വിമർശനങ്ങൾ എന്നത് പരിഹാസങ്ങളാകരുത് -മമ്മൂട്ടി
text_fieldsദുബൈ: വിമർശനങ്ങൾ എന്നത് പരിഹാസങ്ങളാകരുതെന്നും അതിരുവിട്ട് പോകുന്നിടത്താണ് പ്രശ്നമെന്നും മമ്മൂട്ടി. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനായി ദുബൈയിലെത്തിയ മമ്മൂട്ടി വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അവലോകനങ്ങൾക്ക് നല്ലവശവും മോശം വശങ്ങളുമുണ്ട്. ഒരു സിനിമയെ പറ്റിയും അവകാശവാദം ഉന്നയിക്കാനില്ല. നമ്മൾ വലിയ ഗീർവാണം അടിച്ചാലും തിയറ്ററിൽ പോകുമ്പോൾ ഒന്നുമില്ലെങ്കിൽ പ്രേക്ഷകർ കൈയൊഴിയും. പ്രേക്ഷകർ സ്വീകരിക്കുന്ന കാലത്തോളം സിനിമ മാറിക്കൊണ്ടിരിക്കും. താൻ വഴിമാറി സഞ്ചരിക്കുകയല്ല. ഇതായിരുന്നു യഥാർഥ വഴി. ഓസ്കറിന്റെ മാനദണ്ഡങ്ങളാണ് മലയാള സിനിമക്ക് മുന്നിലുള്ള തടസ്സം. ഓസ്കറിന് മത്സരിക്കുന്നത് കൂടുതലും ഇംഗ്ലീഷ് സിനിമകളാണ്. നമുക്ക് മത്സരിക്കാവുന്നത് ബെസ്റ്റ് ഫോറിൻ ഫിലിം എന്ന വിഭാഗത്തിലാണ്.
ജനറൽ കാറ്റഗറിയിൽ പരിഗണിക്കാറുണ്ടെങ്കിലും അപൂർവമാണ്. നമ്മൾ എന്തിനാണ് ഓസ്കറിനെ മാനദണ്ഡമാക്കി വിലയിരുത്തുന്നത് എന്നത് ചർച്ചചെയ്യേണ്ട വിഷയമാണ്. ക്രിസ്റ്റഫറിൽ പൊലീസുകാരന്റെ റോളിലാണ്. സ്ത്രീകഥാപാത്രങ്ങൾക്ക് മികച്ച പ്രാധാന്യം നൽകുന്ന സിനിമയാണിത്. സിനിമ കാണുന്നവരെല്ലാം സിനിമയുടെ ഫാൻസാണെന്നും എല്ലാവർക്കും വേണ്ടിയുള്ള സിനിമയാണിതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ചിത്രത്തിലെ റോൾ ചോദിച്ചുവാങ്ങിയതാണെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. എപ്പോഴും സ്ഫുടം ചെയ്തെടുക്കുന്ന അഭിനയമാണ് മമ്മൂട്ടിയുടേതെന്ന് നടി സ്നേഹ അഭിപ്രായപ്പെട്ടു. നടി രമ്യ സുരേഷ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയർമാൻ അബ്ദുൽ സമദ്, ആർ.ജെ സൂരജ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.