മലീഹയിലെ ഗോതമ്പുകൃഷി; രണ്ടും മൂന്നും ഘട്ടം ഒരുമിച്ച്
text_fieldsഷാർജ: മലീഹയിൽ വിജയകരമായി നടപ്പാക്കി അഭിമാനമായിത്തീർന്ന ഗോതമ്പു കൃഷിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ ഒരുമിച്ച് നടപ്പാക്കും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് രണ്ടു ഘട്ടങ്ങൾ സംയുക്തമായി നടപ്പാക്കുന്നതിന് നിർദേശിച്ചത്. ഏഴ് കതിരുകൾ എന്നർഥമുള്ള അറബിപദമായ ‘സബ്അ സനാബിൽ’എന്നപേരിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതിയിലെ ആദ്യഘട്ട വിളവെടുപ്പിൽ ലഭിച്ച ഗോതമ്പ് ഇതിനകം വിറ്റു പോയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ 1900 ഹെക്ടർ വിസ്തൃതിയിൽ നടക്കുന്ന രണ്ടും മൂന്നും ഘട്ടത്തിലെ കൃഷി ഒരുമിച്ച് നടപ്പാക്കാൻ തീരുമാനിച്ചത്. ഷാർജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി സംപ്രേഷണം ചെയ്ത ‘ഡയറക്ട് ലൈൻ’പ്രോഗ്രാമിൽ കൃഷി, കന്നുകാലി വകുപ്പ് ചെയർമാൻ ഡോ. എൻജിനീയർ ഖലീഫ മുസ്ബാഹ് അൽ തുനൈജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിപണിയുടെ ആവശ്യകതയനുസരിച്ച് കൂടുതൽ ഗോതമ്പ് ഉൽപാദിപ്പിക്കാൻ ഷാർജ ഭരണാധികാരി അടിയന്തര നിർദേശം നൽകിയതായി അദ്ദേഹം വെളിപ്പെടുത്തി.
മലീഹയിൽ വലിയ മുന്നൊരുക്കത്തോടെ നടത്തിയ കൃഷിയുടെ ആദ്യ വിളവെടുപ്പ് ശൈഖ് ഡോ. സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ മാസമാണ് നടന്നത്. 400 ഹെക്ടർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ ഗോതമ്പ് വിളയിച്ചത്.
ഷാർജ നഗരത്തിൽ നിന്ന് 70 കിലോമീറ്റർ അകലെ മലീഹയിലെ ഗോതമ്പ് പാടത്ത് നവംബർ അവസാനത്തിലാണ് വിത്തിറക്കിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചന സംവിധാനം ഉപയോഗിച്ചാണ് കൃഷി ചെയ്തത്. നാലു മാസത്തിനകമാണ് ആദ്യ വിളവെടുപ്പ് പൂർത്തിയായത്. കീടനാശിനികളോ രാസവസ്തുക്കളോ ജനിതകമാറ്റം വരുത്തിയ വിത്തുകളോ ഉപയോഗിക്കാതെയാണ് കൃഷി.
വിളവെടുപ്പിനുശേഷം, ഗോതമ്പ് ഭക്ഷ്യയോഗ്യമാക്കുന്നതിന് മില്ലുകളിലേക്ക് അയക്കുകയും പാക്കറ്റ് രൂപത്തിൽ ഷാർജ കോഓപറേറ്റിവ് സ്റ്റോറുകൾ വഴി വിൽക്കുകയും ചെയ്തിരുന്നു. ഷാർജ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. വർഷം 1.7 ദശലക്ഷം മെട്രിക് ടൺ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.