്യ മൂന്നിൽ ഒരാളും അൻവറായിരുന്നു. ബംഗളൂരുവിൽ നിന്ന് ഫോട്ടോ ജേണലിസം പൂർത്തിയാക്കിയ അൻവൻ നാട്ടിൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിചെയ്തുവരുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.