ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 2.2 കോടിയുടെ സ്കോളർഷിപ്പ് മലയാളി വിദ്യാർഥിനിക്ക്
text_fieldsദുബൈ: മികച്ച കുട്ടി സംവിധായകരെ തെരഞ്ഞെടുക്കാൻ ദുബൈയിലെ ഗ്ലോബൽ വില്ലേജ് ഒരുക്കിയ മത്സരത്തിൽ ഒന്നാമതെത്തി മലയാളി വിദ്യാർഥിനി. ദുബൈയിൽ പ്രവാസികളായ പെരിന്തൽമണ്ണ സ്വദേശി സജിൻ മുഹമ്മദിന്‍റെയും ചങ്ങനാശ്ശേരി സ്വദേശിനി നസ്റിന്റെയും ഏകമകൾ സന സജിനാണ് 10 ലക്ഷം ദിർഹം (ഏകദേശം 2.2 കോടി രൂപ) സ്കോളർഷിപ്പ് സമ്മാനമുള്ള മത്സരത്തിൽ വിജയിച്ചത്. 13 വയസുകാരിയായ സന സീനിയർ കാറ്റഗറിയിലാണ് ഒന്നാമതെത്തിയത്. ദുബൈ അവർഓൺ ഇംഗ്ലീഷ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
അഞ്ചിനും 14നും ഇടയിൽ പ്രായമുള്ളവർക്ക് വേണ്ടി ‘എന്‍റെ മികവുറ്റ അത്ഭുത ലോകം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. സ്കോളർഷിപ്പ് വിജയിക്കുന്നവർക്ക് ബ്ലൂം വേൾഡ് അക്കാദമിയിൽ പഠനം പൂർത്തിയാക്കാനുള്ള അവസരമാണ് ഒരുക്കുക. അവാർഡ് നേട്ടത്തിൽ വലിയ ആഹ്ലാദമുണ്ടെന്നും മത്സരത്തിൽ പങ്കെടുത്തത് സിനിമ മേഖലയെ കുറിച്ച് കൂടുതൽ പഠിക്കാൻ സഹായിച്ചിട്ടുണ്ടെന്നും സന സജിൻ പറഞ്ഞു.
സഹജീവികളോടുള്ള അനുകമ്പയെ വിഷയമാക്കിയാണ് ഹ്രസ്വ സിനിമ ചിത്രീകരിച്ചത്. സ്കൂൾ ബസിൽ ഒപ്പം യാത്ര ചെയ്യുന്ന ഹന്ന എന്ന കൂട്ടുകാരിയും അരുൾ എന്നയാളുമാണ് സിനിമയിൽ കഥാപാത്രങ്ങളായത്. സിനിമയുടെ കഥ രൂപപ്പെടുത്തിയതും നിർമാണത്തിന് മേൽനോട്ടം വഹിച്ചതുമെല്ലാം സന തന്നെയായിരുന്നു.
സിനിമ മേഖലയിൽ മുൻപരിചയമില്ലാത്ത സന, പിതാവിനൊപ്പം വിവിധ സിനിമ സെറ്റുകൾ സന്ദർശിച്ച അനുഭവമാണ് തുണയായതെന്ന് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. സിനിമാ അഭിനേതാവും നിർമാതാവുമാണ് പിതാവ് സജിൻ. യു.എ.ഇയിൽ ചിത്രീകരണം പൂർത്തിയായ ‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ‘നീല വെളിച്ചം’ എന്ന ആശിഖ് അബു ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറുമാണ്.
ജൂനിയർ (5 മുതൽ 10 വയസ്സ് വരെ), സീനിയർ (11 മുതൽ 14 വയസ്സ് വരെ) വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. നിരവധി അപേക്ഷകളിൽ നിന്നാണ് രണ്ട് വിഭാഗത്തിലെയും വിജയികളെ കണ്ടെത്തിയത്. ദുബൈ ഫിലിം ആൻഡ് ടി.വി കമീഷൻ ഓപ്പറേഷൻസ് ഡയറക്ടർ സഈദ് അൽജാനാഹി, ബ്ലൂംവേൾഡ് അക്കാദമി പ്രിൻസിപ്പൾ ജോൺ ബെൽ, നടി നൈല ഉഷ, ഇമാറാത്തി സംവിധായിക നഹ്ല അൽ ഫഹ്ദ്, റേഡിയോ അവതാരക ഹെലെൻ ഫാർമർ എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് വിധിനിർണയിച്ചത്. കസാഖ്സ്താനിൽ നിന്നുള്ള ദമ്പതികളുടെ മകനായ മാർക് മിറ്റ് എന്ന ഒമ്പതു വയസുകാരനാണ് ജൂനിയർ വിഭാഗത്തിൽ വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.