മാരത്തണിൽ കോട്ടും സ്യൂട്ടും അണിഞ്ഞോടി മലയാളി
text_fieldsഅബൂദബി: റെക്കോഡ് പങ്കാളിത്തത്തോടെയാണ് ഇത്തവണത്തെ അഡ്നോക് അബൂദബി മാരത്തണിന് കൊടിയിറങ്ങിയത്. 31,800ലേറെ പേർ പങ്കെടുത്ത മാരത്തണില്‍ മൂവായിരത്തോളം പേരാണ് 42.1 കിലോമീറ്റര്‍ എന്ന ഫുള്‍ മാരത്തണ്‍ പൂർത്തിയാക്കിയത്. അതിലൊരാള്‍ കോര്‍പറേറ്റ് ജീവനക്കാരന്റെ വേഷം ധരിച്ച മലയാളിയായിരുന്നു. അഡ്നോക് ജീവനക്കാരനായ സാദിഖ് അഹമ്മദായിരുന്നു വേറിട്ട വേഷത്തില്‍ മാരത്തണില്‍ പങ്കെടുത്തത്. ജീവനക്കാര്‍ ആരോഗ്യമുള്ളവരായിരിക്കണമെന്ന പ്രചോദനം പകരാനാണ് ജോലിത്തിരക്കിനിടയിലും താനീ വേഷത്തില്‍ ഫുള്‍ മാരത്തണില്‍ പങ്കെടുത്തതെന്ന് സാദിഖ് പറഞ്ഞു.
പലരും പറയുന്നു വ്യായാമം ചെയ്യാന്‍ പോലും സമയമില്ലെന്ന്. മുന്‍ഗണനകള്‍ നിശ്ചയിക്കുന്നതിലാണ് കാര്യമെന്ന് അവര്‍ക്ക് കാണിച്ചുകൊടുക്കാനാണ് താനിറങ്ങിയതെന്നും ഈ 34കാരന് പറഞ്ഞു.
2018ല്‍ ഏകനായി ബാക്ക് പാക്കിങ് ട്രിപ് നടത്തിയിട്ടുള്ളയാളാണ് സാദിഖ്. അന്ന് ദിവസവും 20 മുതല്‍ 25 കിലോമീറ്റര്‍ ദൂരം വരെയാണ് സാദിഖ് നടന്നുതീര്‍ത്തത്. ആ അനുഭവത്തില്‍ നിന്നാണ് പിന്നീട് നടത്തവും ഓട്ടവുമൊക്കെ ജീവിതത്തിന്റെ ഭാഗമായി ചേര്‍ത്തുപിടിച്ചത്. ഇതുവരെ 25 ഫുള്‍ മാരത്തണുകളും നൂറിലേറെ ഹാഫ് മാരത്തണുകളും സാദിഖ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ന്യൂയോര്‍ക് വേള്‍ഡ് മേജര്‍ മാരത്തണില്‍ യു.എ.ഇയുടെ പതാക വാഹകനായും സാദിഖ് പങ്കെടുക്കുകയുണ്ടായി. 2019ലായിരുന്നു ആദ്യ ഫുള്‍ മാരത്തൺ. 2022ലെ അബൂദബി മാരത്തണില്‍ തൊഴിലിടത്തെ സുരക്ഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹെല്‍മറ്റും മറ്റും ധരിച്ചായിരുന്നു സാദിഖ് പങ്കെടുത്തത്. യു.എ.ഇയുടെ അമ്പതാം ദേശീയ ദിനത്തില്‍ 50 കിലോമീറ്റര്‍ നിര്‍ത്താതെ ഓടിയും സാദിഖ് തന്റെ യു.എ.ഇ പ്രേമം വെളിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.