വികസന കുതിപ്പില്‍ മലീഹ; ശ്രദ്ധേയമായി സൂക്ക് ആല് ജുമാ
text_fieldsഷാര്‍ജ: ഷാര്‍ജയുടെ പൗരാണിക കാലഘട്ടത്തെ കുറിച്ച് നിരവധി ചരിത്രപരമായ അറിവുകള്‍ പകര്‍ന്ന പ്രദേശമാണ് മലീഹ. ഇവിടെ പുരാവസ്തു ശാസ്ത്രജ്ഞന്മാരും ചരിത്രാന്വേഷകരും നടത്തിയ ഉദ്ഖനനങ്ങളില്‍ ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തിലെ നിരവധി ചരിത്ര ശേഷിപ്പുകളാണ് കണ്ടെത്തിയത്. മണ്‍കൂനകള്‍ക്കടിയില്‍ മറഞ്ഞ് കിടന്നിരുന്ന കൊട്ടാര അവശിഷ്ടങ്ങളും മറ്റും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ന് മലീഹ പ്രദേശം വെറും ചരിത്ര നഗരമല്ല. വേഗത്തില്‍ വികസിക്കുന്ന പട്ടണമാണ്. ഒരു കാലത്ത് പൂഴിപ്പരപ്പുകള്‍ മാത്രം കണ്ടിരുന്ന വഴിയോരങ്ങളില്‍ ഇന്ന് നിരവധി കച്ചവട കേന്ദ്രങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. പ്രദേശത്തിെൻറ പൗരാണിക ഖ്യാതിക്ക് തെല്ലും പോറലേല്‍ക്കാതെയുള്ള നിര്‍മിതികളാണ് എല്ലാം. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ സൂക്ക് അല്‍ ജുമായുടെ സാന്നിധ്യം പ്രദേശത്തിന് തിളക്കം കൂട്ടിയിട്ടുണ്ട്. മലീഹയിലെ ജനവാസ മേഖലകള്‍ പട്ടണത്തില്‍ നിന്ന് മാറിയാണ് സ്ഥിതിചെയ്യുന്നത്. ബദുവിയന്‍ രീതിയാണിത്. മരുക്കാടിെൻറ മധ്യത്തിലാണ് ബദുക്കള്‍ പാര്‍പ്പിടങ്ങള്‍ ഒരുക്കുക. ഗാഫ് മരങ്ങളും മണ്‍കൂനകളും മേഞ്ഞ് നടക്കുന്ന മൃഗങ്ങളും വീടുകള്‍ക്ക് ചുറ്റും വേണമെന്നതാണ് ബദുവിയന്‍ രീതി.
മലീഹയുടെ ഉള്‍തുടിപ്പുകളിലേക്ക് പോയാല്‍ ഇത് കാണാന്‍ സാധിക്കും. പരമ്പരാഗത രീതിയിലുള്ള ഈ കച്ചവട കേന്ദ്രത്തിനോട് ചേര്‍ന്നാണ് വില്‍പ്പനക്കും സുരക്ഷക്കും ആളില്ലാത്ത സ്വദേശി പ്രമുഖന് സാലിം സുല്‍ത്താന്‍ ആല് ഖായിദിയുടെ പഴം-പച്ചക്കറി വിപണി. ഈന്തപ്പനയുടെ തടിയും ഓലയും കൊണ്ട് തീര്‍ത്ത ഈ സ്ഥാപനത്തിന് വാതിലോ, പണപ്പെട്ടിക്ക് കാവലോയില്ല. സ്വന്തം തോട്ടത്തില്‍ നിന്ന് വിളവെടുത്ത പച്ചക്കറികളും പഴങ്ങളുമാണ് ഇവിടെ വില്പ്പനക്കുള്ളത്. കടയുടെ പുറത്ത് ഇങ്ങനെ വായിക്കാം 'ഞങ്ങള്‍ യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിെൻറ ശിഷ്യന്മാരാണ്. രാജ്യത്തേയും രാജ്യത്ത് എത്തുന്നവരെയും സ്നേഹിക്കാനാണ് അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചത്'. സന്ദര്‍ശകര്‍ക്ക് സായിദ് വര്‍ഷത്തില്‍ അദ്ദേഹത്തിെൻറ സന്ദേശം എത്തിക്കാനും സാലിം സുല്‍ത്താന്‍ ശ്രദ്ധിക്കുന്നു. മദാം- ഹത്ത പാത ഗള്‍ഫ് രാജ്യക്കാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ മലീഹ റോഡില്‍ വാഹനങ്ങള്‍ ഏറിയതും ഇവിടെയുള്ള കച്ചവടക്കാര്‍ക്ക് പുത്തനുണര്‍വാണ് നല്‍കിയിരിക്കുന്നത്.
കച്ചവട താവളങ്ങള്‍ കണ്ടെത്താന്‍ ഇവിടേക്ക് നിരവധി പേരെത്തുന്നു. കച്ചവടക്കാരിലേറെയും മലയാളികള്‍ തന്നെ. പഴയ റോഡ് വേരോടെ പിഴുത് കളഞ്ഞ് പുതിയ റോഡ് വന്നതും മേഖലക്ക് ഉണര്‍വ് പകര്‍ന്നിട്ടുണ്ട്. സര്‍വീസ് റോഡുകള്‍ വന്നതോടെ വാഹനങ്ങള്‍ നിർത്താനുള്ള പ്രയാസവും അകന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം മലീഹ റോഡിലെ വേഗപരിധി മണിക്കൂറില്‍ 100 കിലോമീറ്റര്‍ എന്നത് മാറ്റി 120 ആക്കിയിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഏറെ ശ്രദ്ധിക്കേണ്ട പ്രദേശമാണിത്. നിരവധി അപകട മരണങ്ങള് മലീഹ റോഡില്‍ നടന്നിട്ടുണ്ട്. ഖത്തം, ഹംദ, ഖയിദറ തുടങ്ങിയ ജനവാസ മേഖലകള്‍ ശ്രദ്ധേയമാണ്. മലീഹ പരമ്പരാഗത ഗ്രാമത്തില്‍ നിരവധി പരിപാടികള്‍ നടക്കാറുണ്ട്. നിറയെ സുഷിരങ്ങളുള്ള ഫോസില്‍ റോക്കിലൂടെ കടന്ന് വരുന്ന കാറ്റിെൻറ ശബ്ദത്തിൽ അയാല പാട്ടിെൻറ ഈണമുള്ളതായി തോന്നും.
മലീഹയുടെ ഉള്‍ഭാഗങ്ങളെല്ലാം ഒട്ടും തനിമ മങ്ങാതെ കാക്കാന്‍ ഷാര്‍ജ ഏറെ ശ്രദ്ധചെലുത്തുന്നുണ്ട്. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമി ഇടക്കിടെ മേഖലയില്‍ സന്ദര്‍ശനം നടത്താറുണ്ട്. മരുഭൂ തിയറ്റര്‍ ഉത്സവം മലീഹയിലെ സാംസ്കാരിക പരിപാടിയില്‍ പ്രത്യേകതയുള്ളതാണ്. മരുഭൂമിയുടെ ആരും പറയാത്ത കഥകളാണ് നാടകങ്ങളായി അവതരിപ്പിക്കുക. വേദിയുടെ പരിമിതികളില്ലാത്തതിനാല്‍ മരുഭൂ ജീവിതം അപ്പടി പറയാന്‍ സാധിക്കുന്നതാണ് നാടകങ്ങളുടെ പ്രത്യേകത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.